ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുത്തൻ സീസണിൽ സി.കെ.വിനീതും മെഹ്ത്താബ് ഹുസൈനും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരും. ഇരുതാരങ്ങളുമായി ക്ലബ് അധികൃതർ കരാറിൽ എത്തിയതായാണ് റിപ്പോർട്ട്. ഐഎസ്എല്ലിന്റെ ആദ്യ സീസൺ മുതൽ സി.കെ.വിനീതും മെഹ്ത്താബ് ഹുസൈനും ബ്ലാസ്റ്റേഴ്സ് നിരയിൽ ഉണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം സന്ദേഷ് ജിംഗാൻ ക്ലബ് വിടുമെന്നാണ് സൂചന.

കഴിഞ്ഞ സീസണിൽ സി.കെ.വിനീതിന്റെ തകർപ്പൻ പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനൽവരെ എത്തിച്ചത്. ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരം കൂടിയായ വിനീതിനെ ടീമിൽ നിലനിർത്തിയാൽ ബ്ലാസ്റ്റേഴ്സിന്റെ ജനപിന്തുണയും വർധിക്കുമെന്നാണ് ക്ലബ് മാനേജ്മെന്റിന്റെ കണക്ക് കൂട്ടൽ. സി.കെ.വിനീതിനെ നിലനിർത്തുന്നതിൽ അതീവ സന്തുഷ്ടരാണ് മഞ്ഞപ്പടയുടെ ആരാധകർ.

മെഹ്ത്താബ് ഹുസൈനുമായി കരാർ പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഹൈദരാബാദിൽ പുരോഗമിക്കുന്നു​ എന്നാണ് സ്പോട്സ് ഓൺലൈൻ ആയ Goal.com പറയുന്നത്. ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയിലെ പ്രധാന താരമാണ് മെഹ്ത്താബ് ഹുസൈൻ. ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനായാണ് മെഹ്ത്താബ് കളിക്കുന്നത്.

എന്നാൽ സന്ദേഷ് ജിംഗാനുമായുള്ള കരാർ പുതുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. 2014 മുതൽ ക്ലബിന്റെ പ്രധാന താരമാണ് സന്ദേഷ് ജിംഗാൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ