ഗോവ: വാശിയേറിയ മത്സരത്തില്‍ എഫ്സി ഗോവയെ സ്വന്തം തട്ടകത്തില്‍ മുട്ടുകുത്തിച്ച് മുംബൈ സിറ്റി എഫ്സി. മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മുംബൈ വിജയം കണ്ടത്.

കൗണ്ടര്‍ അറ്റാക്കുകളും ഷോര്‍ട്ട് പാസുകളും ത്രൂ ബോളുകളും നിറഞ്ഞ ഒരു മത്സരത്തിനാണ് ഫര്‍ട്ടോഡാ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഇരു ടീമുകളും അക്രമ ഫുട്ബോള്‍ പുറത്തെടുത്ത മത്സരത്തില്‍ ആദ്യ ഗോള്‍ കണ്ടെത്തുന്നത് ഗോവയുടെ കോറയാണ്. മുപ്പത്തിനാലാം മിനുട്ടില്‍ മുംബൈ ഗോളി അമരീന്ദറിനെ വലച്ചുകൊണ്ട് കോറ കണ്ടെത്തിയ ഗോളിന് തൊട്ടു പിന്നാലെ തന്നെ മുംബൈയുടെ മറുപടി വന്നു. മുപ്പത്തിയാറാം മിനുട്ടില്‍ തിയാഗോ സാന്‍റോസ് അതിഥികള്‍ക്ക് വേണ്ടി ഗോള്‍ മടക്കി നല്‍കി.

നാല്‍പത്തിയഞ്ച് മിനുട്ട് കഴിഞ്ഞ് അധിക സമയത്തില്‍ ഗോവയുടെ ഗോള്‍നില ഇരട്ടിച്ചുകൊണ്ട് ലാന്‍സരോട്ടെ കണ്ടെത്തിയ ഗോള്‍ ആദ്യ പകുതിയില്‍ ആതിഥേയരുടെ ആധിപത്യം ഉറപ്പിച്ചു. രണ്ടാം പകുതിയില്‍ അമ്പത്തിനാലാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി എമാന ഗോളാക്കി മാറ്റിയതോടെ മുംബൈ വീണ്ടും സമനില കണ്ടെത്തി. എഴുപതാം മിനുട്ടില്‍ രണ്ടാം ഗോള്‍ നേടിയ തിയാഗോ സാന്‍റോസ് മുംബൈ സിറ്റിയുടെ മേല്‍കൈ ഉറപ്പിച്ചു,

എന്നാല്‍ ഒട്ടും വൈകാതെ എഴുപത്തിയെട്ടാം മിനുട്ടില്‍ കോറോ വീണ്ടുമൊരു ഗോള്‍ കണ്ടെത്തി. മൂന്നേ മൂന്ന്‍ എന്ന നിലയില്‍ കളി അവസാനിക്കും എന്നിരിക്കെ എണ്‍പത്തിയാറാം മിനുട്ടില്‍ ബല്‍വന്ത് സിങ് കണ്ടെത്തിയ ഒരു ക്ലോസ് ഫിനിഷിലാണ് മുംബൈ സിറ്റി എഫ്സി വിജയം ഉറപ്പിക്കുന്നത്.

ഇന്നത്തെ വിജയത്തോടെ മുംബൈ സിറ്റി എഫ്‌സി കേരളാ ബ്ലാസ്റ്റേഴ്സിന് തൊട്ട് മുകളിലായി അഞ്ചാം സ്ഥാനത്തെത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ