കൊച്ചി : ഈ വര്‍ഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റം കുറിക്കുന്ന ക്ലബ്ബാണ് ജംഷഡ്പൂരിലെ ജെആര്‍ഡി ടാറ്റാ സ്പോര്‍ട്സ് കോമ്പ്ലക്സ് കേന്ദ്രീകരിച്ച് കളിക്കുന്ന ജംഷഡ്പൂര്‍ എഫ്സി. ഇന്ത്യന്‍ ഫുട്ബാളിന്റെ നഴ്സറി എന്നറിയപ്പെടുന്ന ടാറ്റാ ഫുട്ബോള്‍ അക്കാദമിയുമായി ബന്ധപ്പെട്ടൊരു ക്ലബ്ബ് എന്ന ആശയമാണ് ടാറ്റാ സ്റ്റീലിന്റെ ഐഎസ്എല്‍ പ്രവേശനത്തിന് കാരണം. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കൂടുതല്‍ നഗരങ്ങളിലേക്ക് വിന്യസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ അഹമദാബാദ്, ബാംഗ്ലൂര്‍, കട്ടക്, ദുര്‍ഗാപൂര്‍, ജംഷഡ്പൂര്‍, കൊല്‍ക്കത്ത, റാഞ്ചി, സില്‍ഗുരി എന്നീ നഗരങ്ങളില്‍ നിന്നും ലഭിച്ച സമര്പണങ്ങളില് നിന്നാണ് ബെംഗളൂരുവില്‍ നിന്നും ജംഷഡ്പൂരില്‍ നിന്നുമുള്ള ക്ലബ്ബുകള്‍ക്ക് നറുക്ക് വീണത്. ജൂലൈയിലാണ് കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനെ വിജയത്തിന്റെ വക്കോളം എത്തിച്ച സ്റ്റീവ് കൊപ്പലിനെ തങ്ങളുടെ കോച്ചായി ജംഷഡ്പൂര്‍ എഫ്സി പ്രഖ്യാപിക്കുന്നത്.
സ്വന്തമായി ഒരു കളിക്കാരന് പോലുമില്ലാത്ത തുടക്കക്കാരായ ജംഷഡ്പൂര്‍ എഫ്സിക്കാണ് സ്വാഭാവികമായും ഡ്രാഫ്റ്റില്‍നിന്നും തിരഞ്ഞെടുക്കാനുള്ള ആദ്യ അവസരം ലഭിക്കുന്നത്. ആദ്യ അവസരത്തില്‍ മലയാളി സ്റ്റാര്‍ ഡിഫണ്ടര്‍ അനസ് ഇടത്തോടിക്കയെ സ്വന്തമാക്കിയ ജംഷഡ്പൂര്‍ ചില മികച്ച ഡ്രാഫ്റ്റ് സൈനിങ്ങുകളും നടത്തി. ഗോള്‍കീപ്പര്‍ സുബ്രതാ പോളും മധ്യനിരയില്‍ സൗവിക് ചക്രബര്‍ത്തിയേയും മെഹതാബ് ഹുസൈനേയും വിങ്ങില്‍ ബികാശ് ജൈരുവിനേയും പോലുള്ള മികച്ച താരങ്ങളെയാണ് തുടക്കക്കാര്‍ സ്വന്തമാക്കിയത്. പ്രധാന പോസീഷനുകളിലെ സൈനിങ്ങുകള്‍ക്ക് ശേഷം കൂടുതല്‍ യുവത്വമുള്ള താരങ്ങളെ സ്വന്തമാക്കിയ ജംഷഡ്പൂരിന്റെ തീരുമാനം ആശാവഹമാണ്. കൂടുതല്‍ ചുറുച്ചുറുക്കുള്ള താരങ്ങള്‍ വേഗതയുള്ള ഫുട്ബാള്‍ കാഴ്ച്ചവേക്കും എന്ന് മാത്രമല്ല. ഒരു നിര കളിക്കാരെ വളര്‍ത്തിയെടുക്കാനും കോപ്പലാശാന് എന്ന് വിളിപ്പേരുള്ള സ്റ്റീവന്‍ കോപ്പലിനു സാധിക്കും. 24 അംഗങ്ങളുള്ള ടീമില്‍ ഏഴ് വിദേശ താരങ്ങളാണ് ഉള്ളത്.
Read About : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : എഫ്സി ഗോവ അവലോകനം

ഇന്ത്യയുടെ മുന്‍ നിര ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ സുബ്രതാ പോള്‍ തന്നെയാവും ജംഷഡ്പൂര്‍ എഫ്സിയുടെ വല കാക്കുക. സഞ്ചിബന് ഘോഷും റഫീഖ് അലി സര്‍ദാരും ഗോള്‍കീപ്പര്‍ സ്ഥാനത്തേക്ക് മത്സരത്തിനുണ്ട് എങ്കിലും സുബ്രതാ പോളിന്റെ അനുഭവസമ്പത്തിലാവും കോപ്പലിന് കൂടുതല്‍ വിശ്വാസ്യത. ടാറ്റാ സ്റ്റീലിന്റെ ഉടമസ്ഥതയിലുള്ള ക്ലബ്ബിന്റെ പ്രതിരോധ കോട്ട ഉരുക്കില്‍ പണിതത് തന്നെ. അനസ് ഇടത്തോടിക്ക എന്ന ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റോപ്പര്‍. അനസിനു കൂട്ടാവാന്‍ ഐഎസ്എല്ലിനു ഏറെ പരിചിതനായ കാമറൂണ്‍ താരം സെന്റര്‍ ബാക്ക് ആന്ദ്രെ ബിക്കെ, പരിചയസമ്പന്നനായ റോബിന് ഗുരുങ്ങും സൈറുവത്ത് കീമയും മറ്റ് സാധ്യതകളാണ്. വിങ്ങുകളില്‍ വേഗത കൈമുതലാക്കിയ സ്പാനിഷ് പുള്‍ബാക്ക് റ്റിരി, ശൗവിക് ഗോഷ്, യുംനം രാജുവും പുള്‍ ബാക്ക് ആണ്. പുള്‍ ബാക്കായും സെന്റര്‍ മിഡ്ഫീല്‍ഡറായും കളിച്ചു പരിചയമുള്ള സൗവിക് ചക്രബര്‍ത്തിയേയും അറ്റകൈക്ക് പരീക്ഷിക്കാവുന്നതാണ്. പ്രതിരോധത്തില്‍ ഊന്നിയാണ് കോപ്പലാശാന് ടീം തയ്യാറാക്കിയിരിക്കുന്നത്.
മധ്യനിരയിലും മികച്ചൊരു നിര താരങ്ങളെ തന്നെയാണ് ജംഷഡ്പൂര്‍ എഫ് സി സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡൈനാമോസിനായി തിളങ്ങിയ ഡിഫന്‍സീവ് സ്വഭാവമുള്ള ബ്രസീലിയന്‍ മെമോയെ സ്വന്തമാക്കിയതോടൊപ്പം മറ്റൊരു ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസിനേയും ടീമിലെത്തിക്കുവാന്‍ കോപ്പലാശാനു കഴിഞ്ഞു. ഏറെ തുക കൊടുത്ത് ഡ്രാഫ്റ്റില്‍ നിന്നും സ്വന്തമാക്കിയ മെഹതാബ് ഹുസൈന്, സൗവിക് ഘോഷ് എന്നിവരാണ് മറ്റ് മധ്യനിര താരങ്ങള്‍. കഴിഞ്ഞ സീസണില്‍ ഗോവയ്ക്ക് വേണ്ടി കളിച്ച ട്രിന്ഡാഡെയും അതുപോലെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ്. സമര്‍ത്ഥമായി കളി മെനയുന്ന ഈ കളിക്കാരന് ജംഷഡ്പൂര്‍ എ്ഫ്സിക്ക് ഒരു മുതല്‍കൂട്ട് തന്നെ.
Read About : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ബെംഗളൂരു എഫ്സി അവലോകനം
യുവത്വത്തിന്റെ പ്രസരിപ്പുള്ള അക്രമനിരയുമായാണ് ജംഷഡ്പൂര്‍ എഫ് സി ആദ്യ സീസണെ അഭിമുഖീകരിക്കുക. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സിനു വേണ്ടി തിളങ്ങിയ കെര്‍വെന്‍ ബെല്‍ഫോര്‍ട്ടും അറ്റ്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ കിരീടനേട്ടത്തില്‍ വലിയ പങ്കുവഹിച്ച ദക്ഷിണാഫ്രിക്കന്‍ വിങ്ങര്‍ സമീഗ് ഡൗട്ടിയും മികച്ച സൈനിങ്ങുകള്‍. ബികാശ് ജൈരു എന്ന വേഗതയുള്ള വിങ്ങറില്‍ പ്രതീക്ഷ പുലര്‍ത്താം. സുമീത് പസ്സിയാണ് മറ്റൊരു സ്ട്രൈക്കര്‍. ഏറെക്കാലം നീണ്ട പരിക്കുകളില്‍ നിന്നും മോചിതനായെത്തിയ സുമീത് ആഗ്രഹിക്കുന്നത് മികച്ചൊരു മടങ്ങിവരവ് തന്നെയാകും.
പിന്നെയുള്ള സ്ട്രൈക്കര്‍മാരായ ഫാറൂഖ് ചൗദരിയും സിദ്ധാര്‍ഥ് സിങ്ങും ഇനി ഇന്ത്യന്‍ ഫുട്ബാളില്‍ പാദമുദ്ര പതിപ്പിക്കേണ്ടവരാണ്. ഫാറൂക്ക് ചൗദരി എന്ന 21കാരനെ കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. മുംബൈ സിറ്റി എഫ്സിയുടെ ഈ കണ്ടെത്തലില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഏറെ പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ സുപ്പര്‍ ലീഗില്‍ മികച്ചൊരു തുടക്കം കുറിക്കാം എന്ന പ്രതീക്ഷയുമായാണ് സിദ്ധാര്‍ഥ് സിങ് എത്തുന്നത്. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം സര്‍വകലാശാലയ്ക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുള്ള ഈ ഇരുപത്തിനാലുകാരന് ഐ ലീഗില്‍ ഡിഎസ്കെ ശിവാജിയന്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ അതികായരായ ആഴ്സണല്‍ എഫ്സിയോടൊപ്പം പരിശീലനം ലഭിച്ച ഈ യുവതാരത്തിന് നല്ലൊരു അവസരമൊരുക്കാന്‍ ജംഷഡ്പൂര്‍ എഫ്സിക്ക് സാധിക്കും. അശീം ബിശ്വാസ് എന്ന മുപ്പത്തിയഞ്ചു വയസുകാരന് സെന്റര്‍ ഫോര്‍വേഡാണ് ജംഷഡ്പൂരിന്റെ മറ്റൊരു
സ്ട്രൈക്കര്‍. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, മുഹമദന്‍സ്, വിവ കേരളാ, സാല്‍ഗോക്കര്‍ തുടങ്ങി ഇന്ത്യയിലെ പല പ്രമുഖ ക്ലബ്ബുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ഈ മുപ്പത്തിയഞ്ചുകാരന്റെ പ്രതീക്ഷവെക്കുന്നത് ഒരു മടങ്ങിവരവാണ്. ഏറെ കാലത്തിനു ശേഷമാണ് അശീം ബിശ്വാസ് എന്ന പേര് ഇന്ത്യന്‍ ഫുട്ബാള്‍ ലോകത്ത് കേള്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുടെ സ്ക്വാഡില്‍ ഉണ്ടായിരുന്ന ജെറി മാവ്മിങ്തങ്ങയും ഏറ്റവും ഒടുവില്‍ ക്ലബ്ബിലേക്ക് ചേക്കേറിയ ഇസു അസൂക്കയുമാണ് മറ്റ് ഫോര്‍വേഡുകള്‍. ഇരുപതുകാരനായ ജെറി ഏറെ പ്രതീക്ഷ പുലര്‍ത്തേണ്ട സ്ട്രൈക്കര്‍ ആണ്. ഡിഎസ്കെ ശിവാജിയന്‍സിന്റെ കണ്ടെത്തലായ ഈ താരം കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സ്ക്വാഡില്‍ ഉണ്ടായിരുന്നു. ജംഷഡ്പൂരിലെ മത്സരം കടുത്തതാണ് എങ്കിലും കഴിഞ്ഞ വര്‍ഷത്തിനു വിപിന്നമായി കൂടുതല്‍ അവസരം ഒരുങ്ങകയാണ് എങ്കില്‍ ജെറി മികവ് പുലര്‍ത്തും. ലണ്ടനിലെ ലിവര്‍പൂള്‍ അക്കാദമിയില്‍ പരിശീലനം ലഭിച്ച താരമാണ് ജെറി.
Read About : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ചെന്നൈയിന് എഫ്സി അവലോകനം
കസാക്കിസ്ഥാന്‍ ക്ലബ്ബായ അക്സയിക് ഉരല്സ്കില് നിന്നും ഇന്ത്യയിലേക്ക് എത്തുന്ന ഇസു അസൂക മികച്ചൊരു സെന്റര്‍ ഫോര്‍വേഡാണ്. ഗോളുകള്‍ നേടുന്നതോടൊപ്പം അവസരങ്ങള്‍ ഒരുക്കുന്നതിലും മിടുക്കനായ ഈ നൈജീരിയക്കാരന് മികച്ച ഫോര്മിലുമാണ്. കഴിഞ്ഞ സീസണില്‍ അഞ്ച് ഗോളുകള്‍ നേടുവാനും രണ്ട് ഗോളുകള്‍ക്ക് അവസരമൊരുക്കുവാനും സാധിച്ച ഈ ഇരുപത്തിയെട്ടുകാരന് ജംഷഡ്പൂര്‍ എഫ്സിക്ക് ഒരു മുതല്‍ക്കൂട്ടാണ്.
ടീം
ഗോള്‍കീപ്പേഴ്സ് : സുബ്രതാ പോള്‍, സഞ്ചിബാന് ഘോഷ്, റഫീഖ് അലി
ഡിഫണ്ടേഴ്സ് : അനസ് ഇടത്തോടിക്ക, ആന്ദ്രെ ബികെ, റ്റിരി, ശൗവിക് ഘോഷ്, സൈറുത്ത് കിമ, റോബിന് ഗുരുങ്, യുംനം രാജു.
മിഡ്ഫീല്‍ഡേഴ്സ് : മെഹതാബ് ഹുസൈന്, മെമോ, ട്രിന്‍ഡാഡെ ഗോണ്‍സാല്‍വസ്, സമീഹ്ഗ് ഡൗട്ടി
ഫോര്‍വേഡ്സ് : ആശീം ബിശ്വാസ്, ഫറൂഖ് ചൗദരി, ഇസു അസൂക, ജെറി, കെര്‍വെന്‍ ബെല്‍ഫോര്‍ട്ട്, സിദ്ധാര്‍ഥ് സിങ്, സുമീത് പസ്സി, തല്ല ഡിയായേ

കോപ്പലാശാന്റെ തന്ത്രങ്ങള്‍ വമ്പന്മാരെ മുട്ടുകുത്തിക്കുമോ ?
എത്ര കടുത്ത സാഹചര്യത്തിലും ടീമിനെ ഒരുക്കുന്നത് ഒരു മാനേജറുടെ മിടുക്കാണ്. ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള ടീമാണ് ജംഷഡ്പൂര്‍ എഫ്സി എന്ന് മാനേജര്‍ സ്റ്റീവ് കോപ്പല്‍ തന്നെ സമ്മതിക്കുന്നു. എങ്കിലും അതൊക്കെ തരണം ചെയ്ത് മുന്നോട്ട് പോകുവാനുള്ള തന്ത്രങ്ങള്‍ ഉള്ളയാളാണ് താന്‍ എന്ന് പലതവണ തെളിയിച്ചയാളാണ് സ്റ്റീവ് കോപ്പല്‍. കഴിഞ്ഞ സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്സ് നടത്തിയ തിരിച്ചുവരവ് അതിനുദാഹരണം തന്നെ. ഓരോ താരത്തേയും കൃത്യമായി ഉപയോഗിക്കുകയും ആവശ്യമെങ്കില്‍ അവരുടെ പൊസിഷനുകള്‍ മാറ്റി കളിപ്പിക്കുകയും ചെയ്യുന്നതിനോടൊപ്പം എതിരാളികളെ അറിഞ്ഞുകൊണ്ട് തന്ത്രങ്ങളില്‍ മാറ്റം വരുത്താനും ‘കോപ്പലാശാന്’ അറിയാം. അതുകൊണ്ട് തന്നെയാണ് വളരെ പുതിയൊരു ടീമിന്റെ സാരഥ്യം ഏറ്റെടുത്തുകൊണ്ട് സ്റ്റീവ് കോപ്പല്‍ ഐഎസ്എല്ലിലേക്ക് മടങ്ങിവന്നത്. ഒട്ടനവധി അട്ടിമറികള്‍ക്ക് കൂടി കാത്തിരിക്കേണ്ട ഒരു ഐഎസ്എല്‍ സീസണാണ് നമുക്ക് മുന്നിലുള്ളത്. ആശാനെ നിസ്സാരവത്കരിക്കേണ്ട.

നിലവിലുള്ള കളിക്കാരെ വച്ച് 4-1-2-3 ഫോര്‍മേഷനാകും സ്റ്റീവ് കൊപ്പല്‍ പരീക്ഷിക്കാന്‍ സാധ്യത. രണ്ട് സെന്റര്‍ ഡിഫണ്ടര്മാരോടൊപ്പം രണ്ട് പുള്‍ബാക്കും വച്ചുള്ള പ്രതിരോധ നിരയ്ക്ക് പുറമേ, ബ്ലാസ്റ്റേഴ്സിലെ പ്രകടനത്തിലൂടെ കോച്ചിന്റെ പ്രിയപ്പെട്ട താരമായ മെഹതാബ് ഹുസൈന് ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് റോളില്‍ കളിച്ചേക്കും. സെന്റര്‍ മിഡ്ഫീല്‍ഡില്‍ സൗവിക് ചക്രബര്‍ത്തിയേയും മെമോയേയും വിനിയോഗിക്കുമ്പോള്‍ ബികാശ് ജൈരുവിനേയും സമീഘ് ഡൗട്ടിയേയും ഇരുവിങ്ങുകളുടെയും ചുമതല ഏല്‍പ്പിച്ചേക്കും. ബെല്‍ഫോര്‍ട്ട് ആവും സെന്റര്‍ ഫോര്‍വേഡ്. ഫോര്‍വേഡ് കളിക്കാന്‍ ഒന്നിലേറെ പേര് ബെഞ്ചിലും ഉണ്ട് എന്നത് കോച്ചിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
Read About : ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ പത്ത് വിദേശ താരങ്ങള്‍ ആരൊക്കെ ?