ടോക്കിയോ ഒളിംപിക്സിലെ പുരുഷ ഹോക്കിയിൽ ജർമ്മനിയെ തോൽപ്പിച്ച് ഇന്ത്യ ചരിത്ര വിജയം നേടിയിരിക്കുകയാണ്. മത്സരത്തിൽ മികച്ച സേവുകളുമായി ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ച ഒരാളാണ് മലയാളികൂടിയായ ഗോൾ കീപ്പർ പി.ആർ.ശ്രീജേഷ്.
1972ലെ മ്യൂണിക് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മാനുവൽ ഫെഡറിക്കിന് ശേഷം ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി കൂടിയായി മാറിയിരിക്കുകയാണ് ശ്രീജേഷ്. മാനുവൽ ഫെഡറികും ഇന്ത്യയുടെ ഗോൾ കീപ്പർ ആയിരുന്നു.
ജർമ്മനിയെ 5-4 തോൽപ്പിച്ചു വിജയം നേടാൻ ഇന്ത്യയെ സഹായിച്ച പ്രധാനി ശ്രീജേഷ് തന്നെയായിരുന്നു. ഗോൾ പോസ്റ്റിനു മുന്നിലെ ശ്രീജേഷിന്റെ മിന്നും പ്രകടനമാണ് വെങ്കല പോരാട്ടത്തിലും അതിലേക്ക് ഇന്ത്യയെ നയിച്ച ക്വാർട്ടർ പോരാട്ടത്തിലും ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഇന്നത്തെ മത്സരത്തിൽ അവസാന മിനിറ്റുകളിൽ ഉൾപ്പെടെ ശ്രീജേഷ് നടത്തിയ സേവുകളാണ് ഇന്ത്യൻ ടീമിന് രക്ഷയായത്.
ഇന്ത്യൻ ഹോക്കി ടീമിന്റെ വിജയങ്ങളിൽ കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി നിർണായക പങ്കുവഹിക്കുന്ന താരമാണ് ശ്രീജേഷ്. 2012 ഒളിംപിക്സിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്ന ശ്രീജേഷ് 2016 റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു. 2014, 2018 ഹോക്കി ലോകകപ്പിലും ഇന്ത്യൻ ടീമിനെ നയിച്ചത് ഈ മലയാളി ആണ്.
Also read: ഈ ദിനം എല്ലാ ഇന്ത്യക്കാരുടെയും ഓർമ്മയിലുണ്ടാകും; ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
വെങ്കല മെഡൽ പോരാട്ടത്തിലെ ശ്രീജേഷിന്റെ സംഭാവനയ്ക്ക് കേരള ഹോക്കി അസോസിയേഷൻ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.