ഐഎസ്എല്ലിൽ എഫ്‌സി ഗോവയുടെ ഗോൾകീപ്പർ കട്ടിമണി ഇന്നലെ അത്ര നന്നായി ഉറങ്ങിക്കാണില്ല. അത്രയും കനപ്പെട്ട പിഴവാണ് മുംബൈ എഫ്‌സിക്ക് എതിരായ മത്സരത്തിൽ കട്ടിമണിക്ക് സംഭവിച്ചത്. പാഞ്ഞടുത്ത എതിരാളിയെ നിസാരനായി കണ്ടതാണ് കട്ടിമണിയെ ഇന്നലെ കുഴപ്പത്തിലാക്കിയത്. ഐഎസ്എല്ലിന്റെ കളി ചരിത്രത്തിൽ എന്നും ഓർത്തുവയ്ക്കാനുള്ള വലിയ അബദ്ധമായി അത് മാറി.

59-ാം മിനിറ്റിലാണ് ഗോവൻ പ്രതിരോധത്തിന്റെ അലസതയെ ലാക്കാക്കി മുംബൈ സിറ്റി എഫ്‌സിയുടെ എവർട്ടൺ സാന്റോസ് മുന്നേറിയപ്പോൾ സന്ദർശകരുടെ ആരാധകരുടെ നെഞ്ചകം പിളർന്നുപോയിക്കാണും.

ഗോള്‍കിക്ക്‌ എടുത്ത കട്ടിമണി ലെഫ്റ്റ് ബാക്ക് പൊസിഷനിൽ ചിങ്‌ലെന്‍ സാനയ്ക്കാണ് പന്ത് പാസ് ചെയ്തത്. ഈ സമയത്ത് മുംബൈ സ്ട്രൈക്കർ എവർട്ടൺ ചിങ്ലൈന് നേരെ പഞ്ഞടുത്തു. അപകടം മനസിലാക്കിയ ചിങ്ലെൻസാന പന്ത് ഗോൾകീപ്പർ കട്ടിമണിക്ക് തന്നെ തിരികെ നൽകി.

ഈ മൈനസ് പാസ് അടിച്ചകറ്റുന്നതിലാണ് കട്ടിമണിക്ക് വീഴ്ചപറ്റിയത്. പന്തിന് പിന്നാലെ പാഞ്ഞുവന്ന എവർട്ടണെ നിസാരനായി കണ്ട് പന്ത് മൈതാനമധ്യത്തിലേക്ക് അടിച്ചകറ്റാൻ ശ്രമിച്ച കട്ടിമണിക്ക് തെറ്റി. അതിന് മുൻപ് തന്നെ എവർട്ടൺ പന്തിന് നേരെ ചാടിവീണു.

കട്ടിമണി തൊടുത്ത ഷോട്ട് എവർട്ടണിന്റെ കാലിൽ തട്ടി ഗോൾപോസ്റ്റിനകത്തേക്ക്. മുംബൈ സിറ്റിക്ക് കളിയിൽ ലീഡ്. എവർട്ടൺ സാന്റോസിനെ അഭിനന്ദിക്കാൻ മുംബൈ താരങ്ങൾ പാഞ്ഞടുത്തപ്പോൾ ഗാലറി ഇളകിമറിഞ്ഞു. സ്വന്തം ടീമിന്റെ വില്ലനായി കട്ടിമണി അപ്പോഴും മൈതാനത്ത് നിരാശനായി നിൽക്കുകയായിരുന്നു. മിന്നുന്ന പ്രകടനം കാഴ്ചവച്ച എവർട്ടണാണ് ഹീറോ ഓഫ് ദി മാച്ച്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ