ലോകക്രിക്കറ്റിലെ തന്നെ വിലമതിക്കാനാകാത്ത താരമായി കൊണ്ടിരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി. ക്യാപ്റ്റനായും ബാറ്റ്സ്മാനായും തിളങ്ങുന്ന കോഹ്‌ലിക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പാക്കിസ്‌ഥാൻ ക്രിക്കറ്റ് ലോകവും അകമഴിഞ്ഞ് പുകഴ്ത്തുകയാണ് കോഹ്‌ലിയെ. പാക്കിസ്‌ഥാന്റെ മുൻ താരങ്ങളായ വസീം അക്രം, ഷുഐബ് അക്തർ, സഖ്‌ലൈൻ മുഷ്‌താഖ് എന്നിവർ ഒരു ടെലിവിഷൻ പരിപാടിക്കിടെയാണ് കോഹ്‌ലിയെ പ്രശംസ കൊണ്ട് മൂടിയത്.

കൂറ്റൻ സ്കോറുകൾ പിന്തുടരുന്നതിൽ കോഹ്‌ലി കാണിക്കുന്ന മനോവീര്യത്തെ താരങ്ങൾ പ്രശംസിച്ചു. ഇന്ത്യൻ ക്യാപ്റ്റന്റെ ഫിറ്റ്നെസിനെക്കുറിച്ചും താരങ്ങൾ വാചാലരായി. ഊർജസ്വലനായ വ്യക്തിയാണ് കോഹ്‌ലിയെന്നും അദ്ദേഹത്തിന്റെ ഭക്ഷണരീതി മറ്റു ക്രിക്കറ്റ് താരങ്ങൾ മാതൃകയാക്കണമെന്നും സഖ്‌ലൈൻ മുഷ്‌താഖ് പറഞ്ഞു.

ഇന്ത്യ വലിയ സ്കോറുകൾ പിന്തുടർന്ന മത്സരങ്ങളിൽ കോഹ്‌ലി സെഞ്ചുറികൾ നേടിയതും ടീമിനെ വിജയിപ്പിച്ചതും വിലമതിക്കാനാകാത്തതാണെന്ന് ഷുഐബ് അക്തർ അഭിപ്രായപ്പെട്ടു. ഈ സന്ദർഭങ്ങളിലാണ് കോഹ്‌ലിയുടെ മനോവീര്യം പുറത്തു വരുന്നതെന്നും അക്തർ പറഞ്ഞു.

സീനിയർ കളിക്കാരിൽ നിന്നും ഉപദേശം തേടുന്നതിൽ കോഹ്‌ലി അടക്കമുള്ള യുവതാരങൾ മടി കാണിക്കാത്തതാണ് വസീം അക്രമിനെ ആകർഷിച്ചത്. ബാറ്റിങ്ങിനെക്കുറിച്ച് കൂടുതൽ അറിയാൻ യുവതാരങ്ങൾ സുനിൽ ഗവാസ്ക്കറിനടുത്ത് ഇപ്പോഴും എത്താറുണ്ട്. എന്നാൽ പാക്ക് യുവതാരങ്ങൾ ഇക്കാര്യത്തിൽ വളരെ പിന്നിലാണെന്നും വസീം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ