scorecardresearch
Latest News

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വേര്‍ഷന്‍ 2.0

ഏറെ മാറ്റങ്ങളോടെ വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പുതിയ സീസണ്‍ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ പുതിയൊരു അദ്ധ്യായമാവും എന്നു തന്നെയാണ് പ്രതീക്ഷകള്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; വേര്‍ഷന്‍ 2.0

കൊച്ചി: ഇന്ത്യന്‍ ഫുട്ബാളിന്റെ ആരവമായി മാറിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ പുതിയ സീസണു പന്തുരുളാന്‍ ഏതാനും നാളുകള്‍ മാത്രം ബാക്കി. ഏറെ പുതുമകളുമായാണ് ഈ വര്‍ഷത്തെ ഐഎസ്എല്‍ മത്സരങ്ങള്‍ അരങ്ങേറുന്നത്. മുന്‍ സീസണുകള്‍ ശീലിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിനു സമാനമായ കളി ഫോര്‍മാറ്റുകളില്‍ നിന്നും മാറി ഏത് അന്താരാഷ്ട്ര ലീഗിനോട് കിടപിടിക്കാവുന്ന ഒരു ഫോര്‍മാറ്റിലേക്ക് രൂപാന്തരപ്പെടുകയാണ് ഈ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ അംഗീകാരം നേടിയെടുത്തതിനുശേഷമുള്ള ആദ്യ ഐഎസ്എല്ലില്‍ പത്ത് ടീമുകള്‍ മാറ്റുരക്കുമ്പോള്‍. മത്സരങ്ങളുടെ എണ്ണം കൂടുകയും ലീഗിന്‍റെ കാലയളവ് നീളുകയും ചെയ്യും. ഈ മാറ്റങ്ങള്‍ എങ്ങനെയൊക്കെയാണ് ഇന്ത്യന്‍ ഫുട്ബോളിനെ മാറ്റിമറിക്കുക എന്നത് കാത്തിരുന്നു തന്നെ കാണേണ്ട കാര്യമാണ്.

പുതിയ ലീഗ്, പുത്തന്‍ ഉണര്‍വ്

ഇന്ത്യന്‍ ഫുട്ബോളിന്‍റെ നഴ്സറി എന്ന് വിശേഷിപ്പിക്കാവുന്ന ജംഷഡ്പൂരിലെ ടാറ്റ ഫുട്ബോള്‍ അക്കാദമിയിലെ പ്രതിഭകളെ അണിനിരത്തിക്കൊണ്ടുള്ള ജംഷഡ്പൂര്‍ എഫ്സിയും മൂന്നു വര്‍ഷം നീണ്ട ഐ ലീഗ് ചരിത്രത്തിനിടയില്‍ തന്നെ ഏതൊരു ഇന്ത്യന്‍ ഫുട്ബോള്‍ ആരാധകനും അഭിമാനിക്കാവുന്ന മികവു കാഴ്ചവെച്ചിട്ടുള്ള ബെംഗളൂരു എഫ്സിയും ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അണിചേരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഈ പുതുക്കിയ സൂപ്പര്‍ ലീഗിലേക്ക് ടാറ്റ ജംഷഡ്പൂര്‍ എഫ്സിയുടെ പ്രവേശനം കഴിഞ്ഞവര്‍ഷം കേരളാ ബ്ലാസ്റ്റേഴ്സിനെ കപ്പിന്‍റെ വക്കോളം എത്തിച്ച മാഞ്ചസ്റ്റര്‍ സിറ്റി, ക്രിസ്റ്റല്‍ പാലസ് എന്നീ ക്ലബ്ബുകളുടെ മാനേജറായിരുന്ന ഇതിഹാസം സ്റ്റീവ് കോപ്പലിനെ തങ്ങളുടെ കൂടാരത്തിലേക്ക് കോച്ചായി എത്തിച്ചുകൊണ്ടാണ്. ദീര്‍ഘകാലം ബാര്‍സലോണയുടെ മാനേജറായി സേവനം അനുഷ്ടിച്ച, എഎഫ്സി കപ്പിന്‍റെ ഫൈനല്‍ വരെ ടീമിനെ എത്തിച്ച ആര്‍ബര്‍ട്ട് റോകയായിരിക്കും ബെംഗളൂരുവിന്‍റെ നീലപ്പടയ്ക്കു പിന്നിലെ ചരടുവലികള്‍ നടത്തുക.

പത്ത് ടീമുകള്‍ മാറ്റുരക്കുന്ന ഈ വര്‍ഷത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ്‍ ആരംഭിക്കുക ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ്, ഏഷ്യന്‍ ഫുട്ബോള്‍ കപ്പിന്‍റെ ആദ്യ റൗണ്ടുകള്‍ എന്നിവയ്ക്ക് ശേഷമാവും. അതുകൂടി കണക്കിലെടുത്താണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ലേലത്തിനായുള്ള ഡ്രാഫ്റ്റ് മുന്നോട്ടുവച്ചിരിക്കുന്നത് എന്ന് സൂചനകളുണ്ട്. ഏഷ്യന്‍ ഫെഡറേഷന്‍ കപ്പില്‍ പങ്കെടുക്കുന്ന ബംഗളൂരു എഫ്സിയുടെ താരങ്ങളെ ഒന്നടങ്കം ഐഎസ്എല്ലില്‍ പങ്കെടുക്കുന്നതിനാല്‍ റിലീസ് ചെയ്യേണ്ടി വന്നു എന്നതിന്‍റെ അസ്വാരസ്യങ്ങളും ഇന്ത്യന്‍ ഫുട്ബോള്‍ ആരാദകാരുടെ ഇടയില്‍ പുകയുന്നുണ്ട്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്കെല്ലാം കുറഞ്ഞത് പതിനഞ്ചോ, കൂടിയത് പതിനെട്ടോ ഇന്ത്യന്‍ കളിക്കാരെ നിലനിര്‍ത്താം. ഇതില്‍ 21 വയസ്സിനു താഴെയുള്ള രണ്ടു കളിക്കാരെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നത് കര്‍ശനമാണ്. എല്ലാ ടീമുകള്‍ക്കും 2016ലെ സ്ക്വാഡിലുള്ള രണ്ടു മുതിര്‍ന്ന കളിക്കാരെയും മൂന്ന് അണ്ടര്‍ 21 കളിക്കാരെയും വേണമെങ്കില്‍ നിലനിര്‍ത്താവുന്നതാണ്. ഇത്തരത്തില്‍ മൊത്തം 22 കളിക്കാരെയാണ് ടീമുകള്‍ ഡ്രാഫ്റ്റിനു വിട്ടുകൊടുക്കാതെ നിലനിര്‍ത്തിയിരിക്കുന്നത്. ഒരാളെ പോലും ഇതുവരെ ചേര്‍ത്തിട്ടില്ലാത്ത ജംഷഡ്പൂര്‍ എഫ്സി ഡ്രാഫ്റ്റില്‍ ആശ്രയിച്ചുകൊണ്ടാണ് മൊത്തം ടീമിനെ നിര്‍ണയിക്കുക. കഴിഞ്ഞ കൊല്ലം സെമി കണ്ട ഡല്‍ഹി ഡൈനാമോസ് ഒരു കളിക്കാരനെപോലും നിലനിര്‍ത്തിയിട്ടുമില്ല.

Read More :’ഒരൊറ്റ രാജ്യം ഒരൊറ്റ ഫുട്ബോള്‍ ലീഗ്’ ഇനിയും വൈകും; ഫെഡറേഷന്‍ കപ്പ് ബലിയാടായേക്കും

ക്ലബ്ബുകള്‍ നിലനിര്‍ത്തിയ കളിക്കാര്‍

അത്ലറ്റികൊ ഡി കൊല്‍ക്കത്ത

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : ദേബ്ജിത് മജൂംദാര്‍, പ്രബീര്‍ ദാസ്.
അണ്ടര്‍ 21 : ആരുമില്ല
ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : രണ്ട് അണ്ടര്‍ 21 അടക്കം കുറഞ്ഞത് 13.

ബെംഗലൂരു എഫ്സി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : സുനില്‍ ഛേത്രി, ഉദാന്താ സിങ്.
അണ്ടര്‍ 21 : നിശു കുമാര്‍, മാല്‍സ്വാംസുവാല
ഡ്രാഫ്റ്റില്‍തിരഞ്ഞെടുക്കാവുന്നത് :കുറഞ്ഞത് 13.

ചെന്നൈയിന്‍ എഫ്സി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : ജെജെ ലാല്‍പെഖ്ല്വ, കരണ്‍ജിത് സിങ്.
അണ്ടര്‍ 21 : ജെറി ലാല്‍റിന്‍സ്വാല, അനിരുദ്ധ താപ
ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : കുറഞ്ഞത് 12.

ഡല്‍ഹി ഡൈനാമോസ്

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : ആരുമില്ല
അണ്ടര്‍ 21 : ആരുമില്ല
ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : രണ്ട് അണ്ടര്‍ 21 അടക്കം കുറഞ്ഞത് 15.

എഫ്സി ഗോവ

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : ലക്ഷ്മികാന്ത് കട്ടിമണി, മന്ദാര്‍ റാവു ദേശായി.
അണ്ടര്‍ 21 : ആരുമില്ല
ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : രണ്ട് അണ്ടര്‍ 21 അടക്കം കുറഞ്ഞത് 13.

എഫ്സി പുനൈ സിറ്റി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : വിശാല്‍ ഖൈത്
അണ്ടര്‍ 21 : ആശിഖ് കുരുണിയന്‍
ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : ഒരു അണ്ടര്‍ 21 അടക്കം കുറഞ്ഞത് 14.

കേരളാ ബ്ലാസ്റ്റര്‍സ് എഫ്സി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : സി കെ വിനീത്, സന്ദേശ് ജിംഘന്‍
അണ്ടര്‍ 21 : പ്രശാന്ത് കറുതടത്ത്കുനി
ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : ഒരു അണ്ടര്‍ 21 അടക്കം കുറഞ്ഞത് 13.

മുംബൈ സിറ്റി എഫ്സി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : അമ്രീന്ദര്‍ സിങ്, സെഹ്നാജ് സിങ്
അണ്ടര്‍ 21 : രാകേഷ് ഒറാം
ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : ഒരു അണ്ടര്‍ 21 അടക്കം കുറഞ്ഞത് 13.


നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : റോവ്ലിന്‍ ബോര്‍ഗസ്, ടിപി രെഹനേഷ്.
അണ്ടര്‍ 21 : ആരുമില്ല
ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : രണ്ട് അണ്ടര്‍ 21 അടക്കം കുറഞ്ഞത് 13.


ജംഷഡ്പൂര്‍ എഫ്സി

നിലനിര്‍ത്തിയ മുതിര്‍ന്ന കളിക്കാര്‍ : ആരുമില്ല
അണ്ടര്‍ 21 : ആരുമില്ല
ഡ്രാഫ്റ്റില്‍ തിരഞ്ഞെടുക്കാവുന്നത് : രണ്ട് അണ്ടര്‍ 21 അടക്കം കുറഞ്ഞത് 15.

നിലവില്‍ 200 കളിക്കാരാണ് ലേലത്തിനായുള്ള ഡ്രാഫ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്. ടീമില്‍ നിലനിര്‍ത്തിയിരിക്കുന്ന കളിക്കാരുടെ എണ്ണം നോക്കിയാണ് ക്ലബ്ബുകള്‍ക്ക് കളിക്കാരെ ലേലം വിളിച്ച് എടുക്കുവാനുള്ള അവസരം നല്‍കുക. ഒരു താരത്തെയും നിലനിര്‍ത്താത്ത ഡല്‍ഹി ഡൈനാമോസും പുതിയ ടീമായ ജംഷഡ്പൂര്‍ എഫ്സിയും ഡ്രാഫ്റ്റിന്‍റെ ആദ്യ റൗണ്ടില്‍ ഇടം പിടിക്കുമ്പോള്‍ രണ്ടുപേരെ മാത്രം നിലനിര്‍ത്തിയിട്ടുള്ള എഫ്സി പുണെ സിറ്റി രണ്ടാം റൗണ്ടിലാണ് ഡ്രാഫ്റ്റില്‍ പ്രവേശിക്കുക. അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത, ബെംഗളൂരു എഫ്സി, എഫ്സി ഗോവ, കേരളാബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി എന്നിവര്‍ മൂന്നാം റൗണ്ടിലും നാലുപേരെ നിലനിര്‍ത്തിയ ചെന്നൈയിന്‍ എഫ്സി നാലാം റൗണ്ടിലും ആയിരിക്കും ഡ്രാഫ്റ്റില്‍ പ്രവേശിക്കുക. ഒരിക്കല്‍ തിരഞ്ഞെടുത്ത കളിക്കാരനെ അപ്പോള്‍ തന്നെ വില്‍ക്കുവാനുള്ള അവസരമൊരുക്കുന്ന ഇന്‍സ്റ്റന്‍റ ട്രേഡിങ് കാര്‍ഡ് സംവിധാനം ലേലത്തിന്‍റെ രീതികള്‍ മാറ്റും. ലേലത്തിന്‍റെ മൂന്നാം റൗണ്ട് മുതലാണ്‌ ഇന്‍സ്റ്റന്‍റ ട്രേഡിങ് കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുക.

Read More : കളിയാണ് ജീവിതം- കാൽപന്ത് കരളാക്കി ഒരു നാട്

ഡ്രാഫ്റ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങള്‍

ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ വിലയടിസ്ഥാനപ്പെടുത്തിക്കൊണ്ട് ഓരോ കളിക്കാര്‍ക്കും ഒരു അടിസ്ഥാനവില നിര്‍ണയിച്ചിട്ടുണ്ട്. ഈ അടിസ്ഥാനവിലയില്‍ നിന്നുമായിരിക്കും അതാത് താരങ്ങളുടെ ലേലം ആരംഭിക്കുന്നത്. ബെംഗളൂരു എഫ്സിയുടെ രണ്ട് ഐലീഗ് വിജയങ്ങള്‍ക്കും ഫെഡറേഷന്‍ കപ്പ്‌ കിരീടനേട്ടത്തിനും എഎഫ്സി കപ്പിലെ പടയോട്ടത്തിനും ചുക്കാന്‍ പിടിച്ച മധ്യനിര മാന്ത്രികന്‍ യൂജിന്‍സന്‍ ലിങ്ഡോയും. പ്രതിരോധത്തിലെ ഉരുക്കുകൊട്ടയായ മലയാളി താരം അനസ് ഇടത്തോടിക്കയുമാണ് ഡ്രാഫ്റ്റിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങള്‍.

ഏറ്റവും വിലപിടിപ്പുള്ള പത്ത് താരങ്ങള്‍
യൂജിന്‍സന്‍ ലിങ്ഡോ – 1.10 കോടി രൂപ
അനസ് ഇടത്തോടിക്ക -1.10 കോടി രൂപ
സുബ്രതാ പോള്‍ -87 ലക്ഷം രൂപ
പ്രീതം കോട്ടാല്‍ – 75 ലക്ഷം രൂപ
റോബിന്‍ സിങ്- 65 ലക്ഷം
ബല്‍വന്ത് സിങ്- 65 ലക്ഷം
അരിന്ദം ഭട്ടാചാര്യ – 64 ലക്ഷം
ലെന്നി റോഡ്രിഗസ്- 60 ലക്ഷം
നാരായണ്‍ ദാസ് – 58 ലക്ഷം
പ്രൊണോയ് ഹാല്‍ദര്‍- 58 ലക്ഷം

ഇതിനു പുറമേ, ലേലം കഴിഞ്ഞാല്‍ ഡ്രാഫ്റ്റില്‍ നിന്നും തിരഞ്ഞെടുക്കാത്തതായ കളിക്കാരെ ക്ലബ്ബുകള്‍ക്ക് പരസ്പര ധാരണയില്‍ എത്തിക്കൊണ്ട് നേരിട്ടുവാങ്ങാനുള്ള അവസരവും ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ട്‌.

Read More : കേരളാ ബ്ലാസ്റ്റര്‍സിലെത്തിയ പുതിയതാരങ്ങള്‍ ആരൊക്കെ ?

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Indian super league version 2

Best of Express