scorecardresearch

ഹോക്കി: ലോക ചാമ്പ്യന്മാരോട് ഇന്ത്യ പൊരുതി തോറ്റു; ഇനി പ്രതീക്ഷ വെങ്കലത്തില്‍

നിര്‍ണായകമായ അവസാന 15 മിനുറ്റിലായിരുന്നു ബല്‍ജിയത്തിന് കുതിപ്പ്

ഹോക്കി: ലോക ചാമ്പ്യന്മാരോട് ഇന്ത്യ പൊരുതി തോറ്റു; ഇനി പ്രതീക്ഷ വെങ്കലത്തില്‍

Tokyo Olympics 2020: ഒടുവില്‍ ആവേശക്കുതിപ്പിന് ശേഷം പുരുഷ വിഭാഗം ഹോക്കിയില്‍ ഇന്ത്യക്ക് തോല്‍വി. ബല്‍ജിയത്തിനോട് 5-2 എന്ന സ്കോറിലാണ് പരാജയം. ആദ്യ മൂന്ന് ക്വാര്‍ട്ടറിലും മികവ് പുലര്‍ത്തിയ നീലപ്പടയ്ക്ക് നാലമത്തേതില്‍ പിഴച്ചു.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബല്‍ജിയം മുന്നിലെത്തിയിരുന്നു. എന്നാല്‍ ഇന്ത്യ അവിശ്വസനീയ കുതിപ്പാണ് പിന്നീട് കാഴ്ച വച്ചത്. ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യക്കായി സമനില ഗോള്‍ നേടി. രണ്ട് മിനുറ്റുകള്‍ക്ക് ശേഷം മന്ദീപ് സിംഗ് ഇന്ത്യക്ക് ലീഡ് നേടി കൊടുത്തു.

രണ്ടാം ക്വാര്‍ട്ടറിന്റെ അവസാന നിമിഷമാണ് ബല്‍ജിയം ഒപ്പമെത്തിയത്. ഇന്ത്യ ആക്രമിച്ച് കളിച്ചെങ്കിലും സ്കോര്‍ ചെയ്യാന്‍ മാത്രം സാധിച്ചില്ല. ആദ്യ രണ്ട് ക്വാര്‍ട്ടറിനും നേര്‍ വിപരീതമായിരുന്നു മൂന്നാമത്തേത്. ഇന്ത്യ കൂടുതല്‍ പ്രതിരോധത്തിലേക്ക് മടങ്ങി. ഇരു ടീമുകളും ഗോള്‍ കണ്ടെത്തിയില്ല.

നിര്‍ണായകമായ അവസാന 15 മിനുറ്റിലായിരുന്നു ബല്‍ജിയത്തിന് കുതിപ്പ്. മൂന്ന് ഗോള്‍ പിറന്നു. അലക്സാണ്ടര്‍ ഹെന്‍ഡ്രിക്സാണ് രണ്ടും നേടിയത്. താരം ഇതുവരെ ടൂര്‍ണമെന്റില്‍ 14 തവണ ലക്ഷ്യം കണ്ടു. ജോണ്‍ ജോണ്‍ ഡോമനാണ് മറ്റൊരു ഗോള്‍ നേടിയത്.

വളരെ കടുത്ത മത്സരം നടന്നെങ്കിലും സ്കോറുകള്‍ അതിനൊത്തതായിരുന്നില്ല. പക്ഷെ ഇന്ന് ഏത് ടീമാണ് മികച്ചതെന്ന് തെളിയുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ എങ്ങനെ സ്കോര്‍ ചെയ്യണമെന്ന് ബല്‍ജിയത്തിന് വ്യക്തമായ പദ്ധതികള്‍ ഉണ്ടായിരുന്നു.

രണ്ടാം സെമിയില്‍ ഓസ്ട്രേലിയ ജര്‍മനിയെ നേരിടും. ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നരയ്ക്കാണ് മത്സരം. തോല്‍ക്കുന്നവരുമായി ഇന്ത്യ വെങ്കല പോരാട്ടത്തിനിറങ്ങും.

Also Read: Tokyo Olympics 2020: സിന്ധുവിന്റെ വാക്കുകള്‍ കണ്ണീരണിയിച്ചു, കൂടെ നിന്നതിന് നന്ദി: തായ് സൂ യിങ്

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Indian mens hockey team loses to belgium in the semi