വനിതകൾക്ക് പിന്നാലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത പോരാട്ടത്തിൽ ഇന്ത്യൻ പുരുഷ ടീമിനും ജയം. റഷ്യയെയാണ് പുരുഷ ടീം പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു ഇന്ത്യൻ ജയം. മന്ദീപ് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഹർമൻപ്രീത് സിങ് ഇന്ത്യയെ മുന്നിലെത്തിച്ചു. എന്നാൽ 17-ാം മിനിറ്റിൽ ആന്ദ്രെ കുറേവിന്റെ ഗോളിൽ സന്ദർശകർ ഒപ്പമെത്തി. 24-ാം മിനിറ്റിൽ മന്ദീപ് സിങ് വീണ്ടും ഇന്ത്യയെ മുന്നിലെത്തിച്ചു. 48-ാം മിനിറ്റിൽ സുനിൽ ലീഡ് വീണ്ടും ഉയർത്തി. 53-ാം മിനിറ്റിലായിരുന്നു മന്ദീപ് വീണ്ടും ഇന്ത്യയ്ക്കായി റഷ്യൻ വല ചലിപ്പിച്ചത്. പോരാട്ട വീര്യം കൈവിടാതെ അവസാന മിനിറ്റിലും ഗോൾ കണ്ടെത്തി റഷ്യ ഇന്ത്യയെ ഞെട്ടിച്ചു.

രണ്ട് മത്സരങ്ങൾ അടങ്ങുന്നതാണ് യോഗ്യത റൗണ്ട് പോരാട്ടം. നാളെ നടക്കുന്ന മത്സരത്തിലെ കൂടി ഗോളുകൾ കണക്കാക്കി രണ്ട് മത്സരങ്ങളിലും കൂടുതൽ ഗോൾ കണ്ടെത്തിയ ടീമാകും ടോക്കിയോ ഒളിമ്പിക്സിലേക്ക് അടുക്കുക.

നേരത്തെ അമേരിക്കയെ ഇന്ത്യൻ വനിതകളും പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ വനിതകൾ അമേരിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ പൂർണാധിപത്യം ഇന്ത്യക്കായിരുന്നെങ്കിലും തുടർച്ചയായ അവസരങ്ങൾ സൃഷ്ടിച്ച് അമേരിക്കയും ഇന്ത്യയെ വിറപ്പിച്ചു. ഗുർജീതിന്റെ ഇരട്ട ഗോൾ മികവിലായിരുന്നു ഇന്ത്യൻ വിജയം.

മത്സരത്തിന്റെ 29-ാം മിനിറ്റിൽ ലിലിമ മിൻസിന്റെ ഗോളിലാണ് ഇന്ത്യ മുന്നിലെത്തിയത്. നേഹ ഗോയലിന്റെ പെനാൽറ്റി കോർണർ ലിലിമ കൃത്യമായി അമേരിക്കൻ പോസ്റ്റിലെത്തിക്കുകയായിരുന്നു. ഷാർമിളയുടെ വകയായിരുന്നു ഇന്ത്യയുടെ രണ്ടാം ഗോൾ. അധികം വൈകാതെ ഗുർജീത് ലീഡ് മൂന്നാക്കി ഉയർത്തി. നവ്നീത് നാലാം ഗോളും നേടിയതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. ഗുർജീത് വീണ്ടും അമേരിക്കൻ വല ചലിപ്പിച്ച് ഇന്ത്യൻ ഗോൾപട്ടിക പൂർത്തിയാക്കി.

ഏറെ വർഷങ്ങൾക്ക് ശേഷം റിയോ ഒളിമ്പിക്സിലൂടെ ഒളിമ്പിക് വേദിയിലേക്ക് തിരികെയെത്തിയ ഇന്ത്യൻ വനിത ടീമിന് ആ അവസരം നന്നായി വിനിയോഗിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ടോക്കിയോയിൽ ചരിത്രം തിരുത്താൻ ഇന്ത്യൻ വനിതകൾക്ക് ജയം അനിവാര്യമായിരുന്നു. 2008ലെ തോൽവിക്ക് അതേ നാണയത്തിൽ തിരിച്ചടിച്ചിരിക്കുകയാണ് ഇന്ത്യൻ വനിതകൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook