പെര്‍ത്ത്: ആദ്യ ടെസ്റ്റിലെ വിജയം ആവര്‍ത്തിക്കാനൊരുങ്ങി വിരാടും സംഘവും. പെര്‍ത്ത് ടെസ്റ്റിന് മുന്നോടിയായി പിച്ച് പരിശോധിച്ച വിരാട് പിച്ചിലെ പച്ചപ്പ് തങ്ങളെ ഭയപ്പെടുത്തില്ലെന്ന് വ്യക്തമാക്കി. അഡ്‌ലെയ്ഡിലേതിനേക്കാള്‍ കൂടുതല്‍ പുല്ലുള്ള പിച്ച് വേണമെന്നാണ് തങ്ങളും ആഗ്രഹിച്ചതെന്നും പിച്ച് പരിശോധിച്ച ശേഷം വിരാട് പറഞ്ഞു.

ഇതുപോലെയുളള പിച്ച് ഇന്ത്യക്ക് പുതുമയല്ലെന്നും ഭയത്തേക്കാള്‍ കൂടുതല്‍ ആശങ്കയാണുണ്ടാക്കുന്നതെന്നും വിരാട് പറഞ്ഞു. എന്നാല്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കുന്നൊരു ബോളിങ് നിരയാണ് ഇന്ത്യക്കുള്ളതെന്നും അതുകൊണ്ട് ഭയമില്ലെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. കൂടാതെ ഇത്തരം പിച്ചുകളില്‍ ആരാണ് ഫേവറേറ്റ് എന്നു പറയാനാകില്ലെന്നും നന്നായി കളിക്കുന്നവര്‍ ജയിക്കുമെന്നും വിരാട് അഭിപ്രായപ്പെട്ടു.

പെര്‍ത്തിലേതു പോലെ തന്നെ പച്ചപ്പുള്ള പിച്ചായിരുന്നു ദക്ഷിണാഫ്രിക്കയിലെ ജൊഹാനസ്ബര്‍ഗിലേതെന്നും വിരാട് ചൂണ്ടിക്കാണിച്ചു. അവിടെ ജയിച്ചതാണെന്നും കഴിഞ്ഞ 10 വര്‍ഷത്തിനിടെ കളിച്ച ഏറ്റവും അപകടം നിറഞ്ഞ പിച്ചായിരുന്നു അതെന്നും വിരാട് ഓര്‍മ്മിച്ചു. എന്നാല്‍ അത്ര ദുഷ്‌കരമല്ല പെര്‍ത്തിലേതുമെന്നും വിരാട് പറഞ്ഞു.

ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയെ നേരിടാനിറങ്ങിയപ്പോഴത്തെ അതേ മാനസികാവസ്ഥയിലാണ് പെര്‍ത്തില്‍ ഓസ്‌ട്രേലിയക്കെതിരെയും ഇറങ്ങുന്നത്. ജൊഹാനസ്ബര്‍ഗില്‍ ബാറ്റിങ് തീര്‍ത്തും ദുഷ്‌കരമായിരുന്നു. പെര്‍ത്തില്‍ ബാറ്റിങ് നിര കൂടി ഫോമിലായാല്‍ അത് നമ്മുടെ ബോളര്‍മാര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. മത്സരത്തിന് മുമ്പ് പിച്ചിലെ പുല്ല് നീക്കം ചെയ്യില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.

ടീമിന് ആത്മവിശ്വാസമുണ്ടെന്നും അഡ്‌ലെയ്ഡിലെ പോലെ തന്നെ ഇവിടേയും നന്നായി പന്തെറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു പറഞ്ഞ വിരാട് ബാറ്റ്സ്മാന്മാരും നന്നായി കളിക്കുമെന്നും ഉറപ്പ് പറഞ്ഞു. പച്ചപ്പുളള പിച്ചില്‍ ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ വീണു പോകുന്നതിനെ കുറിച്ച് വീണ്ടും ചർച്ചയാകുന്നതിനിടെയാണ് ആത്മവിശ്വാസം നിറഞ്ഞ വാക്കുകളുമായി കോഹ്‌ലി എത്തുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook