ന്യൂഡൽഹി: ഗംഭീരമായ ഒരു കലണ്ടർ വർഷം അവസാനിപ്പിച്ചുകൊണ്ട് പുതുവർഷത്തിലേക്ക് കടക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. 2019ൽ ഏകദിന ലോകകപ്പിന്റെ സെമിയിൽ തോറ്റ് പുറത്തായത് മാറ്റിനിർത്തിയാൽ നേട്ടങ്ങളുടെ വർഷം തന്നെയായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീമിന്. 2020ൽ ഇന്ത്യയെ കാത്തിരിക്കുന്നത് ടി20 ലോകകപ്പ് ഉൾപ്പടെയുള്ള വലിയ പരമ്പരകളാണ്. ഏഷ്യ കപ്പും ടെസ്റ്റ് ചാംപ്യൻഷിപ്പിനും പുറമെ വിവിധ ഹോം – എവേ പരമ്പരകളുമടക്കം ടീമിന് തിരക്കിട്ട ഷെഡ്യൂളാണ് 2020ൽ കാത്തിരിക്കുന്നത്.
ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനം
ശ്രീലങ്കയുടെ ഇന്ത്യൻ പര്യടനമാണ് പുതുവർഷത്തിലെ ഇന്ത്യയുടെ ആദ്യ പരമ്പര. മൂന്ന് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയ്ക്കാണ് ദ്വീപുകാർ ഇന്ത്യയിലെത്തുന്നത്.
ജനുവരി 5 – ഒന്നാം ടി20 – വാങ്കഡെ സ്റ്റേഡിയം
ജനുവരി 7 – രണ്ടാം ടി20 – ഇൻഡോർ സ്റ്റേഡിയം
ജനുവരി 10 – മൂന്നാം ടി20 – പൂനെ സ്റ്റേഡിയം
Also Read: പുതുവർഷത്തിൽ പുതിയ ഇന്നിങ്സ്; ഹാർദിക് പാണ്ഡ്യക്ക് പ്രണയസാഫല്യം
ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം
ശ്രീലങ്കൻ ടീം മടങ്ങുന്നതോടെ ഓസ്ട്രേലിയ ഇന്ത്യയിലെത്തും. മൂന്ന് മത്സരങ്ങളടങ്ങുന്ന ഏകദിന പരമ്പരയ്ക്കാണ് ഓസിസ് ടീം ഇന്ത്യയിലെത്തുന്നത്. ജനുവരി 14 മുതൽ 19 വരെയാണ് ഓസ്ട്രേലിയയുടെ ഇന്ത്യൻ പര്യടനം
ജനുവരി 14 – ഒന്നാം ഏകദിനം – വാങ്കഡെ സ്റ്റേഡിയം
ജനുവരി 17 – രണ്ടാം ഏകദിനം – രാജ്കോട്ട് സ്റ്റേഡിയം
ജനുവരി 19 – മൂന്നാം ഏകദിനം – ചിന്നസ്വാമി സ്റ്റേഡിയം, ബെംഗളുരു
ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം
തുടർച്ചയായ രണ്ട് ഹോം പരമ്പരകൾക്ക് ശേഷമാണ് ഇന്ത്യ 2020ലെ തങ്ങളുടെ ആദ്യ എവേ പരമ്പരയ്ക്ക് ഇറങ്ങുന്നത്. ന്യൂസിലൻഡിലേക്കാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പറക്കുന്നത്. മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയും കിവീസും ന്യൂസിലൻഡ് മണ്ണിൽ ഏറ്റുമുട്ടുന്നുണ്ട്. അഞ്ച് ടി20 പരമ്പരകളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം.
Also Read: മങ്കാദിങ് ആവർത്തിക്കും, വിവാദത്തിന് തിരികൊളുത്തി അശ്വിൻ
ജനുവരി 24 – ഒന്നാം ടി20 – ഓക്‌ലൻഡ്
ജനുവരി 26 – രണ്ടാം ടി20 – ഓക്‌ലൻഡ്
ജനുവരി 29 – മൂന്നാം ടി20 – ഹാമിൽട്ടൺ
ജനുവരി 31 – നാലാം ടി20 – വെല്ലിങ്ടൺ
ഫെബ്രുവരി 2 – അഞ്ചാം ടി20 – ബേ ഓവൽ
ഫെബ്രുവരി 5 – ഒന്നാം ഏകദിനം – ഹാമിൾട്ടൺ
ഫെബ്രുവരി 8 – രണ്ടാം ഏകദിനം – ഓക്‌ലൻഡ്
ഫെബ്രുവരി 11 – മൂന്നാം ഏകദിനം – ബേ ഓവൽ
ഫെബ്രുവരി 21- ഒന്നാം ടെസ്റ്റ് – വെല്ലിങ്ടൺ
ഫെബ്രുവരി 29 – രണ്ടാം ടെസ്റ്റ് – ക്രൈസ്റ്റ് ചർച്ച്
ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനം
കഴിഞ്ഞ വർഷം അവസാനം ഇന്ത്യയിൽ വന്നുപോയ ദക്ഷിണാഫ്രിക്ക വീണ്ടും മാർച്ചിൽ ഇന്ത്യൻ പരമ്പരയ്ക്ക് എത്തും. മാർച്ച് 12 മുതൽ ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇരു ടീമുകളും കളിക്കുന്നത്.
മാർച്ച് 12 – ഒന്നാം ഏകദിനം – ധർമശാല
മാർച്ച് 15 – രണ്ടാം ഏകദിനം – ലഖ്‌നൗ
മാർച്ച് 18 – മൂന്നാം ഏകദിനം – കൊൽക്കത്ത
ഇന്ത്യൻ പ്രീമിയർ ലീഗ്
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിന് മാർച്ച് അവസാനം തുടക്കമാകും. മാർച്ച് 29ന് വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനമെന്ന് വ്യക്തമായിക്കഴിഞ്ഞു. എന്നാൽ വിദേശ താരങ്ങളെ ടൂർണമെന്റിന്റെ തുടക്കത്തിൽ ലഭ്യമാകില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക തുടങ്ങിയ ദേശീയ ടീമുകളിലെ താരങ്ങൾക്കായിരിക്കും ആദ്യ മത്സരങ്ങൾ നഷ്ടമാവുക.

ഇന്ത്യയുടെ ശ്രീലങ്കൻ പരമ്പര
ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിക്കുന്നതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീം നേരെ പുറപ്പെടുന്നത് ശ്രീലങ്കയിലേക്കാണ്. മൂന്ന് ഏകദിന മത്സരങ്ങളും ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ശ്രീലങ്കൻ പര്യടനം.
Also Read: IPL Auction 2020: കോടിപതികളും ലക്ഷപ്രഭുക്കളും; ഐപിഎൽ താരലേലത്തിൽ വിറ്റുപോയവർ ഇവർ
ഏഷ്യ കപ്പ്
ഇത്തവണത്തെ ഏഷ്യ കപ്പിന് ആതിഥേയത്വം വഹിക്കുന്നത് പാക്കിസ്ഥാനാണ്. അതുകൊണ്ട് തന്നെ സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യ കപ്പ് പോരാട്ടങ്ങളിൽ ഇന്ത്യ പങ്കെടുക്കുന്നതിൽ ഇതുവരെ സ്ഥിരീകരണമില്ല. ജൂലൈയിലായിരിക്കും ഇക്കാര്യത്തിൽ വ്യക്തത വരിക.
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം
ഏഷ്യ കപ്പിനും ടി20 ലോകകപ്പിനും ഇടയിൽ ഇന്ത്യ ഒരു ഹോം സീരിസ് കൂടി കളിക്കുന്നുണ്ട്. നിലവിലെ ഏകദിന ലോകചാംപ്യന്മാരായ ഇംഗ്ലണ്ടാണ് ഇന്ത്യയിൽ പരമ്പരയ്ക്കെത്തുന്നത്.
ടി20 ലോകകപ്പ്
ഏകദിന ലോകകപ്പ് രണ്ട് ജയങ്ങൾക്കിപ്പുറം നഷ്ടമായ ഇന്ത്യ രണ്ടാം ടി20 ലോകകിരീടം തേടി ഓസ്ട്രേലിയയിലെത്തും. 2020 ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ് ഓസ്ട്രേലിയയിൽ ടി20 ലോകകപ്പ് നടക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
Also Read: ലോകകപ്പ് മുതൽ ടെസ്റ്റ് ആധിപത്യം വരെ; ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ദശകം
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം
ടി20 ലോകകപ്പിന് ശേഷവും ഓസ്ട്രേലിയയിൽ തുടരുന്ന ഇന്ത്യ സന്ദർശകർക്കെതിരെ ഏകദിന – ടെസ്റ്റ് പരമ്പരകൾ കൂടി കളിക്കും. മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയക്കെതിരെ അവരുടെ മണ്ണിൽ കളിക്കുന്നത്. നവംബറിൽ ആരംഭിക്കുന്ന പരമ്പര ഡിസംബർ വരെ നീളും.