കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കും ഇന്ത്യൻ പ്രീമിയർ ലീഗിനും ശേഷം ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഇനി ഓസിസ് പൂരം. ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ടീം അംഗങ്ങളുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവായി. ഇതോടെ പല താരങ്ങളും പരിശീലനവും ആരംഭിച്ചു. ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ അടക്കമുള്ള താരങ്ങളാണ് സിഡ്നിയിൽ ആദ്യ ദിവസം പരിശീലനത്തിനിറങ്ങിയത്.
സ്‌പിന്നർമാരായ കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, പേസർ ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ഷാർദുൽ ഠാക്കൂർ, ചേതേശ്വർ പൂജാര എന്നിവരും ആദ്യ ദിവസം വാംഅപ്പിനിറങ്ങി. ആദ്യ കോവിഡ് ഫലം നെഗറ്റീവാണെങ്കിലും താരങ്ങൾ 14 ദിവസം ക്വാറന്റൈൻ പൂർത്തിയാക്കേണ്ടതുണ്ട്.
മൂന്ന് വീതം ഏകദിന – ടി20 മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്. അതേസമയം, ഓസിസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിൽ രോഹിത് ശർമയെ ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഓസീസ് പര്യടനത്തിൽ നിന്ന് പൂർണമായി രോഹിത്തിനെ ഒഴിവാക്കിയിരുന്നു. പരുക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് രോഹിത്തിനെ ബിസിസിഐ ഓസീസ് പര്യടനത്തിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചത്.
ടി 20 സ്‌ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ.രാഹുൽ ( വെെസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, നവ്‌ദീപ് സെെനി, ദീപക് ചഹർ, ടി.നടരാജൻ
ഏകദിന സ്‌ക്വാഡ്: വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, ശുഭ്‌മാൻ ഗിൽ, കെ.എൽ.രാഹുൽ ( വെെസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, നവ്‌ദീപ് സെെനി, ശർദുൽ താക്കൂർ, സഞ്ജു സാംസൺ
ടെസ്റ്റ് സ്‌ക്വാഡ്: വിരാട് കോഹ്‌ലി, രോഹിത് ശർമ, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ.രാഹുൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, ഹുമാൻ വിഹാരി, ശുഭ്‌മാൻ ഗിൽ, വൃദ്ധിമാൻ സാഹ, റിഷഭ് പന്ത്, ജസ്‌പ്രീത് ബുംറ, മൊഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്‌ദീപ് സെെനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ.അശ്വിൻ, മൊഹമ്മദ് സിറാജ്