ഇന്റര്‍കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിനുള്ള 25 അംഗ ഇന്ത്യൻ ടീമിനെ കോച്ച് ഇഗോർ സ്റ്റിമാച്ച് പ്രഖ്യാപിച്ചു. മൂന്ന് മലയാളികകൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. സീനിയർ താരം അനസ് എടത്തൊടികക്ക് പുറമെ ജോബി ജസ്റ്റിൻ, സഹൽ അബദുൾ സമദ് എന്നിവരാണ് ഇന്ത്യൻ ടീമിലെ മലയാളി സാനിധ്യം. നിലവിലെ 25 അംഗ ടീമിൽ നിന്ന് രണ്ട് താരങ്ങളെ ടൂർണമെന്റിന് തൊട്ടുമുമ്പ് ഒഴിവാക്കും. 23 അംഗ ടീമാകും ടൂർണമെന്റിൽ പങ്കെടുക്കുക.

ഇന്ത്യൻ ആരോസ് യുവതാരം നരേന്ദർ ഗെലോട്ട്, മന്ദർ റാവു ദേശായി എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. മുംബൈയിൽ നടന്ന പരിശീലന ക്യാമ്പിൽ നിന്നുമാണ് അന്തിമ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 35 താരങ്ങളാണ് പരിശീലന ക്യാമ്പിൽ പങ്കെടുത്തത്. ഇതിൽ നിന്നും സീനിയർ താരങ്ങളായ ബൽവന്ദ് സിങും ജാക്കീചന്ദ് സിങും ഉൾപ്പടെ 10 പേരാണ് പുറത്തായത്.

ജൂലൈ ഏഴിന് അഹമ്മദാബാദിലാണ് ടൂര്‍ണമെന്റിന് കിക്കോഫ്. ഇന്ത്യയ്ക്കു പുറമേ സിറിയ, താജിക്കിസ്ഥാൻ, ഉത്തരകൊറിയ ടീമുകളാണ് ടൂർ‌ണമെന്റിൽ പങ്കെടുക്കുന്നത്. താജിക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മൽസരം. ജൂലൈ ഏഴിനാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. ജൂലൈ ആറിന് ഇന്ത്യൻ ടീം അഹമ്മദാബാദിലെത്തും.