scorecardresearch
Latest News

വയനാടൻ ചുരം ഇറങ്ങി ഇന്ത്യൻ നായികയായി; ജീന പിന്നിട്ടത് ചില്ലറ ദൂരമല്ല

തന്റെ റോള്‍ മോഡലാരെന്ന് ചോദിച്ചാല്‍ ഒരു നിമിഷം പോലും ചിന്തിക്കാതെ തന്നെ ജീനയുടെ മറുപടിയെത്തും. ഗീത അന്ന ജോസ്

വയനാടൻ ചുരം ഇറങ്ങി ഇന്ത്യൻ നായികയായി; ജീന പിന്നിട്ടത് ചില്ലറ ദൂരമല്ല

വയനാട് പടിഞ്ഞാറത്തറയിലെ ബപ്പനം മലയിലെ പാലനില്‍ക്കുംകാലായില്‍ സ്‌കറിയയുടേയും ലിസിയുടേയും മകള്‍ ഇന്ത്യന്‍ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്തോളം എത്താന്‍ പിന്നിട്ടത് ചില്ലറ ദൂരമല്ല. വയനാട്ടിലെ മലയോര ഗ്രാമത്തില്‍ നിന്നും ഇന്ത്യന്‍ കായിക രംഗത്തിന്റെ ബാസ്‌കറ്റിലേക്ക് പന്തുകളെയ്തു വിട്ടുകൊണ്ട് അവളിന്ന് നാടിന്റെ അഭിമാനവും രാജ്യത്തിന്റെ പ്രതീക്ഷയുമായി മാറിയിരിക്കുകയാണ്. സ്ഥിരതയാര്‍ന്ന പ്രകടനത്തിന്റെ കരുത്തില്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി വരെ എത്തി നില്‍ക്കുന്ന തന്റെ യാത്രയെ കുറിച്ച് ജീന സ്‌കറിയ ഇന്ത്യൻ എക്‌സ്‌പ്രസ് സംസാരിക്കുകയാണ്.

”വളരെ റിമോട്ടായ ഗ്രാമത്തിലാണ് ജനിച്ചതും വളര്‍ന്നതുമെല്ലാം. ഇപ്പോഴും വികസനമൊന്നും അത്രത്തോളം എത്തിയിട്ടില്ല. ഏഴാം ക്ലാസുവരെ തരിയോട് സെന്റ് മേരീസ് സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. അവിടെ ഫിസിക്കല്‍ എജ്യൂക്കേഷന് ഒരു സിസ്റ്ററായിരുന്നു ഉണ്ടായിരുന്നത്. സബീന സിസ്റ്റര്‍. സിസ്റ്റര്‍ ഒരുപാട് പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിലായിരുന്നു. സിസ്റ്ററുടെ നിര്‍ബന്ധത്തിലാണ് ആദ്യമായി സ്പോര്‍ട്സില്‍ പങ്കെടുക്കുന്നത്. അങ്ങനെയാണ് പോയി ഹൈജംപില്‍ ചേരുന്നത്. ഇഷ്ടം കൊണ്ടൊന്നുമായിരുന്നില്ല, കൂടിയെന്ന് മാത്രം. അതില്‍ പ്രൈസ് ഒക്കെ കിട്ടാന്‍ തുടങ്ങി. പിന്നെ സിസ്റ്റര്‍ തന്നെ മത്സരങ്ങള്‍ക്കൊക്കെ കൊണ്ടുപോകുമായിരുന്നു”.

അതിന് ശേഷം സ്റ്റേറ്റിലൊക്കെ മത്സരിക്കുകയും ചിലതില്‍ പ്രൈസ് ലഭിക്കുകയും ചെയ്തു. അപ്പോഴാണ് നമ്മളെകൊണ്ട് ഇത് പറ്റുമെന്ന് തോന്നി തുടങ്ങിയത്. എട്ടാം ക്ലാസിലേക്ക് എത്തിയതോടെ, സ്പോര്‍ട്സ് ഡിവിഷനിലേക്ക് ട്രയലിന് പോകണമെന്ന് സിസ്റ്റര്‍ ആവശ്യപ്പെടുകയുണ്ടായി. അങ്ങനെ ട്രയല്‍സില്‍ പങ്കെടുത്തു. എട്ടാം ക്ലാസുമുതല്‍ പഠനവും പരിശീലനവുമെല്ലാം കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലായിരുന്നു. അവിടേയും ഹൈജംപ് തന്നെയായിരുന്നു. ടോമി ചെറിയാന്‍ എന്ന സാറായിരുന്നു അവിടെ പരിശീലനം നല്‍കിയിരുന്നത്. ഒരു ദിവസം സബ്ബ് ജൂനിയര്‍ ബാസ്‌കറ്റ് ടീമില്‍ ആളുടെ എണ്ണം കുറവ് വന്നു. എന്റെ ഉയരവും പ്രായവുമെല്ലാം നോക്കിയപ്പോള്‍ ഞാന്‍ കറക്ടായിരുന്നു. അങ്ങനെ അതുവരെ ബാസ്‌കറ്റ് ബോളിനെ കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ലാത്ത ഞാന്‍ ബാസ്‌കറ്റ് ബോള്‍ കളിക്കാനിറങ്ങി” ജീന പറയുന്നു.

പിന്നീട് ഇങ്ങോട്ട് ജീനയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം. കളിച്ചു കളിച്ചാണ് ജീന ബാസ്‌കറ്റ് ബോളിനെ സ്‌നേഹിച്ച് തുടങ്ങുന്നതെന്ന് വാസ്തവം. 2009 മുതല്‍ ഇന്ത്യയുടെ യൂത്ത് ടീമില്‍ കളിച്ചു തുടങ്ങിയ ജീന 2012 മുതല്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായി മാറി. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ ടീമിലെ സ്ഥിരാംഗമായി മാറി. ആ യാത്രയാണ് ഇപ്പോള്‍ 2018 ല്‍ എത്തി നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ നായിക പദവിയിലേക്ക് ട്രാന്‍സ്‌ഫോം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 17 ന് ഏഷ്യന്‍ ഗെയിംസില്‍ ജീനയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ അത് രാജ്യത്തിനും വയനാട്ടിലെ ബപ്പനംമലയെന്ന കൊച്ചു ഗ്രാമത്തിനും അഭിമാനത്തിന്റെ നിമിഷമാകും.

തന്റെ റോള്‍ മോഡലാരെന്ന് ചോദിച്ചാല്‍ ഒരു നിമിഷം പോലും ചിന്തിക്കാതെ തന്നെ ജീനയുടെ മറുപടിയെത്തും. ഗീത അന്ന ജോസ്. ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം മുൻ ക്യാപ്റ്റനായി ഗീത ജീനയ്ക്ക് റോള്‍ മോഡല്‍ മാത്രമല്ല, സുഹൃത്തും വഴികാട്ടിയും സഹോദരിയുമൊക്കെയാണ്. കരിയറിലെ ഓരോ ഘട്ടത്തിലും തനിക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഉപദേശങ്ങളുമായി ഗീത ഒപ്പമുണ്ടെന്ന് ജീന പറയുന്നു. ഗീതയുടെ പാത പിന്തുടര്‍ന്ന് പ്രൊഫഷണല്‍ രംഗത്തും അധികം വൈകാതെ തന്നെ ജീനയും രാജ്യത്തിന്റെ അഭിമാനമായി മാറുമെന്ന് ഉറപ്പാണ്. തന്റെ ഉയരവും സ്ഥിരതയുമാണ് ജീനയ്ക്ക് കരുത്തായി മാറുന്നത്.

അത്ര എളുപ്പമായിരുന്നില്ല ജീനയ്ക്ക് ഇന്ത്യന്‍ ടീം വരെയുള്ള യാത്ര. വയനാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഇവിടെ വരെ എത്താന്‍ ബുദ്ധിമുട്ടുകള്‍ ഒരുപാട് സഹിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷെ അന്നും ഇന്നും കൂട്ടായി തനിക്കൊപ്പം കുടുംബമുണ്ടെന്ന് ജീന പറയുന്നു. അവരുടെ സ്‌നേഹവും പിന്തുണയുമാണ് ഓരോ മത്സരത്തിനിറങ്ങും മുമ്പും ജീനയ്ക്ക് ആത്മവിശ്വാസം പകരുന്നത്. തിരുവനന്തപുരത്ത് കെഎസ്ഇബി ഉദ്യോഗസ്ഥയാണ് ജീന. അവധി ദിവസങ്ങളില്‍ വീട്ടിലേക്ക് ഓടിയെത്താന്‍ ആഗ്രഹിക്കുന്ന മനസ് തന്റെ കരിയര്‍ വിജയത്തിന്റെ ക്രെഡിറ്റും അവര്‍ക്കാണ് നല്‍കുന്നത്.

വിജയങ്ങള്‍ താണ്ടി മുന്നേറുമ്പോഴും തന്റെ നാടിന്റെ അംഗീകാരമോ പിന്തുണയോ ആഗ്രഹിക്കുന്ന തരത്തില്‍ കിട്ടുന്നില്ലെന്ന പരാതി ജീനയ്ക്കുണ്ടായിരുന്നു. താന്‍ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത് പോലും പലര്‍ക്കും അറിയില്ലായിരുന്നു. അറിയുന്നവര്‍ പോലും രണ്ടാം വട്ടം കാണുമ്പോള്‍ ‘വോളിബോള്‍ ഒക്കെ എങ്ങനെ പോണൂ’ എന്ന് ചോദിക്കുന്ന അവസ്ഥയായിരുന്നു. പക്ഷെ അതിന് നാടിനെയോ നാട്ടുകാരെയോ അവള്‍ പഴിചാരുന്നില്ല. നമ്മുടെ നാട്ടിലെ കായിക സംസ്‌കാരത്തിന്റെ സ്വഭാവമാണത്. ഇന്ത്യയുടെ നായിക ആയതോടെ നാട്ടിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. തങ്ങളുടെ അഭിമാന താരത്തെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ ഫെയ്‌സ്ബുക്കിലൂടേയും മറ്റുമായി ജീനയ്ക്ക് ആശംസകളും അഭിനന്ദനങ്ങളും നേരുകയാണ് ഇപ്പോള്‍. ഏഷ്യന്‍ ഗെയിംസ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ ജീനയെ കാത്തിരിക്കുന്നത് സ്വീകരണങ്ങളുടെ ദിനങ്ങളായിരിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. സെല്‍ഫ് മോട്ടിവേഷനോളം തന്നെ പ്രധാന്യമുള്ളതാണ് താരങ്ങള്‍ക്ക് അവരുടെ നാട്ടില്‍ നിന്നുമുള്ള പിന്തുണയെന്ന് ജീന പറയുന്നു. തനിക്ക് മാത്രമല്ല, തന്നെ പോലെ കായിക രംഗത്തേക്ക് വരുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ആ പിന്തുണ കിട്ടണമെന്ന് അവള്‍ ആഗ്രഹിക്കുന്നു.

”നമ്മളുടെ നാട്ടുകാരുടെ സ്വഭാവം അനുസരിച്ച്, സിന്ധു ബാഡ്മിന്റണില്‍ ജയിച്ചാല്‍ മക്കളെ ബാഡ്മിന്റണ്‍ കളിക്കാന്‍ വിടും, ക്രിക്കറ്റില്‍ ജയിച്ചാല്‍ ക്രിക്കറ്റിന് വിടും, അങ്ങനെയാണ്. ബാസ്‌കറ്റ് ബോളിലും ജയിക്കുന്നത് കണ്ടാല്‍ അവര്‍ മക്കളെ പ്രോത്സാഹിപ്പിക്കും. ഈ ഗെയിമിലേക്ക് കൂടുതല്‍ ആളുകള്‍ വരണമെന്നാണ് ആഗ്രഹം. അതിന് കളിയോടുള്ള അവരുടെ താല്‍പര്യത്തെ വളര്‍ത്തുകയും പിന്തുണയ്ക്കുകയും വേണം. നമ്മുടെ ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ക്ക് നല്ല സ്റ്റാമിനയുണ്ട്. അവര്‍ മുന്നോട്ട് വരികയാണെങ്കില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ സാധിക്കുമെന്നുറപ്പാണ്” ജീന പറയുന്നു. തന്റെ അനുഭവങ്ങളും അറിവും ഭാവി തലമുറയ്ക്ക് പകര്‍ന്നു നല്‍കാനാണ് ജീനയുടെ ആഗ്രഹം. നാട്ടിലൊരു കോര്‍ട്ടുണ്ടായിരുന്നുവെങ്കില്‍ എന്ന ആഗ്രഹം ജീനയുടെ മനസില്‍ ആഴത്തില്‍ വേരിട്ടു നില്‍ക്കുന്നുണ്ട്.

കായിക രംഗത്ത് സമീപ കാലത്ത് പെണ്‍കുട്ടികള്‍ നടത്തി കൊണ്ടിരിക്കുന്ന മുന്നേറ്റങ്ങളെയെല്ലാം വളരെ പോസിറ്റീവായിട്ടാണ് ജീന കാണുന്നത്. രാജ്യത്തിന് മെഡലുകള്‍ നേടിത്തരുന്നതില്‍ പലപ്പോഴും പെണ്‍കുട്ടികള്‍ തന്നെയാണ് മുന്നിലെന്നും അത് അഭിമാനിക്കേണ്ടതും അഭിനന്ദിക്കേണ്ടതുമാണെന്നും ജീന പറയുന്നു. അതേസമയം, മറ്റേത് രംഗത്തേയും പോലെ തന്നെ കായിക രംഗത്തും ആണ്‍-പെണ്‍ വ്യത്യാസം നിലനില്‍ക്കുന്നുണ്ടെന്ന് ജീന ചൂണ്ടിക്കാണിക്കുന്നു. മത്സരം വിജയിച്ചാല്‍ പുരുഷന്മാര്‍ക്ക് നല്‍കുന്ന സമ്മാനത്തുക ലക്ഷങ്ങളാണെങ്കില്‍ വനിതകള്‍ക്ക് അത് അമ്പതിനായിരമോ അതിനടുത്തോ ആകുമെന്ന് ജീന പറയുമ്പോള്‍ അത് നമ്മുടെ കായിക രംഗത്ത് തുടരുന്ന വിവേചനത്തിന്റെ സാക്ഷ്യമാണത്. മാറേണ്ടത് എന്താണെന്നതിന്റെ സൂചനയുമാണ്.

ജീന കുടുംബത്തിനൊപ്പം

താരമെന്നും വ്യക്തിയെന്ന നിലയിലും തന്നെ കുറിച്ച് കൃത്യമായ ധാരണയുള്ള ജീനയ്ക്ക് ക്യാപ്റ്റനെന്ന നിലയില്‍ ടീമിന്റെ കരുത്തിനേയും ദൗര്‍ബല്യത്തേയും അളക്കാനും സാധിക്കുന്നുണ്ട്. അനുഭവ സമ്പത്തും യുവത്വവും ഒരുപോലെ ഉണ്ടെന്നതാണ് ഇത്തവണത്തെ ടീമിന്റെ പ്രത്യേകതയായി ജീന വിലയിരുത്തുന്നത്. വേഗതയും അനുഭവ സമ്പത്തും ടീമിന് വിജയമായി മാറുമെന്ന് ജീന വിശ്വസിക്കുന്നു.

”ഇവിടെ വരെ എത്തുക എന്നത് ചെറിയ കാര്യമല്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടുമെന്നൊന്നും പറയുന്നില്ല.  പക്ഷെ കളിക്കുന്നത് ജയിക്കാന്‍ വേണ്ടി മാത്രമായിരിക്കും” പറഞ്ഞ് അവസാനിപ്പിക്കുകയല്ല, മുന്നേറുകയാണ് ജീന.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Indian basket ball team captain jeena skaria interview