മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്ത് വാരിയതോടെ റാങ്കിങ്ങിലും നേട്ടമുണ്ടാക്കി ഇന്ത്യൻ താരങ്ങൾ. വിൻഡീസിനെ രണ്ട് മത്സരങ്ങളിലും ചുരുട്ടികെട്ടിയതിൽ നിർണ്ണായക പങ്ക് വഹിച്ച ബാറ്റ്സ്മാന്മാരും ബോളർമാരും അവരുടെ സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. ടീം റാങ്കിങ്ങിൽ ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി ഒന്നാം സ്ഥാനം നിലനിർത്തി. ആദ്യ ടെസ്റ്റിൽ രാജ്കോട്ടിൽ സെഞ്ചുറി നേടിയ കോഹ്‍ലി ഹൈദരാബാദ് ടെസ്റ്റിൽ അർദ്ധ സെഞ്ചുറിക്ക് അരികിൽ പുറത്താകുകയായിരുന്നു. വിൻഡീസിന്റെ ഇന്ത്യൻ പരമ്പരയിലും മികച്ച ഫോം തുടർന്നതോടെ കോഹ്‍ലിയുടെ ഒന്നാം സ്ഥാനത്തിന് ഒരു അനക്കവും സംഭവിച്ചില്ല.

മുൻനിര ബാറ്റ്സ്മാൻ ചേതേശ്വർ പൂജാരയും ബാറ്റ്സ്മാന്മാരുടെ പട്ടികയിൽ ആദ്യപത്തിൽ സ്ഥാനം നിലനിർത്തി. ആറാം സ്ഥാനത്താണ് ചേതേശ്വർ പൂജാര. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത അജിങ്ക്യ രഹാനെയും റാങ്ക് മെച്ചപ്പെടുത്തി 18-ാം സ്ഥാനത്തെത്തിയിട്ടുണ്ട്.

അരങ്ങേറ്റ പരമ്പരയിൽ തന്നെ തകർപ്പൻ ബാറ്റിങ്ങുമായി മാൻ ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ട യുവതാരം പൃഥ്വി ഷായാണ് നേട്ടമുണ്ടാക്കിയ മറ്റൊരു ഇന്ത്യൻ താരം. രണ്ട് മത്സരങ്ങൾ മാത്രം കളിച്ച ഷാ 60-ാം സ്ഥാനത്തെത്തി. മറ്റൊരു യുവതാരം ഋഷഭ് പന്തും 23 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 62-ാം റാങ്കിലെത്തി.

ബോളർമാരുടെ പട്ടികയിൽ മുൻനിര താരങ്ങളെല്ലാം സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ നേട്ടമുണ്ടാക്കിയത് പേസർ ഉമേഷ് യാദവാണ്. ഹൈദരാബാദ് ടെസ്റ്റിലെ പത്ത് വിക്കറ്റ് നേട്ടമുൾപ്പടെ മികച്ച പ്രകടനം പുറത്തെടുത്ത ഉമേഷ് യാദവ് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തെത്തി. ബോളർമാരുടെ പട്ടികയിൽ നാലാം സ്ഥാനം രവീന്ദ്ര ജഡേജയും എട്ടാം സ്ഥാനം രവിചന്ദ്രൻ അശ്വിനും നിലനിർത്തി.

ഓൾറൗണ്ടർമാരിൽ നേട്ടമുണ്ടാക്കിയത് വിൻഡീസ് ക്യാപ്റ്റൻ ജേസൻ ഹോൾഡറാണ്. ബാറ്റ് കൊണ്ടും ബോളുകൊണ്ടും ഇന്ത്യക്കെതിരെ തിളങ്ങിയ ഹോൾഡർ മൂന്നാം സ്ഥാനത്തേക്കുയർന്നു. രണ്ടാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ താരങ്ങളിൽ മുന്നിൽ. രവിചന്ദ്രൻ അശ്വിൻ അഞ്ചാം സ്ഥാനത്തുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook