ഗോവ: രാജ്യത്ത് ഇനി കാൽപ്പന്താവേശം. ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിന് ഇന്നു തുടക്കമാകും. കേരള ബ്ലാസ്‌റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും തമ്മിലാണ് ആദ്യ മത്സരം. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ഇത്തവണയും ഐഎസ്എൽ മത്സരങ്ങൾ ഗോവയിലാണ് നടക്കുന്നത്. ഫറ്റോർഡ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് ഉദ്ഘാടനം മല്‍സരം.
രാജ്യം കോവിഡിൽനിന്നു പൂർണമായി മുക്തി നേടാത്തതിൽ, ഗ്യാലറികളെ ഇളക്കി മറിച്ചിരുന്ന ആരാധകക്കൂട്ടത്തെ ഒഴിവാക്കി അടച്ചിട്ട സ്റ്റേഡിയങ്ങളിലാണ് ഇത്തവണയും മത്സരങ്ങൾ. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചായിരിക്കും മത്സരം. കഴിഞ്ഞ സീസണിലും ആരാധകരെ പ്രവേശിപ്പിക്കാതെയായിരുന്നു മത്സരങ്ങൾ.
ജിഎംസി സ്റ്റേഡിയം, തിലക് മൈതാൻ സ്റ്റേഡിയം, ഫറ്റോർഡ സ്റ്റേഡിയം എന്നി മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. രാത്രി 7.30നാണ് മത്സരങ്ങൾ. ചില ശനിയാഴ്ചകളിൽ രാത്രി 9:30 ന് മറ്റൊരു മത്സരം കൂടിയുണ്ടാകും. ആകെ 11 ടീമുകളാണ് ടീമുകളാണ് ഈ തവണ ഏറ്റുമുട്ടുന്നത്. ടൂർണമെന്റിന്റെ ആദ്യ ഘട്ടം 2022 ജനുവരി ഒമ്പത് വരെ നീണ്ടുനിൽക്കുന്നതാണ്. മുംബൈ ആണ് നിലവിലെ ചാമ്പ്യന്മാർ.
ഇന്ത്യൻ കളിക്കാർക്ക് കൂടുതൽ അവസരം നൽകുന്ന തരത്തിലാണ് ഇത്തവണത്തെ ഐഎസ്എൽ വിദേശതാരനയം. കളത്തിൽ നാല് വിദേശതാരങ്ങളേ മാത്രമേ ഒരുസമയം കളിപ്പിക്കാനാകൂ. ഒരു ഏഷ്യൻ താരം ഉണ്ടായിരിക്കണമെന്നുമുണ്ട്.
ബ്ലാസ്‌റ്റേഴ്‌സിനും എടികെ മോഹൻ ബഗാനും പുറമെ, മുംബൈ സിറ്റി എഫ്സി, ബംഗളൂരു എഫ്‌സി, ചെന്നൈയിൻ എഫ്‌സി, ഹൈദരാബാദ് എഫ്‌സി, എഫ്‌സി ഗോവ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്‌സി, ഈസ്റ്റ് ബംഗാൾ, ജംഷഡ്പുർ എഫ്‌സി എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
കഴിഞ്ഞ സീസണിൽ പത്താം സ്ഥാനത്തായ ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകൻ ഇവാൻ വുകാമനോവിച്ചിനു കീഴിൽ കന്നിക്കിരീടം തേടിയാകും ഇത്തവണ ഇറങ്ങുക. ആഡ്രിയാൻ ലൂണ, ജോർജ് പെരേര ഡയസ്, എനെസ് സിപോവിച്ച്, മാർകോ ലെസ്‌കോവിച്ച്, അൽവാരോ വാസ്‌ക്വസ്, ചെഞ്ചൊ എന്നീ വിദേശ കളിക്കാരുടെ കരുത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. ഗോവക്കാരൻ ജെസെൽ കർണെയ്‌റോയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ക്യാപ്‌റ്റൻ.
Also Read: ISL: ആദ്യ മത്സരം ബ്ലാസ്റ്റേഴും എടികെ മോഹൻ ബഗാനും തമ്മിൽ; ഐഎസ്എൽ സമയക്രമം പ്രഖ്യാപിച്ചു
എടികെ ബഗാനെതിരെ ഇറങ്ങുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്‌സ് ആഗ്രഹിക്കുന്നുണ്ടാവില്ല. രണ്ടു തവണ ഐഎസ്എൽ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിരീട മോഹത്തിന് മങ്ങലേല്പിച്ച ടീമാണ് കൊൽക്കത്ത. അതുകൊണ്ടു തന്നെ നാളത്തെ പോരാട്ടം കനക്കും.
എന്നാൽ പരിചയസമ്പന്നനായ അന്റോണിയോ ഹബാസിന്റെ കീഴിൽ ഇറങ്ങുന്ന എടികെക്ക് കണക്കുകളുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിനെക്കാൾ ചെറിയ മുൻതൂക്കമുണ്ട്. 14 കളികളിൽ അഞ്ച് ജയം കൊൽക്കത്ത നേടിയപ്പോൾ നാലെണ്ണമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. അഞ്ച് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു.
പുതിയ താരങ്ങൾ എല്ലാം കളം നിറയുകയും ഇവാൻ വുകാമനോവിച്ചിന്റെ തന്ത്രങ്ങൾ വിജയിക്കുകയും ചെയ്താൽ കഴിഞ്ഞ സീസോണുകളുടെ ക്ഷീണം ബ്ലാസ്റ്റേഴ്സിന് മാറ്റാനാകും.