മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഗോള്‍ വിരുന്നൊരുക്കി സുനില്‍ ഛേത്രിയും സംഘവും. ഇന്റര്‍ കോണ്ടിനന്റല്‍ ചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് തായ്പേയെ തകര്‍ത്തത് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്. നായകന്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവിലാണ് ഇന്ത്യന്‍ വിജയം.

കളി തുടങ്ങി 14-ാം മിനിറ്റില്‍ തന്നെ ഛേത്രിയിലൂടെ ഇന്ത്യ മുന്നിലെത്തുകയായിരുന്നു. പിന്നീടങ്ങോട്ട് ഇന്ത്യ കളിയുടെ നിയന്ത്രണം പൂര്‍ണമായും വരുതിയിലാക്കി. ആദ്യത്തെ ഗോളിന് ശേഷം കൃത്യമായ ഇടവേളകളില്‍ ഇന്ത്യ ഗോളുകള്‍ നേടി. ഹാട്രിക്ക് നേട്ടത്തോടെ ഛേത്രിയുടെ ഗോളുകളുടെ എണ്ണം 58 ആയി.

ചൈനീസ് തായ്പേയ് ടീമിനെ സമ്മര്‍ദ്ദത്തിലാഴ്ത്തിയ ഇന്ത്യ ആധികാരികമായാണ് മൽസരത്തില്‍ ജയിച്ചത്. 14,34,61 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകള്‍ പിറന്നത്. കൂടാതെ 48-ാം മിനിറ്റിലെ ഉദാന്തയുടെ ഗോളും 78-ാം മിനിറ്റിലെ പ്രണോയ് ഹാല്‍ദറിന്റെ ഗോളും ആയതോടെ ഇന്ത്യ വിജയം ഉജ്ജ്വലമാക്കി മാറ്റി.

കെനിയ, ന്യൂസിലൻഡ്, ഇന്ത്യ, ചൈനീസ് തായ്പേയ് എന്നീ രാജ്യങ്ങള്‍ പോരടിക്കുന്ന ചതുര്‍ രാഷ്ട്ര ഫുട്ബോള്‍ മൽസരമാണിത്. ഇതിലെ ശക്തരാണ് ഇന്ത്യയും ചൈനീസ് തായ്പേയും. തിങ്കളാഴ്‌ച കെനിയയുമായാണ് ഇന്ത്യയുടെ അടുത്ത മൽസരം. സുനില്‍ ഛേത്രിയുടെ ഇന്ത്യന്‍ ജഴ്സിയിലെ നൂറാം മൽസരം കൂടെയാണ് കെനിയയ്ക്ക് എതിരെയുള്ളത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ