കായിക പ്രേമികൾക്ക് അധികം പരിചയമുള്ള മത്സരമായിരിക്കില്ല ഫെൻസിങ്ങ്. എന്നാൽ വാൾപയറ്റ് എന്ന് ഒറ്റവാക്കിൽ പറയാമെങ്കിലും പോയിന്റുകളാണ് ഈ മത്സരത്തിൽ വിജയിയെ തീരുമാനിക്കുക. യൂറോപ്യൻ രാജ്യങ്ങൾ അടക്കിവാഴുന്ന ഫെൻസിങ് മത്സരത്തിൽ ഭവാനി ദേവി എന്ന തമിഴ്നാട്ടുകാരിയിലൂടെ കരുത്ത് അറിയിച്ചിരിക്കുകയാണ് ഇന്ത്യ.
ഐസ്‌ലൻഡിൽ വച്ച് നടന്ന അന്താരാഷ്ട്ര ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം കരസ്ഥമാക്കിയാണ് ഭവാനി ദേവി ചരിത്രം രചിച്ചിരിക്കുന്നത്. ബ്രീട്ടീഷ് താരം ജെസീക്ക കോർബിയെ 15-11 എന്ന സ്കോറിന് മറികടന്നാണ് ഭവാനി ദേവി സ്വർണ്ണം കരസ്ഥമാക്കിയത്. ഫെൻസിങ്ങിലെ സാബ്റെ വിഭാഗത്തിലാണ് ഭവാനിയുടെ നേട്ടം. ഇതാദ്യമായാണ് ഒരു ഇന്ത്യൻ താരം ഫെൻസിങ് മത്സരത്തിൽ അന്താരാഷ്ട്രതലത്തിൽ സ്വർണ്ണമെഡൽ നേടുന്നത്.
സ്വർണ്ണമെഡൽ സ്വന്തമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും രാജ്യത്തിനായി ഇനിയും മെഡൽ നേടണെന്നാണ് തന്റെ ആഗ്രഹമെന്നും ഭവാനി ദേവി ഐഇ മലയാളത്തോട് പറഞ്ഞു. കടുത്ത മത്സരമായിരുന്നു ഐസ്‌ലൻഡിലേത് എന്നും ബ്രിട്ടീഷ് താരങ്ങൾ കടുത്ത വെല്ലുവിളിയാണ് നൽകിയത് എന്നും ഭവാനി ദേവി പറഞ്ഞു.
സ്‌പോട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സായി സെന്ററിലാണ് ഭവാനി ദേവി പരിശീലിച്ചത്. രാജ്യത്തെ മികച്ച ഫെൻസിങ്ങ് താരങ്ങളെ വാർത്തെടുത്തിട്ടുള്ള സെന്ററാണ് തലശ്ശേരി സായി കേന്ദ്രം. തലശ്ശേരി ബ്രണ്ണൻ കോളേജിലാണ് ഭവാനി പഠിച്ചത്. യൂത്ത് കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ താരമാണ് ഭവാനി.