ഇന്ത്യൻ ടീം മാനേജ്‌മെന്റ് കളിക്കാരെ അരക്ഷിതരാക്കിയെന്നും വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് വൃദ്ധിമാൻ സാഹയെയും റിഷഭ് പന്തിനെയും മാറ്റിക്കളിപ്പിക്കുന്നക് രണ്ട് വിക്കറ്റ് കീപ്പർമാരോടും ചെയ്യുന്ന അന്യായമാണെന്നും മുൻ ഓപ്പണർ ഗൗതം ഗംഭീർ.
ആദ്യ ടെസ്റ്റിലെ ബാറ്റിംഗ് ഫോം മോശമായതിന്റെ പേരിൽ ഓസീസുമായുള്ള മെൽബൺ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ നിന്ന് സാഹയെ ഒഴിവാക്കിയിരുന്നു. വെള്ളിയാഴ്ചയാണ് ബോക്സിംഗ് ഡേ ടെസ്റ്റിൽ നിന്ന് സാഹയെ ഒഴിവാക്കിയത്. അടുത്ത രണ്ട് കളികളിൽ പന്തും പരാജയപ്പെട്ടാൽ ടീമിന്റെ തിങ്ക്-ടാങ്ക് പന്തിനോട് അങ്ങനെ ചെയ്യുമോ എന്ന് ഗംഭീർ ചോദിച്ചു.
“ഇത് ദൗർഭാഗ്യകരമാണ്, വൃദ്ധിമാൻ സാഹ ഈ പരമ്പരയിൽ ഒരു ടെസ്റ്റ് മത്സരം മാത്രമാണ് കളിച്ചിട്ടുള്ളത്, അദ്ദേഹത്തിന് മികച്ച പ്രകടനം നടത്താൻ കഴിയുന്നതിന് മുൻപ് അദ്ദേഹത്തെ ഒഴിവാക്കിയിരിക്കുകയാണ്,” ഗംഭീർ പറഞ്ഞു.
Read More: അരങ്ങേറ്റത്തിനൊരുങ്ങി സിറാജും ഗില്ലും; റിഷഭ് പന്തും ജഡേജയും രണ്ടാം ടെസ്റ്റ് ടീമിൽ
“ഈ ടെസ്റ്റിലോ മൂന്നാം ടെസ്റ്റിലോ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കിൽ പന്തിന് എന്ത് സംഭവിക്കുമെന്ന് സങ്കൽപ്പിക്കുക. അപ്പോൾ നിങ്ങൾ എന്തുചെയ്യും? നിങ്ങൾ വൃദ്ധിമാൻ സാഹയിലേക്ക് തിരിച്ചെത്തുമോ,” യൂട്യൂബ് ചാനലായ‘ സ്പോർട്സ് ടുഡേ’യിൽ ഗംഭീർ ചോദിച്ചു.
വാക്കുകളാൽ മാത്രമല്ല പ്രവർത്തികളിലൂടെയും കളിക്കാരെ സുരക്ഷിതരാക്കണം, എന്നാൽ അതിൽ ഇപ്പോഴത്തെ ടീം മാനേജ്മെന്റ് പരാജയപ്പെട്ടിരിക്കുകയാണെന്ന് ഗംഭീർ പറഞ്ഞു.
“ആരും സുരക്ഷിതരല്ലാത്തതിനാലാണ് ഈ ടീം ക്രമരഹിതമായി കാണപ്പെടുന്നത്. പ്രൊഫഷണൽ സ്‌പോർട്‌സ് എന്നതിൽ സുരക്ഷ പ്രധാനമാണ്. രാജ്യത്തെ പ്രതിനിധീകരിക്കുമ്പോൾ എല്ലാവർക്കും കഴിവുകളുണ്ട്,” ഗംഭീർ പറഞ്ഞു.
“അവർക്ക് വേണ്ടത് സുരക്ഷയും സംരക്ഷണവുമാണ്. വാക്കുകളിലൂടെ മാത്രമല്ല പ്രവർത്തനത്തിലൂടെയും നിങ്ങളെ പിന്തുണയ്ക്കാൻ ഞങ്ങൾ അവിടെ ഉണ്ടെന്നുള്ള ഉറപ്പാണത്,” ഗംഭീർ പറഞ്ഞു.
Read More: ഇന്ത്യൻ ടീമിൽ നടരാജന് ഇല്ലാത്ത സൗകര്യമാണ് കോഹ്‌ലിക്ക്: സുനിൽ ഗവാസ്കർ
ഇന്ത്യയൊഴികെ മറ്റാരും വ്യവസ്ഥകളെ അടിസ്ഥാനമാക്കി വിക്കറ്റ് കീപ്പർമാരെ മാറ്റമാറ്റി കളിപ്പിക്കില്ലെന്നും ഗംഭീർ പറഞ്ഞു.
“വാസ്തവത്തിൽ, റിഷഭ് പന്തിനോടും വൃദ്ധിമാൻ സാഹയോടും വളരെക്കാലമായി അന്യായമാണ് കാണിക്കുന്നത്. അവർ വ്യവസ്ഥകളെ അടിസ്ഥാനമാക്കി കളിക്കാരെ തിരഞ്ഞെടുക്കുകയും ചെയ്യുന്നു. വിക്കറ്റ് കീപ്പർമാരോട് നിങ്ങൾ അത് ചെയ്യരുത്. നിങ്ങൾ അത് ബൗളർമാരോടാണ് അത് ചെയ്യേണ്ടത്, ”അദ്ദേഹം പറഞ്ഞു.
“വിദേശ സാഹചര്യങ്ങളിൽ, നിങ്ങൾ രണ്ട് സ്പിന്നർമാരെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ കളിപ്പിക്കുന്നുവെങ്കിൽ, അത് മനസ്സിലാക്കാവുന്നതേയുള്ളൂ.. എന്നാൽ ലോകത്തിലെ മറ്റ് ടീമുകളിൽ ഏതാണ് അവസ്ഥയെ അടിസ്ഥാനമാക്കി വിക്കറ്റ് കീപ്പർമാരെ മാറ്റാറുള്ളത്. ഇന്ത്യയല്ലാതെ മറ്റാരുമില്ല,” ഗംഭീർ പറഞ്ഞു,
ഒരു കീപ്പർ ഹോം മത്സരങ്ങൾക്കും മറ്റൊരു കീപ്പർ എവേ മത്സരങ്ങൾക്കും എന്ന വാദത്തെയും ഗംഭീർ തള്ളി.
“റൊട്ടേഷനുമായി ബന്ധപ്പെട്ട ഈ സിദ്ധാന്തത്തിൽ ഞാൻ ഒരിക്കലും വിശ്വസിച്ചിട്ടില്ല, വൃദ്ധിമാൻ സാഹ ഹോം മത്സരങ്ങളിൽ മാത്രം നല്ലതാണെന്നും റിഷഭ് പന്ത് വിദേശത്ത് മികച്ചതാണെന്നുമുള്ളതിൽ. കാരണം അത് നല്ല ടീമുകൾക്ക് യോജിക്കുന്നതല്ല,” ഗംഭീർ പറഞ്ഞു.
“നിങ്ങൾ ഇന്ത്യൻ അവസ്ഥയിൽ മികച്ച ആളാണെങ്കിൽ, വിദേശ സാഹചര്യങ്ങളിലും അത് പുറത്തെടുക്കേണ്ടതുണ്ട്. അദ്ദേഹം അത് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നത് അപ്രസക്തമാണ്,” ഗംഭീർ പറയുന്നു.