ഫുട്‌ബോളിന്റെ പൂരമായ ഐഎസ്എല്ലിന് അരങ്ങുണരാന്‍ ഇനി നാളുകള്‍ മാത്രം. ഐഎസ്എല്ലിന്റെ ആറാം സീസണിന് ഒക്ടോബര്‍ 20 ന് തുടക്കം കുറിക്കും. ആദ്യ അങ്കത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് രണ്ട് വട്ടം ചാമ്പ്യന്മാരായ എടികെയെ നേരിടും. കൊച്ചിയിലായിരിക്കും ഉദ്ഘാടന മത്സരം.
നിലിവലെ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്‌സിയുടെ ആദ്യ മത്സരം സ്വന്തം തട്ടകത്തില്‍ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെയാണ്. 2020 ഫെബ്രുവരി 23 നാണ് അവസാന ലീഗ് മത്സരം. പിന്നാലെ പ്ലേ ഓഫ് മത്സരങ്ങളും അരങ്ങേറും. പ്ലേ ഓഫിന്റെ സമയക്രമം പിന്നീട് പുറത്തു വിടുന്നതായിരിക്കും.
നേരത്തെ എഫ്‌സി പൂനെ സിറ്റി ഫ്രാഞ്ചൈസി ഉപേക്ഷിക്കുന്നതായും ഹൈദരാബാദിലേക്ക് മാറുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതുണ്ടാകില്ല. ഒക്ടോബര്‍ 25 ന് എടികെയ്‌ക്കെതിരെയാണ് പൂനെയുടെ ആദ്യ മത്സരം.
കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയും ബ്ലാസ്റ്റേഴ്സും തമ്മില്‍ തന്നെയായിരുന്നു ഉദ്ഘാടന മത്സരം. ലീഗ് ഘട്ടത്തില്‍ ആകെ 90 മത്സരങ്ങളാണ് നടക്കുക. ഒക്ടോബര്‍ 20-ന് മത്സരം തുടങ്ങുമെങ്കിലും അതിനിടയില്‍ നവംബര്‍ 10 മുതല്‍ 22 വരെ ഇടവേളയായിരിക്കും. അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായുള്ള ഇടവേളയാണിത്.