ബെംഗളൂരു : താന്‍ ചില്ലറക്കാരനല്ല പലതവണ തെളിയിച്ചിട്ടുള്ളയാളാണ് സ്റ്റീവ് കൊപ്പല്‍. ഇത്തവണ അത് അരിഞ്ഞിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബെംഗളൂരു എഫ് സി ആണ്. 90ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി കിക്കിലാണ് ജംഷഡ്പൂര്‍ അവേ വിജയം സ്വന്തമാക്കിയത്.  ട്രിന്‍ഡാഡേഗോണ്‍സാല്‍വസ് ആണ് ഗോള്‍ സ്കോറര്‍.

10 തവണ ജംഷഡ്പൂര്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിക്കുവാന്‍ ബെംഗളൂരുവിന് സാധിച്ചുവെങ്കിലും ‘സ്പൈഡര്‍-മാന്‍’ സുബ്രതാ പോളിന് കവച്ചുവെക്കുന്നതായിരുന്നില്ല അതില്‍ ഒരു ഷോട്ട്‌ പോലും. എട്ടു സേവുകള്‍ നടത്തിയ സുബ്രതാ പോളിന്‍റെയും ബെംഗളൂരുവിനായി ഒരു ഷോട്ട് ഉതിര്‍ക്കുകയും നാല് അവസരങ്ങള്‍ ഒരുക്കുകയും ചെയ്ത മിക്കുവും എടുത്തുപറയേണ്ട പ്രകടനങ്ങള്‍.

പന്ത് കൈവശപ്പെടുത്തുന്നതിലും കളിമെനയുന്നതിലും അക്രമത്തിലും ഉടനീളം മേല്‍ക്കോയ്മ നിലനിര്‍ത്തിയെങ്കിലും കളിയുടെ അവസാനഘട്ടത്തില്‍ രാഹും ഭേക്കെ വരുത്തിയ വീഴ്ച്ചയാണ് ആല്‍ബര്‍ട്ട് റോക്കോയുടെ സഖ്യത്തിനു തിരിച്ചടിയായത്. പരുക്കേറ്റ ജോണ്‍ ജോണ്‍സണ്‍ എന്ന സെന്‍റര്‍ ബാക്കിന്‍റെ അഭാവം ബെംഗളൂരുവിനെ ചെറുതായല്ല അലട്ടുന്നത് എന്ന് കാണിക്കുന്നതാണ് കഴിഞ്ഞ രണ്ടുകളികളും.

ബെംഗളൂരുവിന്‍റെ അക്രമനിര തുടക്കം മുതല്‍ കനത്ത സമ്മര്‍ദ്ദം ഏല്‍പ്പിച്ചുവെങ്കിലും അതിനെ ശക്തമായി പ്രതിരോധിക്കുന്നതായിരുന്നു ജംഷഡ്പൂരിന്‍റെ ഉരുക്കില്‍ കോപ്പലാശാന്‍ തീര്‍ത്ത പ്രതിരോധ നിര. ബെംഗളൂരുവിന്‍റെ ബാഴ്‌സലോണ സ്റ്റൈല്‍ ഫുട്ബാളില്‍ പതറാതെയും സംയമനം കൈവിടാതെയും കളിക്കുവാന്‍ ജംഷഡ്പൂര്‍ എഫ്സിക്ക് കഴിഞ്ഞു. പരുക്കേറ്റ അനസ് ഇടത്തോടിക്കയ്ക്ക് പകരമിറങ്ങിയ അറോയോയും ബികേയും നല്ലൊരു പങ്കാളിത്തം തന്നെയാണ് കാഴ്ചവെച്ചത്.

വലത് വിങ്ങിലൂടെ ചീറിപ്പായുന്ന ബെംഗളൂരുവിന്‍റെ യുവരക്തം ഉദാന്താ സിങ്ങിനേയും ഇടതുവിങ്ങിലെ അനുഭവ സമ്പത്തായ സുനില്‍ ഛേത്രിയേയും തടുക്കാന്‍ മാത്രം പോരുന്നതായിരുന്നു സൗവിക് ചക്രബര്‍ത്തിയും സൗവിക് ഘോഷും അടങ്ങുന്ന വിങ് ബാക്കുകള്‍.

സീസണിന്‍റെ തുടക്കത്തില്‍ ലഭിച്ച മേല്‍ക്കോയ്മ നഷ്ട്ടപ്പെട്ടു എന്നത് ബെംഗളൂരുവിന് തിരിച്ചടി തന്നെയാണ്. വരും കളികളില്‍ പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കുക എന്നത് തന്നെയാവും ബെംഗളൂരു എഫ്സിയുടെ ലക്ഷ്യം. അതേസമയം, ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തുക എന്നത് അപ്രാപ്യമായ കാര്യമല്ല എന്ന് തെളിയിക്കുകയാണ് തുടക്കക്കാരയ ജംഷഡ്പൂര്‍ എഫ്‌സി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ