ഓസ്ട്രേലിയക്കെതിരെ അവരുടെ നാട്ടിൽ ആദ്യ പരമ്പര നേട്ടമാണ് ഇന്ത്യ ഇന്നലെ സ്വന്തമാക്കിയത്. കഴിഞ്ഞ ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ടായിരുന്നു കോഹ്‍ലിയുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം 2-1ന് പരമ്പര നേടിയത്. ബാറ്റിങ് നിരയും ബോളിങ് നിരയും ഒരേപോലെ തിളങ്ങിയ പരമ്പരയിൽ ഇന്ത്യയുടെ ഓൾറൗണ്ട് പ്രകടനത്തിനാണ് ഓസ്ട്രേലിയ സാക്ഷിയായത്. ചരിത്ര നേട്ടത്തിന് പിന്നാലെ ഇന്ത്യൻ പേസ് നിരയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഓസിസ് നായകൻ ടിം പെയ്ൻ.
ലോകത്തിലെ ഏറ്റവും മികച്ച പേസ് ആക്രമണ നിരയാണ് ഇന്ത്യയുടേതെന്ന് ടിം പെയ്ന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. “ഇന്ത്യൻ പേസ് നിര മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓസ്ട്രേലിയയിൽ അവരുടെ പ്രകടനത്തിന് വേണ്ട അംഗീകാരം ഞങ്ങൾ നൽകിയോ എന്ന കാര്യം സംശയമാണ്. മൂന്ന് പേരും അതിവേഗം പന്തുകൾ എറിഞ്ഞു, യാഥൊരു സമ്മർദ്ദവും കൂടാതെ,” ടിം പെയ്ൻ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റ് സ്പെഷ്യലിസ്റ്റുകളായ താരങ്ങൾക്ക് പോലും ഇന്ത്യൻ പേസ് നിരയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാനായില്ലെന്നും, മാർക്കസ് ഹാരിസിനും ട്രെവിസ് ഹെഡിനും റൺസ് നേടാൻ കഴിഞ്ഞതിൽ അവരെ അഭിനന്ദിക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ്മ ത്രയം മാത്രം 48 വിക്കറ്റുകളാണ് ഓസ്ട്രേലിയയിൽ വീഴ്ത്തിയത്.
ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ അവസാന ടെസ്റ്റ് മത്സരം മഴയുടേതായിരുന്നു. സിഡ്നിയിൽ ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ റൺമഴ പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചത് ഒരു ഇന്നിങ്സിൽ മാത്രമാണ്. എന്നാൽ മത്സരം മഴ കൊണ്ടുപോയെങ്കിലും ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് പരമ്പര കോഹ്‍ലിയും സംഘവും സ്വന്തമാക്കി. അഡ്‍ലെയ്ഡിലും മെൽബണിലും ജയിച്ച ഇന്ത്യ പരമ്പര 2-1നാണ് സ്വന്തമാക്കിയത്.