ബംഗളൂരു : വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനല്‍ വരെ ഇന്ത്യയെ എത്തിച്ച പെൺപുലികളെ കാത്ത് സമ്മാനങ്ങളുടെ കൂന്പാരം തന്നെയായിരുന്നു കാത്തിരുന്നത്. പണമായും കാറായും ഭൂമിയായും താരങ്ങളെ തേടി നിരവധി സമ്മാനങ്ങളാണ് എത്തിയത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് പുറമേ നിരവധി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും താരങ്ങൾക്ക് സമ്മാനങ്ങൾ പ്രഖ്യാപിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ രാജേശ്വരി ഗെയ്ക്ക്‌വാദിക്കിന്റെ വീട്ടിലെത്തിയ കര്‍ണാടക ജലവിഭവ മന്ത്രി എം.ബി പാട്ടീലും ഇത്തരത്തില്‍ ഒരു ഓഫര്‍ താരത്തിന് മുന്നിൽ വെച്ചു.

എന്നാല്‍ മന്ത്രിയുടെ ഈ വാഗ്ദാനം സ്‌നേഹപൂര്‍വം നിരസിച്ച രാജേശ്വരി തനിക്കിപ്പോള്‍ കാര്‍ വേണ്ടെന്നും ഒരു വീടാണ് അത്യാവശ്യമെന്നും മന്ത്രിയെ അറിയിക്കുകയായിരുന്നു. അഞ്ചു ലക്ഷത്തോളം രൂപ വില വരുന്ന കാറാണ് രാജേശ്വരിക്ക് മന്ത്രി സമ്മാനമായി നല്‍കാനൊരുങ്ങിയതെന്ന് ഇൻഡ്യാടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

‘താങ്കള്‍ ഇത്തരത്തില്‍ ഒരു വാഗ്ദാനം നടത്തിയതില്‍ സന്തോഷമുണ്ട്. പക്ഷേ എനിക്ക് കാര്‍ വേണ്ട. കുടുംബത്തിന് താമസിക്കാന്‍ ഒരു വീടാണ് അത്യാവശ്യം. എന്റെ അമ്മയും സഹോദരങ്ങളുമടങ്ങുന്ന കുടുംബത്തിന് കയറിക്കിടക്കാന്‍ ഒരു വീട് വേണം’ രാജേശ്വരി പറഞ്ഞു. താരത്തിന്റെ അപേക്ഷ സ്വീകരിച്ച മന്ത്രി വീടിന്റെ നിര്‍മ്മാണം ഉടനെത്തന്നെ ആരംഭിക്കുമെന്നും വ്യക്തമാക്കി.

രാജേശ്വരിയുടെ ആവശ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പ ട്വീറ്റ് ചെയ്തിട്ടുണ്ട്. നമ്മ ഹുഡ്ഗി എന്ന ഹാഷ്ടാഗോടെയാണ് ഉത്തപ്പയുടെ ട്വീറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook