രാജ്‌കോട്ട്: പിച്ചിലെ ഒച്ച് വേഗം മൂലം വിമര്‍ശനം നേരിടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ചേതേശ്വര്‍ പൂജാര മറുപടിയുമായി രംഗത്ത്. സോഷ്യല്‍ മീഡിയക്കുവേണ്ടി ബാറ്റ് ചെയ്യാനാകില്ലെന്ന് പറഞ്ഞ താരം പിച്ചിന് അനുസരിച്ചു വേണം ബാറ്റ് ചെയ്യാനെന്ന് കൂട്ടിച്ചേര്‍ത്തു.

ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്രയുടെ താരം കൂടിയാണ് പൂജാര. രഞ്ജിയുടെ ഫൈനലില്‍ അദ്ദേഹം 200 പന്തില്‍ നിന്നാണ് 60 റണ്‍സെടുത്തത്. വിക്കറ്റ് എത്രമാത്രം കഠിനമായിരുന്നുവെന്ന് തനിക്കും തന്റെ ടീമംഗങ്ങള്‍ക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: റിയൽ ഹീറോ; സ്വന്തം ഹോട്ടലുകളെല്ലാം ആശുപത്രികളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ

ഫൈനലില്‍ തനിക്കുമേലൊരു ഉത്തരവാദിത്വം ഉണ്ടായിരുന്നു. സാഹചര്യത്തിന് അനുസരിച്ച് വേഗത കുറച്ച് ബാറ്റ് ചെയ്യുന്നതില്‍ തെറ്റില്ലെന്ന് താരം പറയുന്നു. രാജ്യാന്തര ബാറ്റ്‌സ്മാന്‍ എന്ന എന്റെ ഈഗോ മാറ്റിവയ്ക്കണം. സാഹചര്യം എളുപ്പമല്ലെങ്കില്‍ എനിക്ക് എന്റെ ഷോട്ടുകള്‍ കളിക്കാന്‍ പറ്റില്ല. പിച്ചിന് അനുസരിച്ച് കളിമാറുമെന്ന് അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്ന പലര്‍ക്കും തന്റെ കളിയും ടെസ്റ്റ് ക്രിക്കറ്റും മനസ്സിലാകില്ലെന്ന് പൂജാര പറഞ്ഞു. കാരണം അവര്‍ വൈറ്റ്-ബാള്‍ ക്രിക്കറ്റാണ് കാണുന്നത്.

“ആരെയെങ്കിലും രസിപ്പിക്കുകയല്ല എന്റെ ലക്ഷ്യം. ഇന്ത്യയ്ക്കു വേണ്ടിയായാലും സൗരാഷ്ട്രയ്ക്കു വേണ്ടിയായാലും എന്റെ ടീമിനെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. ചില ദിവസങ്ങളില്‍ ഞാന്‍ അതിവേഗം ബാറ്റ് ചെയ്യും. ചിലപ്പോള്‍ ഞാന്‍ പതിയെയും,” പൂജാര വിശദീകരിച്ചു. സോഷ്യല്‍ മീഡിയയെ അവഗണിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook