മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗിൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ എടികെ മോഹൻ ബഗാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ച് ജംഷധ്പൂർ എഫ്സി. ജയത്തോടെ സീസണിലെ ലീഗ് വിന്നേഴ്സ് ഷീൽഡ് ജംഷഡ്പുർ എഫ്സി സ്വന്തമാക്കി.
56-ാം മിനിറ്റിൽ ഋത്വിക് ദാസ് ജംഷധ്പൂരിന് വേണ്ടി വിജയഗോൾ നേടി. ജയത്തോടെ 19 മത്സരങ്ങളിൽ നിന്ന് 43 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ജംഷധ്പൂർ എഫ്സി. ഒന്നാം സ്ഥാനക്കാരെന്ന നിലയിൽ വിന്നേഴ്സ് ഷീൽഡും എഎഫ്സി ചാംപ്യൻസ് ലീഗിൽ കളിക്കാനുള്ള യോഗ്യതയും ജംഷധ്പൂർ നേടി. 3.5 കോടി രൂപയും ജംഷഡ്പുർ എഫ്സിക്ക് ലഭിക്കും.
ജംഷധ്പൂർ, ഹൈദരാബാദ്, എടികെ മോഹൻ ബഗൻ, കേരള ബ്ലാസ്റ്റേഴ്സ് എന്നിങ്ങനെയാണ് യഥാക്രമം ആദ്യ നാല് സ്ഥാനങ്ങളിലുള്ള ടീമുകൾ. ഒന്നാം സ്ഥാനക്കാരായ ജംഷധ്പൂർ എഫ്സി ആദ്യ സെമിയിൽ നാലാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും. രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്സി മൂന്നാം സ്ഥാനക്കാരായ എടികെ മോഹൻ ബഗാനെ രണ്ടാം സെമിയിൽ നേരിടും.
ജംഷഡ്പുർ എഫ്സി – കേരള ബ്ലാസ്റ്റേഴ്സ് സെമിയുടെ ആദ്യ പാദം മാർച്ച് 11നും 15 നും നടക്കും. ഹൈദരാബാദ് എഫ്സി – എടികെ മോഹൻ ബഗാൻ രണ്ടാം സെമിയുടെ ആദ്യ പാദം മാർച്ച് 12നും രണ്ടാം പാദം16നും നടക്കും. മാർച്ച് 20നാണ് ഫൈനൽ.