ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ ചരിത്ര വിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ പ്രകടനം ബജറ്റിലും. രണ്ടാം എൻഡിഎ സർക്കാരിന്റെ രണ്ടാം സമ്പൂർണ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ത്യൻ വിജയത്തെ ഉദ്ദരിച്ചത്. വിജയത്തിലെത്താനുള്ള രാജ്യത്തിന്റെ അടങ്ങാത്ത ദാഹത്തിന്റെ പ്രതീകമാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ നേടിയ ചരിത്ര വിജയമെന്ന് ധനമന്ത്രി പറഞ്ഞു.
സ്ഥിര നായകൻ വിരാട് കോഹ്ലി ഇല്ലാതെ, മുതിർന്ന താരങ്ങളെല്ലാം പരുക്കിന് പിടിയിലായിട്ടും ഇന്ത്യ 2-1ന് ബോർഡർ – ഗവാസ്കർ ട്രോഫി നിലനിർത്തുകയായിരുന്നു. തികച്ചും പുതിയൊരു ലൈനപ്പുമായി കരുത്തരായ ഓസ്ട്രേലിയയെ നേരിട്ട ഇന്ത്യ ആദ്യ മത്സരത്തിൽ നാണംകെട്ട പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് ശക്തമായ തിരിച്ചുവരവ് നടത്തിയത്.
Also Read: സ്റ്റേഡിയത്തിലേക്ക് കാണികൾക്കും പ്രവേശനം; ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം നേരിട്ട് ആസ്വാദിക്കാം
“ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീം നേടിയ വിജയം ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഒരു രാജ്യമെന്ന നിലയിൽ നമുക്ക് എത്രത്തോളം സന്തോഷം തരുന്നതാണെന്ന് എനിക്ക് മനസിലാക്കാം. ഇത് വ്യക്തികളെന്ന നിലയിൽ പ്രത്യേകിച്ച് നമ്മുടെ യുവാക്കളുടെ വിജയത്തിലെത്താനുള്ള അടങ്ങാത്ത ദാഹത്തെ പ്രതീകപ്പെടുത്തുന്നു,” നിർമല സീതാരാമൻ പറഞ്ഞു.
Also Read: തോളിൽ രക്തം കട്ടപിടിച്ചു, ഏറുകൊണ്ട് വിരൽ ഒടിഞ്ഞുവെന്ന് തോന്നി; കൂടുതൽ വെളിപ്പെടുത്തലുമായി പൂജാര
നേരത്തെ ഇന്ത്യൻ ടീമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. ഊർജ്ജസ്വലവും അഭിനിവേശം നിറഞ്ഞതുമായ പ്രകടനം എന്നാണ് പ്രധാനമന്ത്രി ഇന്ത്യൻ വിജയത്തെ വർണിച്ചത്. ചടുലതയും ദൃഢനിശ്ചയവും മത്സരത്തിൽ ഉടനീളം കാണാനായി. ടീമിന് അഭിനന്ദനങ്ങൾ. ഭാവിയിലേയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.