ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടിക്കൊണ്ട് ഇന്ത്യൻ ടീം ചരിത്രത്താളുകളിലാണ് ഇടം നേടിയത്. ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യ ഓസ്ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യ പരമ്പര നേട്ടത്തിന് വേണ്ടി ഇന്ത്യ കാത്തിരുന്നത് പതിറ്റാണ്ടുകളും 12 പര്യടനങ്ങളുമാണ്. സൗരവ് ഗാംഗുലിയും ധോണിയുമെല്ലാം പരാജയപ്പെട്ടിടത്താണ് കോഹ്ലിക്ക് കീഴിൽ ഇന്ത്യ ഓസ്ട്രേലിയയിൽ ചരിത്രമെഴുതിയത്.
Read: സിഡ്നി ടെസ്റ്റ് മഴയെടുത്തു; ഓസീസിനെ കാഴ്ചക്കാരാക്കി ടെസ്റ്റ് പരമ്പര ഇന്ത്യക്ക്
ചരിത്ര നേട്ടത്തിൽ ആഘോഷത്തിമിർപ്പിലാണ് ഇന്ത്യൻ ടീം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽനിന്നുതന്നെ ആഘോഷങ്ങൾക്ക് ഇന്ത്യൻ ടീം തുടക്കമിട്ടു. വിജയ ഡാൻസ് കളിച്ചാണ് ഇന്ത്യൻ ടീം ആഘോഷിച്ചത്. ടീമിന്റെ വ്യത്യസ്തമായ നൃത്തച്ചുവടുകൾ ക്രിക്കറ്റ് ലോകത്തിന് പുതുമയുള്ള കാഴ്ചയായി.
ഇന്ത്യൻ ടീമിന്റെ വിക്ടറി ഡാൻസിന് പിന്നിൽ റിഷഭ് പന്താണെന്ന് വെളിപ്പെടുത്തുകയാണ് വിരാട് കോഹ്ലി. ”പന്താണ് ആദ്യം നൃത്തം വച്ചത്. അവൻ എന്താണ് ചെയ്യുന്നതെന്ന് ആദ്യം ഞങ്ങൾക്ക് മനസ്സിലായില്ല. പിന്നെ കൊള്ളാമല്ലോയെന്നു കണ്ടപ്പോൾ ഞങ്ങളെല്ലാവരും കളിച്ചു. വളരെ എളുപ്പമുള്ള സ്റ്റെപ്പുകളായിരുന്നു. പക്ഷേ പൂജാരയ്ക്ക് കളിക്കാനായില്ല. ഈ സമയം പന്ത് തന്നെ പൂജാരയുടെ കൈ പിടിച്ച് ഡാൻസ് കളിപ്പിക്കാൻ ശ്രമിച്ചു,” കോഹ്ലി മത്സരശേഷം പറഞ്ഞു.
Cheteshwar Pujara: can bat, can't dance?
Celebrations have well and truly begun for Team India! #AUSvIND pic.twitter.com/XUWwWPSNun
— cricket.com.au (@cricketcomau) January 7, 2019
ഇന്ത്യയും ഓസീസും തമ്മിലുളള നാലാമത്തെയും അവസാനത്തെയും ടെസ്റ്റിൽ അഞ്ചാം ദിനം പൂർണ്ണമായും മഴ കൊണ്ടുപോയി. ഉച്ചവരെയുളള കളി തടസപ്പെട്ടതോടെ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയിൽ പിരിയാൻ തീരുമാനിച്ചു. ഇതോടെ ഇന്ത്യയുടെ വിജയപ്രതീക്ഷ അസ്തമിച്ചെങ്കിലും ആദ്യ മൂന്ന് ടെസ്റ്റിൽ 2-1 ന് മുന്നിൽ നിന്നത് നേട്ടമായി.
Read: ഭാര്യയെ വാരിപ്പുണർന്ന് കോഹ്ലി, ചരിത്ര വിജയത്തിൽ വികാരഭരിതയായി അനുഷ്ക
ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ പരമ്പര നേടുന്ന അഞ്ചാമത്തെ മാത്രം സന്ദർശക രാജ്യമാണ് ഇന്ത്യ. ഇതിന് മുമ്പ് ഇംഗ്ലണ്ട്, വിൻഡീസ്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾ മാത്രമാണ് ഓസ്ട്രേലിയയിൽ അവർക്കെതിരെ പരമ്പര നേടിയിട്ടുള്ളത്.
Series victory, Indian team dancing to "mere desh ki darti", nagin dance, making Pujara dance
( via Whatsapp) pic.twitter.com/PO3f4SrgJD
— Vinay (@SemperFiUtd) January 7, 2019
ഒരു ഏഷ്യൻ രാജ്യം ഓസ്ട്രേലിയയിൽ പരമ്പര സ്വന്തമാക്കുന്നത് ഇത് ആദ്യമായാണ്. കഴിഞ്ഞ 71 വർഷങ്ങൾക്കിടയിൽ ഏഷ്യൻ രാജ്യങ്ങൾ മാത്രം 31 പരമ്പരകളിലായി 98 ടെസ്റ്റ് മത്സരങ്ങൾ കളിച്ചെങ്കിലും ഒടുവിൽ ലക്ഷ്യത്തിലെത്താൻ സാധിച്ചത് ഇന്ത്യക്ക് മാത്രമാണ്. ഓസ്ട്രേലിയയിൽ ടെസ്റ്റ് കളിക്കുന്ന ഏഷ്യയിൽ നിന്നുള്ള 29-ാമത്തെ നായകനാണ് വിരാട് കോഹ്ലി. മറ്റാർക്കും നേടാനാകാത്ത ആ നേട്ടം തന്റെ കിരീടത്തിലെ പൊൻതൂവലാക്കിയിരിക്കുകയാണ് താരം.