ന്യൂഡൽഹി: ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ടോക്കിയോ ഒളിമ്പിക്സ് നീട്ടിവയ്ക്കാനുള്ള രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് കായിക ലോകം, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നുള്ള താരങ്ങൾ. വർഷങ്ങളോളം നീണ്ട തങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ ഫലം അറിയാൻ ഇനിയും കാത്തിരിക്കണമെന്ന ആശങ്കയേക്കാൾ ലോകം ഇപ്പോൾ നേരിടുന്ന വലിയ പ്രതിസന്ധിയിൽ നിന്ന് കരകയറുകയെന്ന വലിയ ദൗത്യത്തിനൊപ്പം നിൽക്കുകയാണ് ഓരോ കായിക താരങ്ങളും.

ജീവനാണ് പ്രധാനമെന്നും മറ്റെന്തിന് വേണ്ടിയും കാത്തിരിക്കമെന്നുമായിരുന്നു ഒളിമ്പിക് മെഡൽ ജേതാവ് കൂടിയായ മേരി കോമിന്റെ പ്രതികരണം. ലോകത്ത് കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് പല രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒളിമ്പിക്സ് നടത്താൻ തന്നെയായിരുന്നു ഒളിമ്പിക് കമ്മിറ്റിയുടെയും ആതിഥേയരായ ജപ്പാന്റെയും തീരുമാനം. അതേസമയം കാനഡയും ഓസ്ട്രേലിയയും പിന്മാറ്റം അറിയിച്ചതോടെ തീരുമാനത്തിൽ നിന്ന് പിന്നോട്ട് വരാൻ ജപ്പാൻ നിർബന്ധിതരായി.

Also Read: കോവിഡ്-19: പ്രതിരോധ പ്രവർത്തനങ്ങൾക്ക് വൻ തുക സംഭാവന നൽകി മെസിയും ഗാർഡിയോളയും

ഈ വർഷം ജൂലൈ 14ന് ആരംഭിക്കേണ്ടിയിരുന്ന ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടാൻ ജപ്പാൻ വച്ച നിർദേശം രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ഒളിമ്പിക്സ് നീട്ടിവച്ചതായി അറിയിച്ച് പിന്നീട് ഇരുകൂട്ടരം സംയുക്ത പ്രസ്താവനയും ഇറക്കി.

രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിച്ചിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. മേരി കോം, സൈന നെഹ്‌വാൾ, വിനേഷ് ഭോഘട്ട് എന്നീ താരങ്ങൾ കമ്മിറ്റിയുടെ തീരുമാനത്തെ അനുകൂലിച്ച് രംഗത്തെത്തി.

“നിലവിലെ സാഹചര്യം നല്ലതല്ല, ജീവിതത്തിനാണ് പ്രാധാന്യം, മറ്റെല്ലാത്തിനും വേണ്ടിയും കാത്തിരിക്കാം. എല്ലാവരുടെയും നല്ലതിനുള്ള തീരുമാനമായിട്ടാണ് ഞാനിതിനെ കാണുന്നത്.” മേരി കോം പറഞ്ഞു.

Also Read: ഇതാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങൾ തല്ലിക്കെടുത്തിയ ആ ബാറ്റ്

അതേസമയം മറ്റൊരു ഗുസ്തി താരം ബജ്റങ്ക് പൂനിയ, ജാവ്‌ലിൻ ത്രോ താരം നീരജ് ചോപ്ര എന്നിവർ കൊവിഡ് നിരീക്ഷണത്തിലാണ്. തുർക്കിയിൽ നിന്നും മടങ്ങിയെത്തിയ നീരജിന്റെ ക്വറന്റൈൻ അവസാനിക്കാൻ ദിവസങ്ങൾ ബാക്കിയുണ്ടെന്നും വീടിനുള്ളിൽ തന്നെ വ്യായമം ചെയ്യുന്നുണ്ടെന്നും താരം അറിയിച്ചു.

“എല്ലാ അർത്ഥത്തിലും ഈ തീരുമാനം മനസിലാക്കാൻ സാധിക്കുന്നതും ന്യായമായതുമാണ്. എന്റെ പരിശീലനത്തിനുള്ള സൗകര്യങ്ങളുമുള്ളതിനാൽ എനിക്ക് പരിശീലനം തുടരാനാകും. എന്നാൽ ഇന്ത്യയിലും പുറത്തുമുള്ള എല്ലാ താരങ്ങളുടെയും അവസ്ഥ അതല്ല,” ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തെ അംഗീകരിിക്കുമ്പോഴും ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഭോഘട്ട് ആശങ്ക രേഖപ്പെടുത്തി.

കഴിഞ്ഞ 124 വർഷത്തെ ചരിിത്രത്തിനിടയിൽ ഇതാദ്യമായാണ് ഒളിമ്പിക്സ് വൈകുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ കാലത്ത് ഒളിമ്പിക്സ് റദ്ദാക്കിയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും വൈകി ആരംഭിച്ചട്ടില്ല. 1916, 1940, 1944 ഒളിമ്പിക്സുകളാണ് യുദ്ധ പശ്ചാത്തലത്തിൽ റദ്ദാക്കിയത്. 1980ലെ മോസ്കോ ഒളിമ്പിക്സിൽ നിന്നും 1984ലെ ലോസ് എഞ്ചലസ് ഒളിമ്പിക്സിൽ നിന്നും ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ടീമുകൾ മാറി നിന്നെങ്കിലും കത്യസമയത്ത് തന്നെ ഒളിമ്പിക്സ് സംഘടിപ്പിക്കപ്പെട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook