ന്യൂഡൽഹി: ഐ ലീഗ് ഫുട്ബോളിൽ ഇന്ത്യൻ കൗമാരപ്പട, ഇന്ത്യൻ ആരോസ് വീണ്ടും വിജയവഴിയിൽ. ഷില്ലോംഗ് ലജോങ്ങിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ആരോസ് സീസണിലെ രണ്ടാം വിജയം നേടിയത്. മലയാളി താരം കെപി രാഹുൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോൾ മലയാളികൾക്ക് അഭിമാന നേട്ടമായി.
മൽസരത്തിന്റെ 19–ാം മിനിറ്റിലാണ് ആരോസ് ആദ്യ ഗോൾ നേടിയത്. ഫ്രീകിക്കിൽ നിന്നു ലഭിച്ച പന്ത് മുന്നേറ്റത്തിൽ റഹീം അലി ജിതേന്ദ്ര സിങിന് നല്കി. പന്ത് കാലിലാക്കിയ ജിതേന്ദ്ര സിംഗ് തൊടുത്ത ഷോട്ട് ലക്ഷ്യം കണ്ടതോടെ ലജോങ് ഒരു ഗോളിന് പിന്നിൽ.
എന്നാൽ പിന്നീട് തുടർച്ചയായി ആക്രമണങ്ങൾ പുറകിലോട്ട് പോയ കളിയിൽ അടുത്ത ഗോളിനായി രണ്ടാം പകുതിയിൽ 86ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. നവോറം ആണ് ഗോൾ നേടിയത്. കളിയുടെ ഇഞ്ചുറിടൈമിൽ 91ാം മിനിറ്റിലായിരുന്നു കെപി രാഹുലിന്റെ മുന്നേറ്റം. റഹിം അലി കൈമാറിയ പന്ത് സ്റ്റോപ് ചെയ്ത ശേഷം രാഹുൽ ഗോൾ വല ലക്ഷ്യമാക്കി തൊടുത്തു. ആരോസിന് വേണ്ടിയുള്ള മലയാളി താരത്തിന്റെ ആദ്യ ഗോളായി അത് മാറി.
തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് ആരോസ് വിജയവഴിയിലേക്കു തിരിച്ചെത്തിയത്. ചെന്നൈ സിറ്റി എഫ്സിയെ മൂന്നു ഗോളിന് തകർത്ത ആദ്യ മൽസരത്തിനുശേഷം മിനർവ പഞ്ചാബിനോടു രണ്ടു തവണയും ഗോകുലം കേരള എഫ്സിയോടും ഇന്ത്യൻ ആരോസ് പരാജയപ്പെട്ടിരുന്നു.
ഇന്ത്യയിൽ നടന്ന അണ്ടർ 17 ലോകകപ്പില് കളിച്ച യുവതാരങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച ഐ ലീഗ് ടീമാണ് ഇന്ത്യൻ ആരോസ്. അഞ്ചു കളികളിൽനിന്ന് രണ്ടു ജയവുമായി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യൻ ആരോസ്. 29ന് മോഹൻ ബഗാനെതിരെയാണ് അടുത്ത പോരാട്ടം.