scorecardresearch
Latest News

ഒളിംപിക് വളയങ്ങള്‍ക്ക് മുകളില്‍ ആഘോഷം; ടോക്കിയോയ്ക്ക് നന്ദി പറഞ്ഞ് ശ്രീജേഷ്

ഐതിഹാസികമായിരുന്നു ടോക്കിയോയിലെ ഇന്ത്യന്‍ ഹോക്കി ടീമുകളുടെ യാത്ര

ഒളിംപിക് വളയങ്ങള്‍ക്ക് മുകളില്‍ ആഘോഷം; ടോക്കിയോയ്ക്ക് നന്ദി പറഞ്ഞ് ശ്രീജേഷ്
Photo: Twitter/ Sreejesh PR

ടോക്കിയോ: 41 വര്‍ഷത്തെ കാത്തിരിപ്പ്, ക്രിക്കറ്റും ഫുട്ബോളും ഇന്ത്യയെ കീഴടക്കിയപ്പോള്‍ തല താഴ്ത്തി നിന്ന ദേശിയ കായിക ഇനം. പക്ഷെ ടോക്കിയോ ഒളിംപിക്സിന് കൊടിയിറങ്ങുമ്പോള്‍ ഇന്ത്യയുടെ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ മടങ്ങുന്നത് തല ഉയര്‍ത്തി തന്നെയാണ്. ആ സന്തോഷം ഓരോ താരങ്ങള്‍ക്കുമുണ്ട്.

ടോക്കിയോയില്‍ ഒളിംപിക് വളയത്തിന് മുകളില്‍ കയറി മെഡല്‍ നേട്ടം ആഘോഷിച്ചാണ് താരങ്ങളുടെ മടക്കം. മലയാളി താരവും ഇന്ത്യയുടെ വെങ്കല മെഡല്‍ നേട്ടത്തില്‍ സുപ്രധാന പങ്ക് വഹിച്ച പി.ആര്‍ ശ്രീജേഷാണ് ട്വിറ്ററിലൂടെ ചിത്രം പങ്കു വച്ചത്.

“നാട്ടിലേക്ക് മടങ്ങാന്‍ സമയമായിരിക്കുന്നു, ടോക്കിയോയ്ക്ക് നന്ദി,” ശ്രീജേഷ് കുറിച്ചു.

ഐതിഹാസികമായിരുന്നു ടോക്കിയോയിലെ ഇന്ത്യന്‍ ഹോക്കി ടീമുകളുടെ യാത്ര. വെങ്കല മെഡല്‍ മത്സരത്തില്‍ പുരുഷ വിഭാഗം ജര്‍മനിയോട് 1-3 എന്ന നിലയില്‍ പുറകില്‍ നിന്നതിന് ശേഷം 5-4 എന്ന സ്കോറില്‍ വിജയം നേടിയെടുത്തു.

വനിതകളാകട്ടെ ഗൂപ്പ് ഘട്ടത്തില്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടു. പിന്നീട് രണ്ട് മത്സരങ്ങള്‍ വിജയിച്ച് ക്വാര്‍ട്ടറിലേക്ക്. ശക്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ചരിത്രത്തിലെ ആദ്യ സെമിയിലേക്ക് റാണി രാംപാലും കൂട്ടരും കുതിച്ചത്.

സെമിയിലും, വെങ്കല മെഡല്‍ മത്സരത്തിലും പൊരുതിയായിരുന്നു വനിതകള്‍ കീടങ്ങിയത്. വന്ദന കട്ടാരിയ, റാണി, ഗോളി സവിത എന്നിവരുടെ പേരുകള്‍ ചരിത്രം ഓര്‍മിക്കും. അത്രയ്ക്ക് മികവോടെയാണ് ടോക്കിയോയില്‍ അവര്‍ മത്സരിച്ചത്.

Also Read: Tokyo Olympics: ‘ആ ചിരിയില്‍ എല്ലാമുണ്ട്’; നീരജിനെ ചേര്‍ത്ത് പിടിച്ച് ശ്രീജേഷ്

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Indian mens hockey teams says good bye to tokyo