ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. വൈകീട്ട് നടക്കുന്ന രണ്ടാം പാദ സെമി ഫൈനലില്‍ ബംഗളൂരു എഫ്സി എഫ്സി പൂനെ സിറ്റിയെ നേരിടും. ആദ്യപാദം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനാല്‍ വിജയം നേടുക എന്ന ഒരൊറ്റ ലക്ഷ്യത്തിലാകും ഇരു ടീമുകളും ഇറങ്ങുക.

തങ്ങളുടെ ഹോം ഗ്രൗണ്ടെന്ന ഘടകത്തെ അനുകൂലമാക്കാനാകും ബെംഗളൂരു എഫ്സിയുടെ ശ്രമം എങ്കിലും സീസണില്‍ ബിഎഫ്സി വഴങ്ങിയ രണ്ട് സമനിലയും പൂനെയോടാണ്.

” പൂനെ വളരെ ശക്തമായ ടീമാണ്. മികച്ച താരങ്ങളുമാണ് അവര്‍ക്കുള്ളത്. അതിനാല്‍ തന്നെ പൂനെയില്‍ ക്ലീന്‍ ഷീറ്റ് നേടുക എന്നത് മാത്രമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അത് ഞങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നില്ല എങ്കില്‍ കൂടിയും ഈ കളിയില്‍ കൂടുതല്‍ അവസരം നിലനിര്‍ത്തുന്നതാണ്. ഫൈനലില്‍ എത്തണം എങ്കില്‍ ഞങ്ങള്‍ ഗോളടിക്കണം. അടിക്കും എന്ന്‍ തന്നെയാണ് എന്റെ വിശ്വാസം.” ബെംഗളൂരു മാനേജര്‍ ആല്‍ബര്‍ട്ട് റോക പറഞ്ഞു.

ബെംഗളൂരുവിന്റെ മുന്നേറ്റങ്ങളെ പ്രാതിരോധിക്കാനാകും എന്ന പ്രതീക്ഷയിലാകും പൂനെയും ഇറങ്ങുക. ശക്തമായ ബെംഗളൂരു അക്രമനിരയെ വരിഞ്ഞുമുറുക്കുന്നതായിരുന്നു കഴിഞ്ഞ കളിയില്‍ പൂനെ പുറത്തെടുത്ത തന്ത്രം. എമിലിയാനോ അല്‍ഫാരോയും മാര്‍സിലീഞ്ഞോയും അടങ്ങുന്ന അക്രമനിരയ്ക്ക് ഗോള്‍ കണ്ടെത്തണ്ടതായുമുണ്ട്.

” ഒരു ടീമെന്ന നിലയില്‍ എങ്ങനെ വിജയിക്കണം എന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളുടെ കരുത്ത് എന്താണെന്നും ഞങ്ങള്‍ക്കറിയാം. ഫൈനല്‍ മത്സരം എന്ന പോലെയാകും ഇന്ന് ഞങ്ങള്‍ ഇറങ്ങുക. ” എഫ് സി പൂനെസിറ്റിയുടെ അസിസ്റ്റന്റെ് കോച്ച് വ്ലാഡിക ഗ്രുജിക് പറഞ്ഞു.

ഇരു ടീമുകളും കഴിഞ്ഞ കളിയിലെ പോലെ 4-2-3-1 എന്ന ഫോര്‍മേഷന്‍ തിരഞ്ഞെടുക്കാനാണ് സാധ്യത. എത്ര കരുത്തുറ്റ പ്രതിരോധകോട്ട തകര്‍ത്താലും വല കാക്കുന്ന മികച്ച രണ്ട് ഗോള്‍കീപ്പര്‍മാരാകും ഇരു ടീമുകള്‍ക്കും മുന്നില്‍ വലിയ ഭീഷണിയാവുക. ബെംഗളൂരുവിന്റെ ഗുര്‍പ്രീത് സിങ് സന്ധുവും പൂനെയുടെ വിശാല്‍ കൈത്തും മികച്ച പ്രകടനമായിരുന്നു ആദ്യപാദത്തില്‍ പുരത്തെടുത്തത്. തൊണ്ണൂറ് മിനുട്ട് സമനിലയില്‍ പിരിയുകയാണ് എങ്കില്‍ അധികസമയവും തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ട്‌ ഔട്ടും ഉണ്ടാകും.

രാത്രി എട്ട് മണിക്കാണ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ