ന്യൂഡല്‍ഹി: വനിതാ ഗ്രാന്‍ഡ് മാസ്റ്ററും മുന്‍ ലോക ജൂനിയര്‍ ചാമ്പ്യനുമായ സൗമ്യ സ്വാമിനാഥന് ഏഷ്യന്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പിന്‍വാങ്ങി. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് 4 വരെ ഇറാനിലെ ഹമദാനില്‍ നടക്കാനിരുന്ന ചാമ്പ്യന്‍ഷിപ്പില്‍ നിന്നാണ് സൗമ്യ പിന്മാറിയത്. തന്റെ അവകാശങ്ങളില്‍ കൈകടത്തുന്നതാണ് ഇറാന്റെ നിര്‍ബന്ധിത ശിരോവസ്ത്ര നിയമമെന്ന് കാണിച്ചാണ് പിന്‍വാങ്ങല്‍.
തന്റെ അവകാശങ്ങള്‍ക്ക് മേലുളള കടന്നുകയറ്റമാണ് ഇറാന്റെ നിയമങ്ങളെന്ന് സൗമ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. ‘ആവിഷ്കാര സ്വാതന്ത്ര്യം, ചിന്തിക്കാനുളള സ്വാതന്ത്ര്യം, മതം തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം എന്നിവയുടെ ലംഘനമാണ് ഇറാന്റെ നിയമം. ഈയൊരു സാഹചര്യത്തില്‍ ഇറാനിലേക്ക് പോകാതിരുന്ന് എന്റെ അവകാശങ്ങളെ സംരക്ഷിക്കാനാണ് ഞാന്‍ തീരുമാനിച്ചത്. ഇത്തരം ഔദ്യോഗിക ചാമ്പ്യന്‍ഷിപ്പുകള്‍ നടത്തുമ്പോള്‍ കളിക്കാരുടെ അവകാശങ്ങളും ക്ഷേമവും അവഗണിക്കപ്പെടുന്നത് നിരാശയുണ്ടാക്കുന്ന കാര്യമാണ്’, സൗമ്യ പറഞ്ഞു.
‘ഞങ്ങളുടെ ദേശീയ ടീമിന്റെ യൂനിഫോം ധരിക്കണമെന്ന സംഘാടകരുടെ ആഗ്രഹം മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ കായികത്തില്‍ ഒരു മതത്തെ അടയാളപ്പെടുത്തുന്ന വസ്ത്രം ധരിക്കണമെന്ന് പറയുന്നത് അംഗീകരിക്കില്ല. ഇന്ത്യയെ പ്രതിനിധീകരിച്ച് മൽസരിക്കുക എന്നത് എനിക്ക് വളരെയധികം ആദരം തരുന്ന കാര്യമാണ്. എന്നാല്‍ ഇത്രയും പ്രധാനപ്പെട്ട ചാമ്പ്യന്‍ഷിപ്പില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുന്നത് ദുഃഖകരമാണ്. ഞങ്ങളുടെ ജീവിതത്തില്‍ സ്പോർട്സിനായി പല ത്യാഗവും സഹിക്കാറുണ്ട്. പലതും വിട്ടു വീഴ്ച ചെയ്യേണ്ടി വരാറുണ്ട്, എന്നാല്‍ ഇതില്‍ വിട്ടുവീഴ്ച നടത്താനാവില്ല’, സൗമ്യ കൂട്ടിച്ചേര്‍ത്തു.