ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പന്ത്രണ്ടാം പതിപ്പിൽ ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്‌മിത്തും ഡേവിഡ് വാർണറും തിരിച്ചെത്തും. ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സസ്‌പെൻഷനിലായിരുന്ന താരങ്ങൾ ഐപിഎല്ലിലൂടെ ദേശീയ ടീമിലേയ്ക്കും മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

അതേസമയം, പാക്കിസ്ഥാനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ഇരുവര്‍ക്കും സ്ഥാനമില്ല. ലോകകപ്പിന് മുന്‍പ് ഓസ്‌ട്രേലിയ കളിക്കുന്ന അവസാന ഏകദിന പരമ്പരയാണ് പാക്കിസ്ഥാനെതിരെ ഷാര്‍ജയില്‍ നടക്കാന്‍ പോകുന്നത്. അതിനാല്‍ തന്നെ, വിലക്ക് കാലാവധി കഴിഞ്ഞ് വാര്‍ണറും സ്മിത്തും ടീമില്‍ ഇടം പിടിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.

പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് ഇരു താരങ്ങൾക്കും കഴിഞ്ഞ ഐപിഎല്ലും നഷ്ടമായിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ ജൊഹനാസ്ബർഗിൽ നടന്ന മത്സരത്തിലാണ് സംഭവം. ഇതേതുടർന്ന് ടീമിലെ നായകൻ സ്‌മിത്തിനെയും ഉപനായകൻ ഡേവിഡ് വാർണറെയും ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വർഷത്തേക്ക് വിലക്കുകയായിരുന്നു. പിന്നീട് ഐപിഎല്ലിലും താരങ്ങൾക്ക് കളിക്കാനായില്ല.

സ്‌മിത്ത് രാജസ്ഥാൻ റോയൽസിന്റെയും ഡേവിഡ് വാർണർ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും നായകനായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 12-ാം പതിപ്പിന് 2019 മാർച്ച് 23ന് തുടക്കമാകും. പൂർണമായും ഇന്ത്യയിൽ തന്നെയാകും ഇത്തവണയും മത്സരങ്ങൾ സംഘടിപ്പിക്കുക.

ഐപിഎല്ലില്‍ അടക്കം കളിച്ച് ശാരീരിക ക്ഷമത വീണ്ടെടുത്താല്‍ ഇരുവരേയും ലോകകപ്പിലും ആഷസിലും പരിഗണിക്കുമെന്ന് ഓസ്‌ട്രേലിയന്‍ സെലക്ടര്‍ ട്രെവര്‍ ഹോണ്‍സ് വ്യക്തമാക്കി. 2019 മെയ് 30 മുതലാണ് ഇംഗ്ലണ്ടിലും വെയില്‍സിലുമായി ലോകകപ്പിന് തുടക്കം കുറിക്കുന്നത്. ഏപ്രില്‍ 23 ന് ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോണ്‍ ഫിഞ്ചാണ് ഇപ്പോള്‍ ഓസീസ് ടീമിനെ നയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook