ന്യൂഡൽഹി: ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറയെ ബേബി ബോളർ (കുട്ടി ബോളർ) എന്ന് വിളിച്ച മുൻ പാക്കിസ്ഥാൻ താരത്തിനെതിരെ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ. പാക്കിസ്ഥാൻ ഓൾറൗണ്ടറായിരുന്ന അബ്ദുൾ റസാഖിനെതിരെയാണ് ഇർഫാൻ പഠാൻ ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തിയത്. അത്തരത്തിലുള്ള പ്രതികരണങ്ങൾക്ക് ഒരു ചിരിയിലപ്പുറം മറ്റൊരു ശ്രദ്ധയും നൽകേണ്ടെന്നാണ് ഇർഫാൻ പഠാന്റെ വാദം.

തന്റെ കാലത്ത് നിരവധി ലോകോത്തര താരങ്ങളെ നേരിട്ടുണെന്നും അതുകൊണ്ട് തന്റെ മുന്നിൽ ബുംറ ഒരു കുട്ടി ബോളറാണെന്നുമായിരുന്നു അബ്ദുൾ റസാഖിന്റെ പ്രസ്താവന. ബുംറയ്ക്കെതിരെ തനിക്ക് അനായാസം റൺസ് കണ്ടെത്താനാകുമെന്നും റസാഖ് കൂട്ടിച്ചേർത്തിരുന്നു.

ഇതിനെതിരെ ട്വിറ്ററിലൂടെയായിരുന്നു ഇർഫാൻ പഠാന്റെ പ്രതികരണം. ആരാധകരോട് ഒരു അപേക്ഷയാണുള്ളത്, ഇത്തരം കമന്റുകൾക്ക് യാതൊരു വിലയും നൽകാതിരിക്കുക. അബ്ദുൾ റസാഖിന്റെ പേര് എടുത്ത് പറയാതെയാണ് ട്വീറ്റെങ്കിലും അത് പാക് താരത്തിനുള്ള മറുപടിയാണെന്ന് വ്യക്തമാണ്.

മുൻ ക്രിക്കറ്ററും കമന്റേറ്ററുമായ ആകാശ് ചോപ്രയും അബ്ദുൾ റസാഖിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. “പ്രായം കൂടുകയെന്നത് നിർബന്ധിതമാണ്, എന്നാൽ വളർച്ചയെന്നത് തിരഞ്ഞെടുപ്പാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുന്നു,” ആകാശ് ചോപ്ര പറഞ്ഞു.

ഏകദിനത്തിൽ ലോക ഒന്നാം നമ്പർ താരമാണ് ജസ്പ്രീത് ബുംറ. പരുക്കിൽ വലയുന്ന താരത്തിന് നേരത്തെ ദക്ഷിണാഫ്രിക്കക്കും ബംഗ്ലാദേശിനുമെതിരായ പരമ്പരകൾ നഷ്ടമായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook