ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ക്രിക്കറ്റ് ബോര്‍ഡായി മാറിയിരിക്കുകയാണ് ബിസിസിഐ. താമസിയാതെ വിരാട് കോഹ്‌ലിയും സംഘവും ലോകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് താരങ്ങളായി മാറുമെന്നാണ് വിവരം. ആഭ്യന്തര-വനിതാ ക്രിക്കറ്റ് താരങ്ങളുടേയും പ്രതിഫലം കൂടുമെന്നാണ് പുതിയ വിവരം.

അടുത്ത സീസണ്‍ മുതല്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം കൂട്ടി നല്‍കാനാണ് സുപ്രീംകോടതി നിയമിച്ച ഭരണസമിതിയുടെ തീരുമാനം. സീനിയര്‍- ജൂനിയര്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് ബിസിസിഐയുടെ വരുമാനത്തിന്റെ പങ്ക് കൃത്യമായി നല്‍കാനാണ് സമിതി പുതിയ നിര്‍ദേശങ്ങള്‍ കൊണ്ടുവരിക. ബിസിസിഐയുടെ ജനറല്‍ ബോഡിയില്‍ പുതിയ ഫോര്‍മുല അവതരിപ്പിക്കും. ഇന്ത്യയുടെ വളര്‍ന്നു വരുന്ന ക്രിക്കറ്റ് സമ്പാദ്യത്തില്‍ നിന്നും ചെറുതല്ലാത്തൊരു പങ്ക് നല്‍കണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയും സംഘവും ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ ബിസിസിഐയുടെ വരുമാനത്തിന്റെ 26 ശതമാനം ആണ് മൂന്നായി പിരിച്ച് നല്‍കുന്നത്. അന്താരാഷ്ട്ര താരങ്ങള്‍ക്ക് 13 ശതനമാനം, ആഭ്യന്തര താരങ്ങള്‍ക്ക് 10.6 ശതമാനം, ബാക്കിയുളളതാണ് വനിതാ-ജൂനിയര്‍ താരങ്ങള്‍ക്ക് നല്‍കുന്നത്. എന്നാല്‍ പുതിയ ഫോര്‍മുല പ്രകാരം ഇത് പൊളിച്ചെഴുതപ്പെടും. 2017ല്‍ 46 മത്സരങ്ങള്‍ കളിച്ച കോഹ്‌ലിക്ക് 5.51 കോടിയാണ് പ്രതിഫലം ലഭിച്ചത്. പുതിയ ഫോര്‍മുല നടപ്പാക്കുന്നതോടെ വാര്‍ഷിക പ്രതിഫലം 10 കോടി കടക്കും. 100 ശതമാനം വര്‍ധനവ് ആയിരിക്കും ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തില്‍ ഉണ്ടാവുകയെന്നാണ് വിവരം.

സുപ്രീംകോടതി നിയമിച്ച ഭരണസമിതിയോട് വിരാട് കോഹ്‌ലിയുടെ നേതൃത്വത്തില്‍ നിലവിലെ പരിശീലകനായ രവിശാസ്ത്രി, മഹേന്ദ്ര സിങ് ധോണി എന്നിവരും പ്രതിഫല വര്‍ധനവ് ആവശ്യപ്പെട്ട് നടത്തിയ ചര്‍ച്ചയില്‍ ആണ് പ്രതിഫലം വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.

നിലവില്‍ കോഹ്‌ലി, അശ്വിന്‍, പുജാര തുടങ്ങിയവര്‍ അടങ്ങിയ എ ഗ്രേഡ് താരങ്ങള്‍ക്ക് രണ്ട് കോടി രൂപയാണ് വാര്‍ഷിക ശമ്പളം ലഭിക്കുന്നത്. ബി ഗ്രേഡ് താരങ്ങള്‍ക്ക് 1 കോടിയും സി ഗ്രേഡ് താരങ്ങള്‍ക്ക് 50 ലക്ഷവുമാണ് പ്രതിഫലം.

ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെ കുറവാണ് പ്രതിഫലം ലഭിക്കുന്നത്. ബിസിസിഐയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യന്‍ സ്ക്വാഡ് കൂടുതല്‍ ശമ്പളം വേണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെടുകയായിരുന്നു. ബിസിസിഐയ്ക്ക് കൂടുതല്‍ വരുമാനം കിട്ടുന്നതിന്റെ പശ്ചാത്തലത്തിലാണ് താരങ്ങള്‍ കൂടുതല്‍ പ്രതിഫലം ചോദിച്ചത്. 2018 മുതല്‍ 2022 വരെയുളള ഐപിഎല്‍ മത്സരങ്ങളുടെ സംപ്രേഷണാവകാശം റൂപര്‍ട്ട് മര്‍ഡോക്കിന്റെ സ്റ്റാര്‍ ഇന്ത്യ ചാനലിന് ബിസിസിഐ നല്‍കിയിരുന്നു. ഈയിനത്തില്‍ 2.5 ബില്യണ്‍ ഡോളറാണ് ബിസിസിഐയ്ക്ക് ലഭിക്കുക. സെപ്റ്റംബര്‍ 30ന് കളിക്കാരുമായുളള കരാര്‍ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിരക്കുമായി താരങ്ങളെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ