കൊച്ചി :  ഏറെ ഫുട്ബാള്‍ പാരമ്പര്യമുള്ള ഗോവ ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്‍റെ ഈ സീസണില്‍ ഇറങ്ങുന്നത് തികച്ചും പുതിയ ചേരുവകളുമായാണ്. സീക്കോ എന്ന ബ്രസീലിയന്‍ ഇതിഹാസത്തിന്‍റെ പരിശീലനത്തില്‍ മൂന്ന് സീസണുകള്‍ ചെലവിട്ട ഗോവ ഈ സീസണില്‍ ഇറങ്ങുക അടിമുടി സ്പാനിഷ് ചുവയോടെയാണ്. സിക്കോയെ പകരംവെക്കുന്ന സ്പാനിഷ് മാനേജര്‍ സെര്‍ജിയോ ലോബെറായ്ക്ക് കീഴില്‍ അണിചേരുന്ന വിദേശതാരങ്ങളില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും സ്പാനിഷ് താരങ്ങളാണ്. കഴിഞ്ഞവര്‍ഷം ലീഗില്‍ ഏറ്റവും പിന്നിലായിരുന്ന ഗോവയെ സംബന്ധിച്ച് ഈ വര്‍ഷത്തേത് ഒരു അഭിമാന പോരാട്ടം തന്നെയാണ്. 23പേരടങ്ങിയ ഗോവന്‍ സ്ക്വാഡില്‍ 8 വിദേശതാരങ്ങളാണ് ഉള്ളത്.

കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഗോവന്‍ താരങ്ങളായ ഗോള്‍കീപ്പര്‍ ലക്ഷ്മികാന്ത് കട്ടിമണി, മിഡ്ഫീല്‍ഡര്‍ മന്ദാര്‍ റാവു ദേശായി എന്നിവരെ ടീമില്‍ നിലനിര്‍ത്തിയതോടൊപ്പം ഡ്രാഫ്റ്റിലുണ്ടായിരുന്ന ഗോവക്കാരായ മികച്ച പല താരങ്ങളെയും സ്വന്തമാക്കുവാനുമുള്ള എഫ്സി  ഗോവയുടെ ശ്രമം ഏറെക്കുറെ വിജയംകണ്ടു. കഴിഞ്ഞ സീസണില്‍ തിളങ്ങിയ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ പ്രതേഷ് ശിരോദ്ക്കറിനെ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചുവെങ്കിലും ആദ്യ സീസണ്‍ മുതല്‍ ഗോവന്‍ അക്രമത്തിനു കരുത്തേല്‍കിയ ആരാധകര്‍ക്കും ഏറെ പ്രിയങ്കരനായ റോമിയോ ഫെര്‍ണാണ്ടസിനെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല എന്നത് ക്ലബ്ബിന്‍റെ നഷ്ടം തന്നെയാണ്. എന്നാല്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് എന്ന ഗോവക്കാരന്‍ അറ്റാക്കിങ് മിഡ്ഫീല്‍ഡറിലൂടെ ആ ഒഴിവ് നികത്താനാകും എന്നാണ് ക്ലബ്ബിന്‍റെ പ്രതീക്ഷ. ചര്‍ച്ചില്‍ ബ്രദേഴ്സിനായി കഴിഞ്ഞ ഐലീഗ് സീസണില്‍ കളിച്ച ബ്രാന്‍ഡന്‍ മൂന്ന് ഗോളുകളും നേടിയിട്ടുണ്ട്.

സ്പാനിഷ് ശൈലിയിലുള്ള അക്രമ ഫുട്ബോള്‍ തന്നെയാകും ഐഎസ്എല്ലിലെ ഏറ്റവും ചെറുപ്പക്കാരനായ മാനേജര്‍ കൂടിയായ സെര്‍ജിയോ ലോബെറാ പുറത്തെടുക്കുക.

പ്രതിരോധ നിരയില്‍ മുന്‍ ബാഴ്‌സലോണ ബി ടീം താരം സെര്‍ജിയോ ജസ്റ്റെ മാത്രമാണ് എഫ്സി ഗോവ സ്വന്തമാക്കിയ വിദേശ താരം. സെന്‍റര്‍ ബാക്ക് പോസീഷനിലാകും ഈ ഇരുപത്തിയഞ്ചുകാരന്‍ കളിക്കുക.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ബെംഗളൂരു എഫ്‌സി അവലോകനം

ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി രണ്ടു വിദേശ താരങ്ങളെയാണ് ഗോവ സ്വന്തമാക്കിയത്. ഏറെ അനുഭവസമ്പത്തുള്ള സ്പാനിഷ് താരം ബ്രുണോ പിഞ്ഞേരോയും മൊറോക്കാന്‍ അഹമദ് ജഹവ്വയും ആണ് രണ്ടുപേര്‍.ഡ്രാഫ്റ്റില്‍ നിന്നും ഏറെ തുക ചെലവിട്ട് സ്വന്തമാക്കിയ ഇന്ത്യന്‍ താരങ്ങളായ പ്രണോയ് ഹാല്‍ഡറും പ്രതേഷ് ശിരോദ്കറും ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് പോസീഷനില്‍ കളിക്കുന്നവരാണ് എന്നിരിക്കെ ഇതിലൊരാളെ സെന്‍റര്‍ ബാക്ക് പൊസീഷനിലും കളിപ്പിച്ചേക്കും.

മധ്യനിരയില്‍ എഡു ബെഡിയയാണ് മറ്റൊരു വിദേശ താരം. ലാ ലിഗ രണ്ടാം ഡിവിഷന്‍ ക്ലബ്ബായ റയല്‍ സരഗോസയില്‍ നിന്നും ഗോവയിലേക്ക് ചേക്കേറിയ ഈ ഇരുപത്തിയെട്ടുകാരന്‍ മുന്‍പ് ബാഴ്‌സലോണ ബി ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്.

സ്ട്രൈക്കര്‍മാരായി ഗോവയിലേക്ക് എത്തുന്നത് മാനുവല്‍ അരാന, മാനുവല്‍ ലന്‍സറോട്ടെ, കൊറോ, അഡ്രിയാന്‍ കൊളുങ്ക എന്നീ സ്പാനിഷ് താരങ്ങളാണ് . അരാനയും ലന്‍സറോട്ടെയും വിങ്ങര്‍മാരാണ്. ഓസ്ട്രേലിയന്‍ എ ലീഗില്‍ നിന്നാണ് അരാന ഐഎസ്എല്ലിലേക്ക് എത്തുന്നത്. റയല്‍ സരഗോസയില്‍ നിന്നും ഗോവയിലേക്ക് മാറിയ ലന്‍സറോട്ടെ അവസാന സീസണില്‍ ആറു ഗോളുകള്‍ നേടുകയും എട്ടോളം ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. മുപ്പത്തി നാലുകാരനായ കൊറോ സെകണ്ടറി സ്ട്രൈക്കര്‍, സെന്‍റര്‍ ഫോര്‍വേഡ് പോസീഷനുകളില്‍ ആവും കളിക്കുക. മുപ്പത്തിരണ്ടുകാരനായ അഡ്രിയാന്‍ കൊളുങ്കയും സെന്‍റര്‍ ഫോര്‍വേഡ് ആണ്.

ടീം
ഗോള്‍കീപ്പര്‍മാര്‍ : ലക്ഷ്മികാന്ത് കട്ടിമണി, ബ്രുണോ കൊളാകോ, നവീന്‍ കുമാര്‍

ഡിഫണ്ടേഴ്സ് : സെര്‍ജിയോ ജസ്റ്റെ, കൊന്‍ശം സിങ്, അമേയ് രണവാഡെ, നാരായണ്‍ ദാസ്,

മിഡ്ഫീല്‍ഡേഴ്സ് : സെരിട്ടന്‍ ഫെര്‍ണാണ്ടസ്, ജോവെല്‍ മാര്‍ട്ടിന്‍സ്, മൊഹമ്മദ്‌ യാസിര്‍, അഹമദ് ജഹവ്വ, ബ്രുണോ പിഞ്ഞോരോ, പ്രോണോയ് ഹാല്‍ഡര്‍, പ്രതേഷ് ഷിരോദ്കര്‍, എഡു ബെഡിയ, മന്ദാര്‍ റാവു ദേശായി, ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ്

ഫോര്‍വേഡ്സ് : മന്‍വീര്‍ സിങ്, മാനുവല്‍ അരാന, മാനുവല്‍ ലാന്‍സറോട്ടെ, കൊറോ, അഡ്രിയാന്‍ കൊളുങ്ക.

സ്പാനിഷ് തന്ത്രങ്ങള്‍ ഗോവന്‍ തീരങ്ങളില്‍ അലയടിക്കുമോ ?

ഫുട്ബാള്‍ മാനേജ്മെന്‍റ രംഗത്ത് സെര്‍ജിയോ ലൊബേരയുടെ പേര് കേട്ട് തുടങ്ങുന്നത് ബാഴ്‌സലോണയിലൂടെയാണ് . 1997-2006വരെയുള്ള നീണ്ട കാലഘട്ടം ബാഴ്‌സലോണ യൂത്ത് അക്കാദമിയുടെ ചുമതല വഹിച്ച ലൊബേര 2006-7 സീസണില്‍ ബാഴ്സയുടെ സി ടീം മാനേജറായി. പിന്നീട് 2014വരെ ടെറാസ്സ, സാന്‍ രോക്യു, ലാ പലാമസ് തുടങ്ങി ഒട്ടേറെ സ്പാനിഷ് ക്ലബ്ബുകളുടെ സാരഥ്യം ലൊബേരയുടെ ചുമലുകളിലായിരുന്നു. 2014ല്‍ മൊറോക്കയിലേക്ക് ചുമടുമാറിയ സെര്‍ജിയോ ലൊബേര 2017 വരെ മോഘ്രെബ് ട്ടെട്ടൗനിന്‍റെ മാനെജരായും പ്രവര്‍ത്തിച്ചു. 2014ല്‍ ഫിഫ ക്ലബ് ലോകകപ്പില്‍ ക്ലബ്ബിനു ഏഴാം സ്ഥാനം നേടിക്കൊടുക്കുന്നതില്‍ സെര്‍ജിയോ ലൊബേര വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. മൊറോക്കന്‍ ക്ലബ്ബിനെ മികച്ചൊരിടത്ത് എത്തിച്ച ശേഷമാണ് സെര്‍ജിയോ ലൊബേര ഭാഗ്യപരീക്ഷണത്തിനായി ഇന്ത്യയിലേക്ക് ഇറങ്ങുന്നത്.

Read More : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 4.0 : ചെന്നൈയിന്‍ എഫ്‌സി അവലോകനം

സ്പാനിഷ് ഫുട്ബാളിന്‍റെ അക്രമശൈലി കൈമുതലായുള്ള മാനേജരാണ് ലൊബേര. അതുകൊണ്ട് തന്നെയാണ് മൊറോക്കന്‍ ക്ലബ്ബില്‍ ചെയ്തതുപോലെ തന്നെ ഗോവന്‍ ക്ലബ്ബിലും കൂടുതല്‍ സ്പാനിഷ് താരങ്ങളെ പരീക്ഷിക്കാന്‍ ലൊബേര തുനിയുന്നത്. യുവത്വത്തിന്‍റെ ചുറുചുറുക്കിലല്ല അനുഭവസമ്പത്തിലാണ് തനിക്ക് കൂടുതല്‍ വിശ്വാസം എന്ന് സൂചിപ്പിക്കുന്നതാണ് സ്പാനിഷ് കോച്ചിന്‍റെ സൈനിങ്ങുകള്‍. ഏറെ അനുഭവസമ്പത്തുള്ള സ്പാനിഷ് താരങ്ങളുടെ ലൊബേര ഗോവയ്ക്ക് പരിചയപ്പെടുത്തുന്നത്. സെന്‍റര്‍ ബാക്കായ സെര്‍ജിയോ ജസ്റ്റെ ഒഴികെ മറ്റെല്ലാ വിദേശ താരങ്ങളും മുപ്പത് വയസ്സ് പിന്നിട്ടവരും ഒരുപാട് കാലത്തെ കളിപരിചയവും ഉള്ളവരാണ്. 4-3-3 എന്ന ശൈലിയാണ് സെര്‍ജിയോ ലൊബേരോ മിക്കവാറും പാലിച്ചുപോകുന്ന ഫോര്‍മേഷന്‍.

എഫ്സി ഗോവയിലെത്തുമ്പോള്‍ സെന്‍റര്‍ മിഡ്ഫീല്‍ഡര്‍ക്ക് പകരം ഒരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെ ഉപയോഗിക്കുവാനും സാധ്യതയുണ്ട്. ഏറെ അനുഭവസ്തനായ ലക്ഷ്മികാന്ത് കട്ടിമണി തന്നെയാവും ഗോള്‍ കീപ്പര്‍. സെന്‍റര്‍ ബാക്കായി സെര്‍ജിയോ ജസ്റ്റെ ഉറപ്പാണ്. ബ്രുണോ പിഞ്ഞോരോ എന്ന അനുഭവസ്തനായ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറെയേയോ മൊറോക്കയില്‍ തന്‍റെ കീഴില്‍ കളിപ്പിച്ചിട്ടുള്ള അഹമദ് യാസിറിനേയോ ലൊബേരോ സെന്‍റര്‍ ബാക്കായി കളിപ്പിച്ചേക്കാം. പത്തൊമ്പതും ഇരുപതും വയസ്സുള്ള ഇന്ത്യന്‍ താരങ്ങളായ കൊന്‍ശാം സിങ്ങിനേയും അമേയ് രണവാഡെയേയും അത്രയും പ്രധാനപ്പെട്ട പൊസിഷനില്‍ കളിപ്പിച്ചേക്കില്ല. നാരായണ്‍ ദാസാകും ലെഫ്റ്റ് ബാക്ക്. റൈറ്റ് ബാക്കായി സെരിട്ടന്‍ ഫെര്‍ണാണ്ടസിനെയാവും പരിഗണിക്കുക. കഴിഞ്ഞ ഐ ലീഗ് സീസണില്‍ ചര്‍ച്ചില്‍ ബ്രദേഴ്സിന്‍റെ മധ്യനിരയില്‍ കളിച്ച സെരിട്ടന്‍ ഈ പോസീഷനിലും കളിക്കാന്‍ പ്രാപ്തനാണ്. കൃത്യമായി ഓരോ പൊസീഷനുകള്‍ കളിക്കാന്‍ ആളില്ലാ എന്നതും ഡ്രാഫ്റ്റിലോ സൈനിങ്ങിലോ പ്രതിരോധത്തിനു വേണ്ടത്ര ശ്രദ്ധ പതിപിച്ചില്ല എന്നതും ഗോവയ്ക്ക് തിരിച്ചടി തന്നെയാണ്. പ്രതിരോധത്തിലെ ബുദ്ധിമുട്ടുകളെ തരണം ചെയ്താല്‍ മാത്രമേ ലൊബേരയ്ക്കും സഖ്യത്തിനും മുന്നോട്ടു പോകുവാനാവൂ. അവിടെയാണ് ഒരു മാനേജറുടെ തന്ത്രപരമായ വിജയവും.

( 4-3-3 )ഞങ്ങള്‍ മുന്നോട്ടുവെക്കുന്നു സാധ്യത

ശക്തമായൊരു മധ്യനിര തന്നെയാണ് എഫ്സി ഗോവയ്ക്കുള്ളത്. ഇടതു വിങ്ങില്‍ മന്ദാര്‍ റാവു ദേശായി എന്ന വേഗതയുള്ള മിഡ്ഫീല്‍ഡറില്‍ ലൊബേരയ്ക്ക് പൂര്‍ണമായും വിശ്വാസമര്‍പ്പിക്കാം. വലതു വിങ്ങില്‍ അറ്റാക്കിങ് സ്വഭാവമുള്ള മിഡ്ഫീല്‍ഡര്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് കൂടിയാകുമ്പോള്‍ മധ്യനിരയുടെ അക്രമത്തിനു മൂര്‍ച്ച കൂടും. സാങ്കേതികമായി ഏറെ മികവ് പുലര്‍ത്തുന്ന ബ്രാന്‍ഡന്‍ മികച്ച ഫോര്‍മിലുമാണ്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായി നിലവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ചത് എന്ന് തന്നെ വിശേഷിക്കാവുന്ന പ്രോണോയ് ഹാല്‍ഡര്‍ ഉണ്ട്. ഡ്രാഫ്റ്റില്‍ ഏറെ മത്സരങ്ങള്‍ക്കൊടുവില്‍ ഗോവ സ്വന്തമാക്കിയ പ്രോണോയ് ആദ്യ ഇലവനില്‍ ഇടം നേടും എന്നത് തീര്‍ച്ച. ഇനി ഇതേ പോസീഷനില്‍ പകരക്കാരനായുള്ള പ്രതേഷ് ശിരോദ്കറും മികവുറ്റ താരം തന്നെ.

അക്രമനിരയില്‍ പൂര്‍ണമായുമൊരു സ്പാനിഷ് ആധിപത്യമുള്ള എഫ്സി ഗോവയെയാവും ഇത്തവണ ഐഎസ്എല്‍ കാത്തിരിക്കുന്നത്. അരാനയും ലാന്‍സറോട്ടെയും ഇരു വിങ്ങുകളെയും ചലിപ്പിക്കുമ്പോള്‍ സെന്‍റര്‍ ഫോര്‍വേഡായി കൊളുങ്കയ്ക്കാവും മുന്‍‌തൂക്കം. കൊറോയും പകരംവെക്കാന്‍ ഉണ്ട് എന്നത് ലൊബേരയ്ക്ക് പരീക്ഷണത്തിനുള്ള അവസരവും നല്‍കും.

( 4-2-3-1) ഞങ്ങള്‍ മുന്നോട്ടുവെക്കുന്നു സാധ്യത

4-2-3-1 എന്ന ഫോര്‍മേഷനും ഗോവയ്ക്ക് മുന്നില്‍ ഒരു സാധ്യതയായി ഉണ്ടാവും. പ്രോണോയിയെയും പ്രതേഷിനേയും ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കളിപ്പിച്ചു കൊണ്ട് ബ്രാന്‍ഡനെ അറ്റാക്കിങ് മിഡ്ഫീല്‍ഡിലും കളിപ്പിക്കുകയാണ്‌ എങ്കില്‍ ഇരു വിങ്ങുകളിലും സെന്‍റര്‍ ഫോര്‍വേഡായും സ്പാനിഷ് താരങ്ങള്‍ക്ക് കളിക്കാം എന്ന് മാത്രമല്ല, പ്രതിരോധം കൂടുതല്‍ ശക്തമാക്കുവാനും ലൊബേരയ്ക്കാവും. പ്രതീഷ് ശിഷോധറിനു പകരം മൊറോക്കന്‍ താരം അഹമദ് ജഹവ്വയേയും ഉപയോഗിക്കാവുന്നതാണ്. അങ്ങനെ വരുന്ന പക്ഷം ഒരു സ്പാനിഷ് വിങ്ങര്‍ക്ക് പകരം മന്ദാര്‍ റാവുവിനെ വിങ്ങില്‍ കളിപ്പിച്ചുകൊണ്ട് ഒരേ സമയം അഞ്ച് വിദേശ താരങ്ങളെ പറ്റുകയുള്ളൂ എന്ന കടമ്പയും ലൊബേരയ്ക്ക് മുറിച്ചുകടക്കാനാകും.

Read More : ഐഎസ്എല്ലിലെ ഏറ്റവും വിലയേറിയ പത്ത് വിദേശ താരങ്ങള്‍ ആരൊക്കെ ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook