കൊളംബോ: വനിത ലോകകപ്പിന്റെ കലാശപോരാട്ടത്തിൽ നാളെ ഇംഗ്ലണ്ടിന് എതിരെ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് ആശംസകളുമായി കോഹ്‌ലിയും സംഘവും. ശ്രീലങ്കയിലുള്ള കോഹ്‌ലിയും സംഘവും പ്രത്യേക തയ്യാറാക്കിയ വീഡിയോയിലൂടെയാണ് മിതാലിക്കും സംഘത്തിനും വിജയാശംസകൾ നേർന്നത്. ഗോ ഫോർ ഇറ്റ് ഗേൾസ് എന്ന രവിശാസ്ത്രിയുടെ അഭിവാദ്യത്തോടെയാണ് വീഡീയോ ആരംഭിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഇന്ത്യൻ വനിത ടീം ലോകകപ്പ് ഫൈനലിൽ എത്തുന്നത്.

ആതിഥേയരായ ഇംഗ്ളണ്ടാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. നാളെ വൈകിട്ട് മൂന്ന് മണിക്ക് ക്രിക്കറ്റിന്റെ മക്ക എന്ന് അറിയപ്പെടുന്ന ലോഡ്സിലാണ് കലാശക്കളി നടക്കുക. നേരത്തെ വനിത ലോകകപ്പിന്റെ ഫൈനലിൽ എത്തിയ മിതാലിക്കും സംഘത്തിനും ബിസിസിഐ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. താരങ്ങൾക്ക് 50 ലക്ഷം രൂപയും പരിശീലകർക്ക് 25ലക്ഷം രൂപയും നൽകുമെന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്.

ഗ്രൂപ്പ് ഘട്ടം മുതൽ തകർപ്പൻ പ്രകടനമാണ് മിഥാലിയും സംഘവും പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് വിജയകുതിപ്പ് തുടങ്ങിയ ഇന്ത്യ ആദ്യ നാല് മത്സരങ്ങളിലും വിജയം കണ്ടു. വെസ്റ്റൻഡീസ്,ശ്രീലങ്ക, പാക്കിസ്ഥാൻ എന്നിവർക്ക് എതിരെയും ഇന്ത്യ വിജയം ആഘോഷിച്ചിരുന്നു. എന്നാൽ ഗ്രൂപ്പ് മത്സരങ്ങളിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ഓസ്ട്രേലിയക്ക് എതിരെയും ഇന്ത്യക്ക് തോൽവി സമ്മതിക്കേണ്ടി വന്നു.ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ തകർത്താണ് ഇന്ത്യ സെമിഫൈനലിലേക്ക് മുന്നേറിയത്. സെമിയിൽ 7 തവണ ലോകചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ