മെൽബൺ: ഓസ്‌ട്രേലിയയിലുള്ള എല്ലാ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെയും കോവിഡ് പരിശോധാനാഫലം നെഗറ്റീവ്. അഞ്ച് ഇന്ത്യൻ താരങ്ങൾ കോവിഡ് പ്രോട്ടോകോൾ മറികടന്ന് റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ചത് വലിയ വിവാദമായിരുന്നു. ഇതേ തുടർന്ന് ഉപനായകൻ രോഹിത് ശർമ അടക്കം അഞ്ച് താരങ്ങൾക്ക് നിർബന്ധിത ഐസോലേഷൻ ഏർപ്പെടുത്തിയിരുന്നു.
“ജനുവരി മൂന്നിന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ താരങ്ങൾ, സ്റ്റാഫുകൾ എന്നിവരെ ആർടി-പിസിആർ ടെസ്റ്റിന് വിധേയമാക്കി. എല്ലാവരുടെയും പരിശോധാനാഫലം നെഗറ്റീവ് ആണ്,” ബിസിസിഐ ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജനുവരി ഏഴ് മുതലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം. സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ്. മെൽബണിലുള്ള ഇന്ത്യൻ ടീം ഇന്ന് ചാർട്ടേഡ് വിമാനത്തിൽ സിഡ്‌നിയിലേക്ക് പോകും.
Read Also: ഗോൾവേട്ടയിൽ പെലെയെ മറികടന്ന് റൊണാൾഡോ; റെക്കോർഡ്
ഈയാഴ്‌ച തുടക്കത്തിൽ മെൽബണിലെ ഒരു റെസ്റ്റോറന്റിൽ പോയി ഭക്ഷണം കഴിച്ച അഞ്ച് താരങ്ങൾക്കാണ് നേരത്തെ ഐസോലേഷൻ നിർദേശിച്ചത്. രോഹിത് ശർമയ്‌ക്ക് പുറമെ യുവ ഓപ്പണർ ശുഭ്‌മാൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്ത്, പേസ് ബൗളര്‍ നവ്ദീപ് സൈനി, യുവതാരം പൃഥ്വി ഷാ എന്നിവരാണ് മറ്റ് താരങ്ങൾ.
ഓസ്ട്രേലിയയിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതായാണ് താരങ്ങൾക്കെതിരായ ആരോപണം. ബയോബബിളിൽ നിന്ന് പുറത്ത് കടന്ന് മറ്റൊരു റസ്റ്റോറന്റിൽ പോയി താരങ്ങൾ ഭക്ഷണം കഴിക്കുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ നേരത്തെ പ്രചരിച്ചിരുന്നു. താരങ്ങൾക്ക് സമീപമുണ്ടായിരുന്ന ഒരു ആരാധകനാണ് റെസ്റ്റോറന്റിൽ നിന്നുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. റിഷഭ് പന്തിനെ കെട്ടിപ്പിടിച്ചുവെന്ന് ഈ ആരാധകൻ പറഞ്ഞിരുന്നു. എന്നാൽ ഇയാൾ പിന്നീടിത് നിഷേധിച്ചു.