ലോകത്തിലെ മികച്ച രണ്ട് ടീമുകളായ ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കുമെതിരെ നേടിയ കൂറ്റന്‍ വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് മുഖ്യപരിശീലകനായ രവി ശാസ്ത്രി. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാവുന്ന സീസണായിരുന്നുവെന്നാണ് ശാസ്ത്രി തന്റെ ടീമിന്റെ പ്രകടനത്തിനെക്കുറിച്ച് പറഞ്ഞത്.
ട്വിറ്ററിലൂടെയായിരുന്നു ശാസ്ത്രി ടീമിനെ പ്രശംസിച്ചത്. “ഈ ദുരിതസമയത്ത് വെല്ലുവിളികള്‍ക്ക് നടുവില്‍ ലോകത്തിലെ മികച്ച രണ്ട് ടീമുകള്‍ക്കെതിരെ ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാവുന്ന പ്രകടനം കാഴ്ചവച്ചതിന് അഭിനന്ദനങ്ങള്‍,” ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചു.
ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പര നഷ്ടമായെങ്കിലും ട്വന്റി 20, ടെസ്റ്റ് പരമ്പരകള്‍ നേടി ഇന്ത്യ ചരിത്രപരമായ നേട്ടം കൈവരിച്ചിരുന്നു. നായകന് വിരാട് കോഹ്ലിയുടെ അഭാവത്തിലായിരുന്നു ടീമിന്റെ ഓസീസ് മണ്ണിലെ ജൈത്രയാത്ര. അതിന് ശേഷമാണ് നിലവിലെ ലോകചാമ്പ്യന്മാരെയും നീലപ്പട തറപറ്റിച്ചത്.
ടെസ്റ്റ് പരമ്പര ആധികാരികമായി നേടാനായെങ്കിലും ട്വന്റി 20യിലും ഏകദിനത്തിലും ഇംഗ്ലണ്ടുമായി ത്രില്ലര്‍ പോരാട്ടമായിരുന്നു. ഏകദിന പരമ്പരയിലെ നിര്‍ണായകമായ അവസാന മത്സരത്തിന്റെ ആവേശം അവസാന ഓവറുവരെ നീണ്ടുനിന്നു. ഒടുവില്‍ ഏഴ് റണ്‍സിന് ഇന്ത്യ ജയം പിടിച്ചെടുത്തു. ട്വന്റി 20യില്‍ പരാജയപ്പെട്ട ഓപ്പണര്‍ ശിഖര്‍ ധവാന്റെയും കെ.എല്‍.രാഹുലിന്റേയും തിരിച്ചുവരവിനും പരമ്പര സാക്ഷ്യം വഹിച്ചു.
Read More: India vs UAE Match Preview: ഇന്ത്യ – യുഎഇ മത്സരം ഇന്ന്. എങ്ങനെ കാണാം?
കഴിഞ്ഞ ഐപിഎല്‍ സീസണ് മുതല്‍ കോവിഡ് മൂലം ബയോ ബബിളിന്റെയടക്കം നിരവധി വെല്ലുവിളികളാണ് താരങ്ങള്‍ നേരിട്ടത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുമ്പ് ഏഴ് ദിവസം മാത്രമായിരുന്നു കളിക്കാര്‍ക്ക് ഇടവേള നല്‍കിയിരുന്നത്.
ഇന്ത്യ എല്ലാ ഫോര്‍മാറ്റിലും പരാജയപ്പെടുമെന്നായിരുന്നു മുന്‍ ഓസീസ്, ഇംഗ്ലണ്ട് താരങ്ങളെല്ലാം പ്രവചിച്ചിരുന്നത്. മുതിര്‍ന്ന താരങ്ങള്‍ പലപ്പോഴും പരാജയപ്പെട്ടപ്പോഴും യുവനിരയാണ് ടീമിന് ജയം സമ്മാനിച്ചത്. റിഷഭ് പന്ത്, ശാര്‍ദൂല്‍ ഠാക്കൂര്‍, നടരാജന്, വാഷിങ്ടണ്‍ സുന്ദര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പണ്ഡ്യ, ഷുഭ്മാന്‍ ഗില്‍,അക്സര്‍ പട്ടേല്‍ തുടങ്ങിയവരുടെ സംഭാവനകള്‍ ഏറെ നിര്‍ണായകമായിരുന്നു.