കൊൽക്കത്ത: കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ മണ്ണിൽ എതിരാളികളെ ഇന്ത്യ വീഴ്ത്തിയത് സ്‌പിന്നർമാരുടെ കരുത്തിലായിരുന്നു. എന്നാൽ അശ്വിനും ജഡേജയുമെല്ലാം അടങ്ങുന്ന സ്‌പിൻ സ്ക്വാഡിനെ കാഴ്ചക്കാരക്കി ഇന്ത്യൻ വിജയത്തിൽ നിർണായക സാനിധ്യമായി മാറിയിരിക്കുകയാണ് പേസ് നിര. ക്രിക്കറ്റ് ആരാധകർ അത്ഭുതത്തോടെ തന്നെയാണ് ഇന്ത്യൻ പേസിന്റെ വേഗതയെയും കൃത്യതയെയും നോക്കി കാണുന്നത്. രണ്ട് ഇന്നിങ്സുകളിലുമായി വീണ ബംഗ്ലാദേശിന്റെ 19 വിക്കറ്റും ഇന്ത്യൻ പേസർമാർ വീഴ്ത്തിയതായിരുന്നു. ഇന്ത്യൻ വിജയം അനായാസവും ആധികാരികവുമാക്കിയതും പേസർമാരുടെ പ്രകടനം തന്നെ.

ഇന്ത്യയ്ക്കുവേണ്ടി പേസർമാർ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മത്സരം കൂടിയായിരുന്നു കൊൽക്കത്തയിലെ പിങ്ക് ബോൾ ടെസ്റ്റ്. ശ്രീലങ്കയുടെ 17 വിക്കറ്റുകൾ വീഴ്ത്തിയ പ്രകടനത്തെയാണ് ഷമിയും ഉമേഷും ഇഷാന്തും ചേർന്ന് തിരുത്തിയെഴുതിയത്.

പിങ്ക് ബോളിൽ ഇന്ത്യൻ പേസർമാർ ആധിപത്യം ഏറ്റെടുത്തപ്പോൾ ബംഗ്ലാദേശ് ബാറ്റ്സ്മാന്മാർ അതിവേഗം കൂടാരം കയറി. ആദ്യ ഇന്നിങ്സിൽ ഇഷാന്ത് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ രണ്ടാം ഇന്നിങ്സിൽ ഉമേഷ് യാദവ് അഞ്ചു വിക്കറ്റ് വീഴ്ത്തി മിന്നലായി.

ഇൻഡോറിൽ നടന്ന ആദ്യ മത്സരത്തിൽ അശ്വിൻ വീഴ്ത്തിയ അഞ്ചു വിക്കറ്റുകൾ മാറ്റിനിർത്തിയാൽ രണ്ടു മത്സരങ്ങളിലുമായി ബാക്കി വിക്കറ്റുകൾ വീഴ്ത്തിയത് മുഴുവൻ പേസർമാരായിരുന്നു. രണ്ടു മത്സരങ്ങളിൽ നിന്നുമായി 12 വിക്കറ്റ് വീഴ്ത്തിയ ഇഷാന്താണ് കളിയിലെയും പരമ്പരയിലെയും താരം. ഉമേഷ് യാദവും 12 വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ ഷമിയുടെ അക്കൗണ്ടിലും ഒമ്പത് വിക്കറ്റുകളുണ്ട്.

കഴിഞ്ഞ അഞ്ചു വർഷത്തെ കണക്കെടുത്താൽ കളിച്ച 28 മത്സരങ്ങളിൽ 23ലും ഇന്ത്യൻ ബോളർമാർ എതിരാളികളുടെ 20 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook