ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാമത് സീസണിലെ കലാശക്കളിയില്‍ ബെംഗളൂരു എഫ്‌സിയെ പരാജയപ്പെടുത്തിക്കൊണ്ട് ചെന്നൈയിന്‍ എഫ്‌സി രണ്ടാമതൊരു കിരീടം ഏറ്റുവാങ്ങി. അരങ്ങേറ്റ സീസണില്‍ കപ്പുമായ് മടങ്ങാന്‍ പറ്റിയില്ലെങ്കിലും എടുത്തുപറയേണ്ട കളി തന്നെയാണ് ബംഗളൂരു എഫ്സി പുറത്തെടുത്തത്. എന്നാല്‍ മത്സരഫലം പുറത്തുവന്ന് മിനുട്ടുകള്‍ക്കകം തന്നെ വാക്പോരും വിവാദങ്ങളും ആരംഭിക്കുകയായിരുന്നു.

ചെന്നൈയിന്‍ ഫൈനല്‍ ജയിച്ചെങ്കിലും ലീഗ് ജയിച്ചത് തങ്ങളാണ് എന്ന് മത്സരത്തിന് ശേഷം ബെംഗളൂരു ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധു നടത്തിയ പ്രതികരണമാണ് വിവാദങ്ങള്‍ക്ക്‌ തിരികൊളുത്തിയത്.

“ഫൈനല്‍ മത്സരം ജയിച്ച ചെന്നൈയിന്‍ എഫ്‌സിക്ക് അഭിനന്ദനങ്ങള്‍. പക്ഷെ ഞാന്‍ വിശ്വസിക്കുന്നത് ലീഗ് ജയിച്ച ഞങ്ങളാണ് ചാമ്പ്യന്മാര്‍ എന്നാണ് ” മത്സരശേഷം ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ പറഞ്ഞു.

ലീഗ് പോയന്‍റ് പട്ടികയില്‍ ഒന്നാമാന്മാരായാണ് അരങ്ങേറ്റ സീസണ്‍ കളിച്ച ബെംഗളൂരു എഫ്‌സി കളി അവസാനിപ്പിച്ചത്. പതിനെട്ട് മത്സരങ്ങളില്‍ നിന്നും നാല്‍പത് പോയന്‍റ് സ്വന്തമാക്കിയ ബെംഗളൂരുവിനെക്കാള്‍ എട്ട് പോയന്‍റ് പിന്നിലാണ് രണ്ടാമതുള്ള ചെന്നൈയിന്‍ എഫ്‌സി. ലീഗിലെ എല്ലാ ടീമിനെയും തോല്‍പ്പിച്ച റെക്കോഡ് ഉള്ള ബെംഗളൂരു മാത്രമാണ് വിജയത്തില്‍ രണ്ടക്കം കണ്ട ഒരേയൊരു ടീം. പതിമൂന്ന് കളികളാണ് ബെംഗളൂരു വിജയിച്ചത്. രണ്ട്- മൂന്ന്‍- നാല് സ്ഥാനങ്ങളിലുള്ള ചെന്നൈയിനും ഗോവയും പൂനെയും ഒമ്പത് കളികള്‍ ജയിച്ചവരാണ്.

Read More : റിനോ ആന്റോ ബ്ലാ‌സ്റ്റേ‌ഴ്‌സ് വിടുന്നു, ബെംഗളൂരു എഫ്‌സിയുമായി ധാരണയായി

ലോകത്തെ മറ്റ് പ്രധാന ഫുട്ബാള്‍ ലീഗുകളില്‍ നിന്നും വേറിട്ട ഫോര്‍മാറ്റ് ആണ് ഐഎസ്എല്ലില്‍ പിന്തുടരുന്നത്. പോയന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനക്കാര്‍ തമ്മില്‍ മാറ്റുരയ്ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മാതൃകയാണ് ഐഎസ്എല്‍ പിന്തുടരുന്നത്.

ഉദാന്താ സിങ്ങിനെതിരെ ഉയര്‍ന്ന ഓഫ് സൈഡ്.

അതേസമയം ഗുര്‍പ്രീതിന്റെ പ്രസ്താവനയില്‍ വിമര്‍ശിച്ചുകൊണ്ട് ചെന്നൈയിന്‍ എഫ്സി കോച്ച് ജോണ്‍ ഗ്രിഗറി മുന്നോട്ടുവന്നു.
” ഇരുപത് വര്‍ഷം മുന്‍പ് യുകെയിലും പ്ലേ ഓഫ് ഉണ്ടായിരുന്നു. ആറാം സ്ഥാനത്ത് കളി അവസാനിപ്പിക്കുന്നവര്‍ക്ക് പ്ലേ ഓഫില്‍ പങ്കെടുക്കാമായിരുന്നു. ഇരുപത് പോയന്റ് പിന്നിലുള്ളവര്‍ക്കും അത് വീണ്ടും അവസരമുണ്ടാക്കും. ഗുര്‍പ്രീതിന്റെ വാക്കുകളെ ഞാന്‍ അപലപിക്കുന്നു.” മുന്‍ ആസ്റ്റോണ്‍ വില കോച്ച് പറഞ്ഞു.

കളിയിലെ റഫറിങ് പിഴവുകള്‍ളാണ് മറ്റൊരു വിവാദം. ഉദാന്താ സിങ്ങിന്റെ ഗോള്‍ ഓഫ്സൈഡ് വിളിച്ചതും നിഷുകുമാരിനെ ഫൗള്‍ ചെയ്തതിന് ബെംഗളൂരുവിന് നഷ്ടമായ പെനാല്‍റ്റിയും വിമര്‍ശനവിധേയമായ് തുടരുന്നു.

ചെന്നൈയിന്‍ ബോക്സില്‍ നിഷുകുമാറിനെതിരായ ഫൗള്‍

ഈ രണ്ട് റഫറിങ് പിഴവുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആള്‍ ഇന്ത്യാ ഫുട്ബാള്‍ ഫെഡറേഷന് കത്തെഴുതും എന്ന് ബെംഗളൂരു എഫ്‌സി ഉടമ പാര്‍ഥ് ജിന്‍ഡാല്‍ ട്വീറ്ററിലൂടെ പ്രതികരിച്ചു.

ഉദാന്താ സിങ്ങിനെതിരെ ഉയര്‍ന്ന ഓഫ് സൈഡ് ഫ്ലാഗും നിഷുകുമാറിന്റെ പെനാല്‍റ്റിയും അനുവദിച്ചുകൊടുക്കാത്തത് റഫറിങ്ങിലെ പിഴവാണ് എന്നാരോപിച്ച ജിന്‍ഡാല്‍. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അടുത്ത സീസണ്‍ മുതലെങ്കിലും വീഡിയോ സഹായത്തിലുള്ള റഫറിങ് കൊണ്ടുവരേണ്ടതുണ്ട് എന്നും അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ