തിരുവനന്തപുരം: രാജ്യത്തെ ഫുട്ബോൾ കളിയുടെ മുഖച്ഛായ മാറ്റിയ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് കൂടുതൽ ടീമുകൾ എത്തുന്നു. പുതുതായി വരുന്ന രണ്ട് ടീമുകളുടെ പ്രഖ്യാപനം ഇന്ന് നടക്കും. ഇപ്പോൾ എട്ട് ടീമുകൾ ഉള്ള ടൂർണ്ണമെന്റിൽ ഇതോടെ പത്ത് ടീമുകളാകും. മത്സരങ്ങളുടെ എണ്ണവും വർദ്ധിക്കുമെന്നാണ് സൂചന.

പുതിയ ടീമുകളെ ഇന്ന് പ്രഖ്യാപിക്കുമെന്ന് ഫുട്ബോള്‍ സ്‌പോര്‍ട്ട്‌സ് ഡെവലപ്പ്‌മെന്റ് ലിമിറ്റഡ്(എഫ്എസ്ഡിഎല്‍) അറിയിച്ചു. തിരുവനന്തപുരം, ബെംഗളുരു, അഹമ്മദാബാദ്, കൊല്‍ക്കത്ത, കട്ടക്ക്, ദുര്‍ഗാപൂര്‍, ഹൈദരാബാദ്, ജംഷഡ്‌പൂർ, റാഞ്ചി, സിലിഗുരി എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ടീം തുടങ്ങാന്‍ താത്പര്യമുള്ളവരെയാണ് ലേലത്തിന് ക്ഷണിച്ചിരുന്നത്.

മേയ് 12 മുതല്‍ മേയ് 25 വരെയായിരുന്നു അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം. ഇത്തരത്തില്‍ ലഭിച്ച അപേക്ഷകളുടെ പരിശോധന പൂര്‍ത്തിയായതായാണ് വിവരം. ഇതിന്റെ ഫലമാണ് ഇന്ന് ഉച്ചയോടെ പ്രഖ്യാപിക്കുന്നത്.

തിരുവനന്തപുരത്തിന് പുതിയ ടീം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകര്‍. അങ്ങനെയെങ്കില്‍ മഹാരാഷ്ട്രയ്ക്ക് പിന്നാലെ രണ്ട് ടീമുകള്‍ സ്വന്തമായുള്ള സംസ്ഥാനമായി കേരളവും മാറും. പുതിയ ടീമുകള്‍ക്ക് ഈ സീസണ്‍ മുതല്‍ ഐഎസ്എലില്‍ പങ്കെടുക്കാനാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ