ഐപിഎല്ലിന് നാളെ കൊടിയേറ്റം; ആദ്യ മത്സരം മുംബൈയും ബാംഗ്ലൂരും തമ്മിൽ

കോവിഡ് കാരണം ഈ വർഷത്തെ മത്സരങ്ങൾ ആളില്ലാത്ത സ്റ്റേഡിയങ്ങളിലാണ് നടക്കുക. ഒരു ടീമിനും ഹോം മത്സരങ്ങൾ ഉണ്ടാകില്ല

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാലാം സീസണ് നാളെ തുടക്കമാകും. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ രാത്രി 7:30ന് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ആദ്യ മത്സരം. കോവിഡ് വ്യാപനത്തിന്റെ ഇടയിലാണ് ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ നടക്കുന്നത്. എന്നാൽ മത്സരത്തിന്റെ ആവേശത്തിന് കോവിഡ് ഭീഷണിയാകില്ലന്നാണ് പ്രതീക്ഷ.

നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഹാട്രിക്ക് കിരീടമെന്ന ലക്ഷ്യത്തോടെയാണ് ഈ തവണ ഇറങ്ങുന്നത്. 2016ൽ അവസാന നിമിഷം കൈവിട്ടു പോയ കിരീടം അഞ്ചു വർഷങ്ങൾക്കിപ്പുറം നേടാനുറച്ചാകും ബാംഗ്ലൂർ എത്തുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണ് നേർക്കുനേർ അങ്കത്തിനിറങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട്.

കഴിഞ്ഞ വർഷം കിരീടം നേടിയ ടീമിലെ പ്രധാനികളെ എല്ലാം നിലനിർത്തിയാണ് മുംബൈ ടീം ഇറങ്ങുന്നത്. അസറുദ്ധീൻ, സച്ചിൻ ബേബി തുടങ്ങിയ മലയാളി താരങ്ങൾ ഉൾപ്പടെ ബാറ്റിങ്ങിലും ബോളിങ്ങിലും അല്പം മാറ്റങ്ങൾ വരുത്തിയാണ് ബാംഗ്ലൂർ ടീം എത്തുന്നത്. മധ്യ ഓവറുകളിൽ കരുത്താകാൻ മാക്‌സ്‌വെൽ, കെയിൽ ജാമിസൺ, ഡാൻ ക്രിസ്റ്റ്യൻ എന്നീ വിദേശ താരങ്ങളുമായാണ് ബാംഗ്ലൂരിന്റെ വരവ്.

 

Read Also: റെക്കോർഡുകളുടെ ഐപിഎൽ; ഈ റെക്കോർഡുകൾ തകർക്കാൻ കുറച്ചു വിയർക്കേണ്ടി വരും

മുംബൈയുടെ ഓപ്പണർ ഡി കോക്ക് ഇല്ലാതെയാകും മുംബൈ നാളെ ഇറങ്ങുക. പാകിസ്താനുമായുള്ള മത്സരത്തിന് ശേഷം എത്തുന്ന ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന് ആദ്യത്തെ മൂന്ന് നാല് മത്സരങ്ങൾ നഷ്ടമാകും. ബാംഗ്ലൂർ നിരയിൽ കോവിഡ് മുക്തനായ ദേവദത്ത് പടിക്കൽ ടീമിനൊപ്പം ചേർന്നത് ടീമിന് ആശ്വാസം നൽകുന്നതാണ്. പരിശീലന മത്സരങ്ങളിൽ യുവതാരങ്ങളായ രജത് പതിദാറും, ഷഹബാസ് അഹമ്മദും മികച്ച കളി പുറത്തെടുത്തതും പ്രതീക്ഷ നൽകുന്നതാണ്.

ഡി കോക്കിന്റെ അഭാവത്തിൽ മുംബൈക്കായി ക്രിസ് ലിനും, രോഹിത് ശർമയുമാകും ബാറ്റിംഗ് തുടങ്ങുക. സൂര്യകുമാർ യാദവ്, ഹർദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ, രാഹുൽ ചഹാർ എന്നിവർ അവസാന ഇലവനിൽ ഇടം നേടും. ബാംഗ്ലൂരിന് വേണ്ടി വിരാട് കോഹ്‌ലിയും ദേവദത്ത് പടിയ്ക്കലും തന്നെയാകും ഓപ്പണിങ് റോളിൽ, മൂന്നമനായി ഡിവില്ലിയേഴ്സും അഞ്ചാമനായി മാക്‌സ്‌വെല്ലും എത്താനാണ് സാധ്യത. രജത് പതിദര്‍ നാലാമനായി എത്തുമ്പോള്‍ മലയാളി താരങ്ങളായ സച്ചിനും, അസറുദ്ധീനും അവസരം ലഭിക്കാൻ കാത്തിരിക്കേണ്ടി വരും.

ബോളിങ്ങിൽ വാഷിഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചഹൽ, നവദീപ് സെയ്നി, മുഹമ്മദ് സിറാജ് എന്നിവർ അവസാന പതിനൊന്നിൽ ഇടം നേടും. വിദേശ താരങ്ങളായി ഡിവില്ലിയേഴ്സിനും, മാക്സ്വെല്ലിനും പുറമെ ഡാൻ ക്രിസ്റ്റ്യനും, കെയിൽ ജാമിൻസനുമാണ് സാധ്യത.

കോവിഡ് കാരണം ഈ വർഷത്തെ മത്സരങ്ങൾ ആളില്ലാത്ത സ്റ്റേഡിയങ്ങളിലാണ് നടക്കുക. ഒരു ടീമിനും ഹോം മത്സരങ്ങൾ ഉണ്ടാകില്ല. ആദ്യത്തെ കുറച്ച് മത്സരങ്ങൾ ചെന്നൈയിലും മുംബൈയിലുമാണ് നടക്കുക. ശേഷിക്കുന്ന മത്സരങ്ങൾ ഡൽഹി, അഹമ്മദാബാദ്, ബാംഗ്ലൂർ, കൊൽക്കത്ത എന്നീ വേദികളിലായും നടക്കും. മെയ് 30 ന് അഹമ്മദാബാദിലാകും ഫൈനൽ മത്സരം.

Web Title: Indian premiere league ipl 14th season starting tommorow mi vs rcb match preview

Next Story
റെക്കോർഡുകളുടെ ഐപിഎൽ; ഈ റെക്കോർഡുകൾ തകർക്കാൻ കുറച്ചു വിയർക്കേണ്ടി വരും
The moderation of comments is automated and not cleared manually by malayalam.indianexpress.com