കൊച്ചി: സമീപകാലത്ത് ഇന്ത്യയിൽ ഏറ്റവും നല്ല വളർച്ചയാണ് ഫുട്ബോളിനുണ്ടായത്. അതിനാൽ തന്നെ ഇന്ത്യയിൽ ഫുട്ബോളിന്റെ ഭാവി ശോഭനമാണെന്ന് വിശ്വാസവുമുണ്ട്. ഈ അനുകൂല കാലാവസ്ഥയിൽ നിന്ന് എങ്ങിനെ പരമാവധി നേട്ടമുണ്ടാക്കാമെന്നാണ് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ഉറ്റുനോക്കുന്നത്.
അടുത്ത എഎഫ്സി ഏഷ്യാ കപ്പിന് മുന്നോടിയായുളള ഇന്ത്യൻ ടീമിനെ ശക്തരാക്കുന്നതിനായി ഇന്റർകോണ്ടിനന്റൽ കപ്പ് ചതുർ രാഷ്ട്ര മൽസരമാണ് മുംബൈയിൽ നടക്കുന്നത്. ചെനീസ് തായ്പേയി, ന്യൂസിലൻഡ്, കെനിയ എന്നീ രാജ്യങ്ങളാണ് മൽസരത്തിൽ പങ്കെടുക്കുന്ന മറ്റുളളവർ.
ഈ ടൂർണമെന്റിൽ ചൈനീസ് തായ്പേയിയെയും കെനിയയെയും പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ കടന്നിട്ടുണ്ട്. ഫൈനലിന് മുന്നോടിയായി ന്യൂസിലൻഡിന് എതിരെയും ഇന്ത്യക്ക് ഒരു മൽസരം ബാക്കിയുണ്ട്.
അതേസമയം ഈ ടൂർണമെന്റ് കഴിഞ്ഞാൽ ഫുട്ബോൾ ലോകത്തെ വമ്പന്മാരോട് കൊമ്പുകോർക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയേക്കാൾ ഏറെ മുന്നിലുളള സിറിയയാണ് പരിഗണിക്കപ്പെടുന്ന ഒരു ടീം.
റാങ്കിങ്ങിൽ 76-ാം സ്ഥാനത്താണിപ്പോൾ സിറിയ. ഒക്ടോബറിലേക്കാണ് ഈ മൽസരം എഐഎഫ്എഫ് ആലോചിക്കുന്നത്. നവംബറിൽ ഫിഫ റാങ്കിൽ 67-ാം സ്ഥാനത്തുളള, ഇപ്പോൾ ലോകകപ്പിന് യോഗ്യത നേടിയ സൗദി അറേബ്യയോടും മൽസരം സംഘടിപ്പിക്കാനാണ് ശ്രമം.
അതേസമയം ഇവർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ റാങ്കിങ്ങിൽ മുന്നിലുളള മറ്റ് രാജ്യങ്ങളെ ഇന്ത്യ മൽസരത്തിന് ക്ഷണിച്ചേക്കും.