കൊൽക്കത്ത: ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം ഒളിംപ്യൻ പി.കെ.ബാനർജി (83 വയസ്) അന്തരിച്ചു. ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്‌റ്റനായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഒന്നര മാസമായി ആശുപത്രിയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഫെബ്രുവരി ആറിനാണ് ബാനർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർച്ച് രണ്ട് മുതലാണ് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്താൻ തുടങ്ങിയത്. മക്കള്‍: പൗല ബാനര്‍ജി, പൂര്‍ണ ബാനര്‍ജി

1962 ലെ ഏഷ്യൻ ഗെയിംസ് ജേതാക്കളായ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 1960 ലെ റോം ഒളിംപിക്‌സിൽ ഇന്ത്യയെ നയിച്ചു. റോം ഒളിംപി‌ക്‌സിൽ ഫ്രാൻസിനെതിരെ ഇന്ത്യയുടെ സമനില ഗോൾ നേടിയത് ബാനർജിയാണ്. 1962-ലെ ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരേ ഇന്ത്യ 2-1 ന് ജയിച്ച മത്സരത്തില്‍ ടീമിനായി 17-ാം മിനിറ്റില്‍ ഗോള്‍ നേടി.

Read Also: കോവിഡ് 19: ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ 250 ഇന്ത്യാക്കാര്‍ കുടുങ്ങി

1956-ലെ മെല്‍ബണ്‍ ഒളിംപി‌ക്‌സിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ബാനർജി മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. മെൽബൺ ഒളിംപിക്‌സിലെ ക്വാർട്ടർ ഫെെനലിൽ ഓസീസിനെ 4-2 ന് തോല്‍പ്പിച്ച കളിയില്‍ നിര്‍ണായക പങ്കു വഹിച്ചു.

ഇന്ത്യന്‍ ഫുട്ബോളിന് ബാനര്‍ജി നൽകിയ സംഭാവനകൾ പരിഗണിച്ച് ഫിഫ ഭരണസമിതി 2004-ല്‍ അദ്ദേഹത്തിന് ‘ഓര്‍ഡര്‍ ഓഫ് മെറിറ്റ്’ നല്‍കി ആദരിച്ചിരുന്നു. 1961-ല്‍ അര്‍ജുന പുരസ്‌കാരവും 1990-ല്‍ പദ്‌മശ്രീ പുരസ്‌കാരവും ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook