കൊച്ചി : ഏറെ പുതുമകളോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിലേക്ക് പ്രവേശിക്കുന്നത്. രണ്ടു പുതിയ ടീമുകളോടൊപ്പം ഒട്ടനവധി പുതിയ താരങ്ങളും ഇന്ത്യന്‍ ഗാലറികളില്‍ ആരവമുയര്‍ത്തും. ഇന്ത്യന്‍ ഫുട്ബാളിനു പുതുജീവന്‍ നല്‍കിയ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് എന്ന ഫുട്ബാള്‍ മാമാങ്കത്തിനു മുന്നോടിയായി ഈ വര്‍ഷം ഐഎസ്എല്ലില്‍ മാറ്റുരക്കുന്ന ടീമുകളേയും അവരുടെ തന്ത്രങ്ങളെയും പരിചയപ്പെടുത്തുകയാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് മലയാളം.

ക്ലബ്ബ്‌

ശ്രീ കണ്ടീരവ സ്റ്റേഡിയം ഹോം ഗ്രൗണ്ടായുള്ള ബെംഗളൂരു എഫ്സി, ഈ സീസണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തുന്നത്. ഈ സീസണ്‍ ഐഎസ്എല്‍ കളിക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള ക്ലബ്ബാണ്‌ ബെംഗളൂരു. 2.71ദശലക്ഷം യൂറോയാണ് ബെംഗളൂരു എഫ് സിയുടെ മാര്‍ക്കറ്റ് തുക. എട്ട് വിദേശ താരംങ്ങള്‍ ഉള്ള ബെംഗളൂരു എഫ് സി ലീഗില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ഉള്ള ടീം കൂടിയാണ്. 29 പേരുള്ള ബെംഗളൂരു സ്ക്വാഡിന്‍റെ ശരാശരി പ്രായം 26 വയസ്സാണ്. 2013ല്‍ ആരംഭിച്ച ക്ലബ് അരങ്ങേറ്റ സീസണില്‍ തന്നെ ഐ ലീഗ് ജേതാക്കളായിക്കൊണ്ട് ചരിത്രം സൃഷ്ടിച്ചു. ആരാധകര്‍ ‘ബ്ലൂസ്’ എന്ന് വിശേഷിപ്പിക്കുന്ന ക്ലബ്ബ് പിന്നീടുള്ള ഓരോ വര്‍ഷവും ഇന്ത്യന്‍ ഫുട്ബാളിന്‍റെ ചരിത്രം തന്നെ മാറ്റിയെഴുതുന്ന കാഴ്ചയാണ് കണ്ടത്. 2013-14, 2015-16 സീസണുകളില്‍ ഐ ലീഗ് ജേതാക്കളും 2014-15, 2016-17 സീസണുകളില്‍ ഫെഡറേഷന്‍ കപ്പ് ജേതാക്കളുമാവാന്‍ ബെംഗളൂരു എഫ്സിക്ക് കഴിഞ്ഞു. ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍റെ എഎഫ്സി കപ്പ്‌ ഫൈനല്‍ റൗണ്ടുകളില്‍ രണ്ടു തവണ പ്രവേശിച്ച ഒരേയൊരു ഇന്ത്യന്‍ ക്ലബ് കൂടിയായ ബെംഗളൂരു എഫ്സി 2016ല്‍ ടൂര്‍ണമെന്റിലെ റണ്ണറപ്പുമായി.

ബാഴ്‌സലോണ ഫിറ്റ്നസ് കോച്ച്, സൗദി അറേബിയ ദേശീയ ടീമിന്‍റെ അസിസ്റ്റന്‍റ കോച്ച്, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വഡോറിന്‍റെ ദേശീയ ടീം കോച്ച് എന്നീ നിലകളില്‍ സേവനമനുഷ്ടിച്ച ആല്‍ബര്‍ട്ട് റോക്കയാണ് ബെംഗളൂരു എഫ്സിയുടെ മാനേജര്‍.

ആല്‍ബര്‍ട്ട് റോക്ക

Read More : ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ പത്ത് വിദേശ താരങ്ങള്‍ ആരൊക്കെ ?

മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സോക്കര്‍ സ്കൂള്‍, യൂത്ത് അക്കാദമി, സാങ്കേതിക തികവോടുകൂടിയുള്ള പരിശീലന സംവിധാനങ്ങള്‍ എന്നിവയോടൊപ്പം കളിക്കാരെ കണ്ടെത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലുമുള്ള നൈപുണ്യവും നിലവാരവും ബെംഗളൂരു എഫ്സിയെ രാജ്യത്തെ ഏറ്റവും പ്രൊഫഷണലായ ഫുട്ബോള്‍ ക്ലബ്ബെന്നു വിലയിരുത്തപ്പെടുന്നു. ബെംഗളൂരു എഫ്സി ടീമിനോടൊപ്പം തന്നെ എടുത്തുപറയേണ്ടത് പാരമ്പര്യ ഫുട്ബാളിങ് നഗരമല്ലാഞ്ഞിട്ട് കൂടി ക്ലബ്ബിന്‍റെ മത്സരങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കാനെത്തുന്ന ആരാധകരെയാണ്. എണ്ണത്തില്‍ കുറവെങ്കിലും ശബ്ദത്തില്‍ ഒട്ടും കുറവല്ലാത്ത വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് ഇന്ന് ഇന്ത്യന്‍ ഫുട്ബാളിലെ ഏറ്റവും സംഘടിതരായ ആരാധകസംഘം കൂടിയാണ്. യൂറോപ്യന്‍ ശൈലിയിലുള്ള ചാന്റുകളും, ബാന്ററുമൊക്കെ ടീമിനു സാര്‍വദേശീയമായൊരു മാനം നല്‍കുന്നുണ്ട്. ചുരുങ്ങിയ കാലയളവില്‍ ഏറെ വിവാദങ്ങള്‍ക്ക്‌ തിരികൊളുത്താനും എന്തിനും ‘ഒരുമ്പെട്ട’ വെസ്റ്റ് ബ്ലോക്ക് ബ്ലൂസിനു കഴിഞ്ഞു. 24,000 പേരെ ഉള്‍ക്കൊള്ളിക്കാവുന്ന സീറ്റിങ് കപ്പാസിറ്റിയാണ് ശ്രീ കണ്ടീരവ സ്റ്റേഡിയത്തിനുള്ളത്. ജിന്‍ഡാല്‍ സ്റ്റീല്‍ വര്‍ക്സ് ആണ് ബെംഗളൂരു എഫ് സി ഉടമകള്‍.

യുവത്വവും അനുഭവസമ്പത്തും ഒരുപോലെ ചേര്‍ന്നൊരു ടീമുമായാണ് ബെംഗളൂരു എഫ് സി ഐഎസ്എല്ലില്‍ അരങ്ങേറ്റം കുറിക്കുന്നത്. തികച്ചും പുതിയ ക്ലബ്ബായ ജംഷഡ്പൂര്‍ എഫ്സിക്ക് ഐഎസ്എല്ലില്‍ അവസരം നല്‍കിയതിനാല്‍ ഏറ്റവും തിരിച്ചടി നേരിട്ട ക്ലബ് ബെംഗളൂരുവാണ്. ഐഎസ്എല്‍ നിയമാവലി പ്രകാരം രണ്ട് മുതിര്‍ന്ന കളിക്കാരേയും രണ്ട് അണ്ടര്‍ 21 കളിക്കാരെയും മാത്രമായിരുന്നു അന്നത്തെ ഡ്രാഫ്റ്റിനു മുമ്പായി ക്ലബ്ബുകള്‍ക്ക് നിലനിര്‍ത്താന്‍ കഴിഞ്ഞത്. നായകന്‍ സുനില്‍ ഛേത്രി, ഉദാന്താ സിങ് തുടങ്ങിയ സ്ട്രൈക്കര്‍മാരെയും മധ്യനിരയില്‍ മാല്‍സ്വംസുവാല, പ്രതിരോധത്തില്‍ നിശുകുമാര്‍ എന്നിവരെ ബെംഗളൂരു നിലനിര്‍ത്തി.

മധ്യനിരയിലെ മാന്ത്രികനും ആരാധകര്‍ക്ക് ഏറെ പ്രിയങ്കരനുമായ യൂജിന്‍സന്‍ ലിങ്ഡോ, ലെന്‍ ഡൗങ്ങല്‍, അമരീന്ദര്‍ സിങ്, സന്ദേശ് ജിങ്കന്‍, ലാല്‍ചുവന്‍മാവിയ, തോയി സിങ്, ശങ്കര്‍ സമ്പിംഗിരാജ്, തുടങ്ങിയ പലരെയും ക്ലബ്ബിനു നഷ്ടമാവുകയും ചെയ്തു. ഒരുമിച്ച് കളിച്ചു പരിചയമുള്ള ബാക്കി ടീമംഗങ്ങളെ മിക്കവരേയും ഡ്രാഫ്റ്റില്‍ നിന്നും തിരഞ്ഞെടുക്കുന്നതോടൊപ്പം ലെനി റോഡ്രിഗസ്, ഹര്‍മന്‍ജോത് ഖാബ്ര, രാഹുല്‍ ഭേക്കെ, ബൊയിതംഗ് ഹയോകിപ്, എന്നീ മികച്ച താരങ്ങളെ തന്നെ ടീമിലേക്ക് എത്തിക്കുവാനും കോച്ച് ആല്‍ബര്‍ട്ട് റോക്കയ്ക്ക് സാധിച്ചു.

Read More : കേരളാ ഫുട്ബോളിന് താങ്ങാവാന്‍ താങ്ബോയി- ബ്ലാസ്റ്റേഴ്സ് കോച്ച് സംസാരിക്കുന്നു

നോര്‍വേയിലെ ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബായ സ്റ്റാബെക്ക് എഫ്സിയുമായുള്ള കരാര്‍ അവസാനിച്ചിരുന്ന ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു മറ്റ് ക്ലബുകളില്‍ നിന്നും ഓഫറുകള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ക്ലബ്ബ് ഫുട്ബോളിലേക്ക് മടങ്ങിവരുവാനായി ബെംഗളൂരു എഫ്സി തിരഞ്ഞെടുത്തു എന്നത് ക്ലബ്ബിന്‍റെ പ്രഫഷണലിസത്തിനു കൂടിയുള്ള അംഗീകാരമാണ്.

ഗുര്‍പ്രീത് സിങ് സന്ധു

പ്രതിരോധത്തില്‍, ക്ലബ്ബിന്‍റെ ആദ്യ മത്സരം മുതല്‍ പ്രതിരോധകോട്ട കാക്കുന്ന മുന്‍ നോര്‍ത്താമ്പ്ടന്‍ നായകന്‍ ജോണ്‍ ജോണ്‍സണ്‍, സ്പാനിഷ് താരം ഹുവാനന്‍ എന്നീ വിദേശ താരങ്ങളെ ടീമില്‍ എത്തിക്കാന്‍ സാധിച്ചപ്പോള്‍. മധ്യനിരയ്ക്ക് കരുത്തേകുവാനായി മുന്‍ മെല്‍ബണ്‍ എഫ്സി താരം എറിക് പാര്‍ത്താലു, ബാഴ്‌സലോണ ബി ടീം താരമായിരുന്ന ഡിമാസ് ഡെല്‍ഗാഡോ എന്നിവരുമായും ബെംഗളൂരു കരാറിലെത്തി. വിങ്ങിലും അക്രമനിരയിലും ഒരുപോലെ തിളങ്ങിയിട്ടുള്ള സ്പാനിഷ് താരം ആന്റോണിയോ റോഡ്രിഗസ് ഡോവേല്‍, എഡു ഗാര്‍ഷിയ എന്നിവരും ലാ ലിഗയിലേയും സ്കോട്ടിഷ് ലീഗിലേയും അനുഭവസമ്പത്ത് കൈമുതലായുള്ള വെനിസ്വെലന്‍ സെന്‍റര്‍ ഫോര്‍വേഡ് മൈകു ഫെഡോര്‍, അറ്റ്‌ലറ്റിക്കോ മാഡ്രിഡ് മുന്‍ സ്ട്രൈക്കര്‍ ബ്രൗളിയോ നോബ്രെഗാ എന്നിവരുമാണ് ബെംഗളൂരുവിന്‍റെ മുന്നേറ്റനിരയെ ശക്തമാക്കുന്ന വിദേശതാരങ്ങള്‍.

ടീം
ഗോള്‍കീപ്പേഴ്സ് : ഗുര്‍പ്രീത് സിങ് സന്ധു, ലാലതുവാംമാവിയ രാല്‍ട്ടെ, കാല്‍വിന്‍ അഭിഷേക്, അഭ്ര മോണ്ടാല്‍.

ഡിഫന്‍ഡേഴ്സ് : ജോയ്നര്‍ ലോറന്‍സ്, കോളിന്‍ അബ്രാഞ്ചസ്. ഹുവാനന്‍, സോമിങ്ലിയാനാ രാല്‍ട്ടെ, സുബാശിഷ്‌ ബോസ്, നിശുകുമാര്‍, ഹര്‍മന്‍ജോത് ഖാബ്ര, രാഹുല്‍ ഭേക്കെ, ജോണ്‍ ജോണ്‍സണ്‍.

മിഡ്ഫീല്‍ഡേഴ്സ് : ലെനി റോഡ്രിഗാരസ്, മാല്‍സാംസുവാല, ഡിമാസ് ഡെല്‍ഗാഡോ, എറിക് പാര്‍ത്താലു, റോബിന്‍സണ്‍ സിങ്, ആല്‍വിന്‍ ജോര്‍ജ്, ബൊയിതാംഗ് ഹയോകിപ്

ഫോര്‍വേഡ്സ് : സുനില്‍ ഛേത്രി, ഡാനിയാല്‍ ലാലിംപുയ, ഉദാന്താ സിങ്, എഡു ഗാര്‍ഷിയ, ടോണി ഡോവേല്‍, മികു ഫെഡോര്‍, ബ്രൗലിയോ നോബ്രെഗാ, തോങ്കോസെയിം ഹയോകിപ്.

Read More : ഇവര്‍ ഐഎസ്എല്ലിനു നഷ്ടമാകുന്ന താരങ്ങള്‍

തന്ത്രങ്ങള്‍

ഏഎഫ്‌സി കപ്പില്‍ ഒരുമിച്ച് കളിച്ചു പരിചയമുള്ള ഒരു ടീം എന്നത് ബെംഗളൂരുവിനു മറ്റു ഐഎസ്എല്‍ ടീമുകളെക്കാള്‍ മുന്‍‌തൂക്കം നല്‍കുന്ന ഒരു ഘടകമാണ്. ബാഴ്‌സലോണയുടെ ഫുട്ബോളിങ് ശൈലിയുമായി ഏറെ സമാനതകളുള്ള കളി ശൈലിയാണ് ആല്‍ബര്‍ട്ട് റോക്കോ ബെംഗളൂരുവില്‍ പരീക്ഷിച്ചിട്ടുള്ളത്‌.

പാസിങ്ങിലൂന്നിയുള്ള കളി മെനയുന്നത് വഴി ഉയരക്കുറവെന്ന കടമ്പയെ കടക്കുവാനും മികച്ച വിദേശ ക്ലബ്ബുകളെപ്പോലും കടുത്ത സമ്മര്‍ദത്തിലാഴ്വാത്തുനും ബെംഗളൂരു എഫ്സിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് എഎഫ്സി കപ്പ്‌ മത്സരങ്ങളില്‍ നിന്നും വിലയിരുത്തേണ്ടത്.

ഇടതുവിങ്ങിലൂടെ ചീറിപ്പായുന്ന ഉദാന്താ സിങ്ങും പ്രായത്തിനൊത്ത് വീര്യം വര്‍ദ്ധിക്കുകമാത്രം ചെയ്യുന്ന നായകന്‍ സുനില്‍ ഛേത്രിയും എത്ര വലിയ പ്രതിരോധകോട്ടയേയും തകര്‍ക്കുവാനുള്ള പ്രാഗത്ഭ്യം ഉള്ളവരാണ്. മികച്ച ടാക്കിളുകള്‍ക്കൊപ്പം തന്നെ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും അപ്രതീക്തിതമായി ഷോട്ടുകള്‍ ഉതിര്‍ക്കുന്നത്തിലും മിടുക്കനായ ലെനി റോഡ്രിഗസ്, അറ്റാക്കിങ് സ്വഭാവമുള്ള പുള്‍ബാക്ക് നിശു കുമാര്‍ എന്നിവര്‍ ഈ സീസണില്‍ ശ്രദ്ധേയരാകാന്‍ പോകുന്ന മറ്റ് ഇന്ത്യന്‍ താരങ്ങളാണ്. അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ ആല്‍വിന്‍ ജോര്‍ജിനേയും ഐലീഗില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം എന്ന റിക്കോഡ്‌ സ്വന്തം പേരിലുള്ള മാല്‍സാംസുവാലയേയും നിസ്സാരമായി കാണേണ്ടതില്ല.

സുനില്‍ ഛേത്രി

വിദേശ സ്ട്രൈക്കര്‍മാരായ മികുവും നോബ്രെഗയും അനുഭവസമ്പത്ത് കൈമുതലാക്കിയവരാണ്. പാര്‍ത്താലുവിനെ സെന്‍റര്‍ മിഡ്ഫീല്‍ഡറാക്കിക്കൊണ്ട് കളി മെനയുന്നത്തിനും ലെനിയെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി കളിപ്പിക്കുന്നതിനുമുളള സാധ്യതയുമുണ്ട്. മിക്ക പോസീഷനുകളിലും പകരക്കാരെയും കണ്ടെത്താനുണ്ട് എന്നത് ടീമിന്‍റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. മുന്നേറ്റനിരയിലുള്ള ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് ബംഗളൂരുവിന്‍റെ കരുത്ത്. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഗോള്‍വലകുലുക്കുന്ന ക്ലബ്ബാകാം ബെംഗളൂരു എഫ് സി. പ്രതിരോധത്തില്‍ ജോണ്‍ ജോണ്‍സണും ഹുവാനാനും ഒരുക്കുന്ന കവചം തകര്‍ക്കുക അല്‍പം ബുദ്ധിമുട്ടാണ്. അത് കടന്നു ചെന്നാലും മുന്നിലുള്ളത് ഗുര്‍പ്രീത് സിങ് സന്ധു എന്നൊരു വന്‍മതിലും. എല്ലാ മേഖലയിലും കരുത്തുറ്റ ടീമാണ് ബംഗളൂരു എഫ്‌സി. തന്ത്രങ്ങളിലൂടെ മാത്രമേ അവരെ കീഴ്പ്പെടുത്തുവാന്‍ സാധിക്കുകയുള്ളൂ.

3-4-3, 4-2-4, 4-4-2, 4-4-3 എന്നീ ഫോര്‍മേഷനുകള്‍ ബെംഗളൂരു ടീമിന് ഉതകുന്നതാണ്. മികച്ച ഒരു നിര കളിക്കാരും ആര്‍ക്കും പകരംവെക്കാന്‍ പ്രാപ്തിയുള്ള ഒരു ബെഞ്ചും ഉണ്ട് എന്നുള്ളത് എതിര്‍ ടീമുകളുടെ തന്ത്രങ്ങളനുസരിച്ച് ടീമില്‍ വേണ്ട മാറ്റവും വരുത്തുന്നത്തിലും ആല്‍ബര്‍ട്ട് റോക്കയെ സഹായിക്കും.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും റിക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന തങ്ങളുടെ ചരിത്രം ആവര്‍ത്തിക്കുവാന്‍ തന്നെയാകും ബെംഗളൂരു എഫ് സി ശ്രമിക്കുക.

Read More : ‘ഒരൊറ്റ രാജ്യം, ഒരൊറ്റ ലീഗ്’ ഐഎസ്എല്ലും ഐലീഗും ലയിക്കുമോ ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook