ന്യൂഡൽഹി: ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീം വീണ്ടും ഫിഫ റാങ്കിൽ ആദ്യ നൂറ് റാങ്കിലേക്ക് തിരികെയെത്തി. ഇന്ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ പട്ടിക പ്രകാരം ഇന്ത്യൻ ടീം 99ാം സ്ഥാനത്താണ്. ഒറ്റ മത്സരം പോലും കളിക്കാതെയാണ് ഇന്ത്യൻ ടീം ആദ്യ നൂറ് സ്ഥാനങ്ങളിലേക്ക് തിരികെയെത്തിയത്.

കഴിഞ്ഞ തവണ ഫിഫ റാങ്ക് പട്ടിക പരിഷ്കരിച്ചപ്പോൾ ഇന്ത്യ 102ാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടിരുന്നു. ഇതിന് ശേഷം ഒറ്റ മത്സരം പോലും ഇന്ത്യ കളിച്ചിരുന്നില്ല. ഇന്ന് വീണ്ടും പുതുക്കിയ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ഇന്ത്യ മുന്നേറ്റം നടത്തുകയായിരുന്നു.

ലിബിയക്കൊപ്പം 99ാം സ്ഥാനം പങ്കുവയ്ക്കുന്ന ഇന്ത്യക്ക് ഇപ്പോൾ 339 പോയിന്റാണുളളത്. കഴിഞ്ഞ വർഷം മൂന്ന് തവണ ആദ്യ നൂറ് സ്ഥാനങ്ങളിൽ എത്തിയിരുന്നു ഇന്ത്യ. 1996 ൽ 94ാം സ്ഥാനത്ത് എത്തിയ ശേഷം കഴിഞ്ഞ ജൂലൈയിൽ ടീം 96ാം സ്ഥാനത്തെത്തി ചരിത്രനേട്ടം സ്വന്തമാക്കി. എന്നാൽ ഡിസംബറിൽ ഇന്ത്യ ഈ സ്ഥാനമെല്ലാം കൈവിട്ട് 105ാം സ്ഥാനത്തേക്ക് വീണു.

ഏഷ്യൻ രാജ്യങ്ങളിൽ ഇന്ത്യ ഇപ്പോൾ 13ാം സ്ഥാനത്താണ്. ഖത്തർ, ഒമാൻ, ജോർദ്ദാൻ, ബഹ്റിൻ, നോർത്ത് കൊറിയ എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യക്ക് മുൻപിലാണ്.

ഇറാനാണ് (33) ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും മുൻപിലുളളത്. ഓസ്ട്രേലിയ 37ാം സ്ഥാനവുമായി തൊട്ടുപിന്നിലുണ്ട്. 55ാം സ്ഥാനത്തുളള ജപ്പാനാണ് പട്ടികയിൽ ഏഷ്യൻ മേഖലയിൽ നിന്നുളള മൂന്നാമത്തെ രാജ്യം.

ജർമ്മനിയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. ബ്രസീൽ, പോർച്ചുഗൽ, അർജന്റീന, ബെൽജിയം, പോളണ്ട്, സ്പെയിൻ, സ്വിറ്റ്സർലന്റ്, ഫ്രാൻസ്, ചിലി എന്നിവരാണ് തുടർന്നുളള സ്ഥാനങ്ങളിൽ. 2019 ലെ എഎഫ്സി ഏഷ്യൻ കപ്പിന് ഇതിനോടകം തന്നെ യോഗ്യത നേടിയ ഇന്ത്യ മാർച്ച് 27 ന് യോഗ്യത റൗണ്ടിൽ കിർഗിസ് റിപ്പബ്ലികിനെ നേരിടുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook