/indian-express-malayalam/media/media_files/uploads/2023/07/WhatsApp-Image-2023-07-12-at-2.10.40-PM.jpeg)
ഗുപ്ടിലിന്റെ ത്രോ തകര്‍ത്ത ഇന്ത്യന്‍ പ്രതീക്ഷകള്‍, 2019 ആവര്‍ത്തിക്കാതിരിക്കട്ടെ, ഇത്തവണ നമ്മള്‍ കപ്പടിക്കുമോ?
2019, ജൂലൈ 9, ഓള്‍ഡ് ട്രാഫോര്‍ഡില്‍ ന്യൂസിലന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്ടിലിന്റെ ത്രോ തകര്‍ത്തത് ഇന്ത്യയുടെ ലോകകപ്പ് സ്വപ്നമായിരുന്നു. 49 ാം ഓവര്‍ വരെ ക്രീസില്‍ നീലപടയ്ക്ക് പ്രതീക്ഷ നല്‍കിയ ധോണി റണ്ണൗട്ടിലൂടെ പുറത്തായത് ആരാധകരുടെ ഹൃദയം തകര്‍ത്തു. അന്ന്, തന്റെ ടീമിനെ ജയത്തിലേക്ക് എത്തിക്കാന്‍ സാധിക്കാത്തതിന്റെ വേദനയോടെ തലകുനിച്ച് 'തല' നടന്ന് നീങ്ങുന്ന കാഴ്ച ഇന്ത്യന്‍ ആരാധകര്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകില്ല. സെമിഫൈനലില്‍ കീവിസിനോട് 18 റണ്‍സിന് തോല്‍വി വഴങ്ങിയാണ് ഇന്ത്യന്‍ സംഘം നാട്ടിലേക്ക് മടങ്ങിയത്. നാല് വര്‍ഷത്തിനിപ്പുറം ഇന്ത്യ മറ്റൊരു ഏകദിന ലോകകപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമാണ്, അതിലൊന്ന് ഇന്ത്യന്‍ മണ്ണിലാണ് ലോകകപ്പ് എന്നതാണ്.
ഒക്ടോബര്‍ അഞ്ചിന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ നേരിടുന്നതോടെയാണ് ഇത്തവണ ലോകകപ്പിന് തുടക്കമാകുക. ഇന്ത്യയുടെ ആദ്യമത്സരം മുന്‍ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയുമായിട്ടാണ്. ഒക്ടോബര്‍ എട്ടിനാണ് മത്സരം. ഇക്കുറി രോഹിത് ശര്‍മയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഇന്ത്യ നാലാംതവണയാണ് ലോകകപ്പിന് വേദിയാകുന്നത്. 2011ല്‍ അവസാനമായി വേദിയായപ്പോള്‍ കിരീട നേട്ടത്തിലെത്തി ഇന്ത്യ. അന്ന് ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ചാമ്പ്യന്‍മാരായത്. ഇക്കുറിയും ഇന്ത്യ കിരീടം സ്വപ്നം കാണുന്നു.
ഇന്ത്യയുടെ ലോകകപ്പ് സാധ്യതകളെ കുറിച്ച് കേരള ക്രിക്കറ്റ് മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂര്‍ ഐഇ മലയാളത്തോട് സംസാരിക്കുന്നു.(രഞ്ജി ട്രോഫിയുടെ 2007 , 2008 , 2012 സീസണുകളില്‍ കേരളത്തെ നയിച്ചിട്ടുണ്ട്. കേരളത്തിനായി ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടിയ താരം, കേരളത്തിനായി ഹാട്രിക് നേടുന്ന രണ്ടാമത്തെ താരം. ഈ നേട്ടങ്ങള്‍ക്ക് ഉടമയാണ്. കഴിഞ്ഞ വര്‍ഷം അണ്ടര്‍ 19 കേരള ടീമിന്റെ പരിശീലകനായിരുന്നു.)
ഇത്തവണ ഏകദിന ലോകകപ്പ് ഇന്ത്യയില്‍ വെച്ച് നടക്കുന്നതിനാല്‍ തന്നെ ഇന്ത്യയ്ക്ക് സാധ്യതകളേറെയാണെന്ന് പറയുമ്പോഴും ചില താരങ്ങളുടെ നിര്‍ണായ പ്രകടനങ്ങളും അനുഭവ പരിചയവുമാകും കൂടുതല്‍ ഗുണം ചെയ്യുകയെന്നും സോണി ചെറുവത്തൂര്‍ പറയുന്നു.
മിഡില്‍ ഓര്‍ഡര്‍
ഏതെങ്കിലും സാഹചര്യത്തില്‍ രണ്ടോ മൂന്നോ ഓവറുകള്‍ എറിയാന്‍ കഴിയുന്ന താരങ്ങളെ മിഡില്‍ ഓര്‍ഡറിലോ ലോവര്‍ മിഡില്‍ ഓര്‍ഡറിലോ കൊണ്ടുവരാന്‍ സെലക്ടര്‍മാരുടെ ഭാഗത്ത് നിന്നുണ്ടായേക്കും. ഹാര്‍ദീക് പാണ്ഡ്യ ഫിറ്റാണെങ്കില്‍ ഇക്കാര്യത്തില്‍ വലിയ ഇംപാക്ട് ഉണ്ടാക്കാന്‍ ഇന്ത്യക്ക് സാധിക്കും. കൃത്യം അഞ്ച് ബോളേഴ്‌സിനെ വെച്ച് കളിക്കുന്ന സമയത്ത് ഏതെങ്കിലും സാഹചര്യത്തില്‍ മറ്റൊരു സാധ്യത നോക്കേണ്ടി വന്നാല്‍ ഇത്തരം താരങ്ങളെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം. പ്രത്യേകിച്ച് താരതമ്യേന വലിയ ഫോര്‍മാറ്റ് ആയതുകൊണ്ട് തന്നെ ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വന്നേക്കുമെന്നതും ഉറപ്പാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ കുറെ ഭേദപ്പെട്ട മിഡില്‍ ഓര്‍ഡറിനെ ലഭ്യമാക്കാന്‍ നമുക്ക് സാധിച്ചേക്കും. പ്രത്യേകിച്ച് ശ്രേയസ് അയ്യരെ പോലുള്ള താരങ്ങളുള്ള സാഹചര്യത്തില്‍. പരിചയ സമ്പന്നത ഏറെയുള്ള താരങ്ങളെ തന്നെ കൊണ്ടുവരാന്‍ സാധിച്ചേക്കും. ശുഭ്മാന്‍ ഗില്ലിനെ പോലെയുള്ള താരങ്ങളെ ടോപ്പ് ഓര്‍ഡറില്‍ ഇറക്കാന്‍ കഴിയുമെന്നത് ഈ സാഹചര്യങ്ങള്‍ ഏറെ അനുകൂലമാക്കുന്നു.
ഓള്‍റൗണ്ടേഴ്‌സ്
പത്തോവറില്‍ ബോള്‍ ചെയ്യുകയും ആദ്യ ആറില്‍ ബാറ്റ് ചെയ്യാനും കഴിയുന്ന ജെനുവിന്‍ ഓള്‍റൗണ്ടേഴ്‌സിനെ അധികം കാണാന്‍ സാധിക്കുന്നില്ല. ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ തന്നെയാണതില്‍ സംശയമില്ല. ഇന്ത്യന്‍ സാഹചര്യത്തില്‍ ജഡേജയെ പോലുള്ള ഒരു ഓള്‍റൗണ്ടര്‍ ടീമിലുണ്ടാകുകയെന്നത് വലിയ മുതല്‍ കൂട്ട് തന്നെയാണ്. ശാര്‍ദുല്‍ താക്കൂറിനെ പോലുള്ള താരങ്ങളെ ഓള്‍റൗണ്ടര്‍ കാറ്റഗറിയില്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. ഓള്‍റൗണ്ടര്‍മാരില്‍ ഏറെ വിശ്വസിക്കാവുന്ന താരമാണ് ഹാര്‍ദീക് പാണ്ഡ്യ. പാണ്ഡ്യയും ജഡേജയും തന്നെയാണ് ഇന്ത്യക്ക് ജെനുവിന്‍ ഓള്‍റൗണ്ടര്‍മാരായി പറയാനുള്ളത്. ടൂര്‍ണമെന്റുകളില്‍ ഒറ്റയ്ക്ക് നിന്ന് പൊരുതാന്‍ കഴിയുന്ന താരങ്ങളാണ് ഇരുവരും.
സ്പിന്നര്‍മാര്‍
രവിചന്ദ്രന്‍ അശ്വിനെ ടെസ്റ്റില്‍ ഉപയോഗിക്കുന്നതു പോലെ ഫീല്‍ഡിങ്ങ് ഉള്‍പ്പെടെ കണക്കിലെടുക്കുമ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ കൊണ്ടുവരാതിരു ന്നാലും ഏറെ അത്ഭുതപ്പെടാനില്ല. ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍മാരെ നേരിടുമ്പോള്‍ ഒരു ഓഫ്‌സ്പിന്നറുടെ സാന്നിധ്യം, ബാറ്റിങ് മികവ് എന്നിവയും കണക്കിലെടുക്കുമ്പോള്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോയെന്നത് കാത്തിരുന്ന് കാണണം. ഇതൊക്കെ സെലക്ടര്‍മാരുടെ നിരീക്ഷണം പോലെയിരിക്കും. അല്ലെങ്കില്‍ മറ്റൊരു ഒപ്ഷനുള്ളത് ജഡേജയോടൊപ്പം നില്‍ക്കാന്‍ സാധിക്കുന്ന അല്ലെങ്കില്‍ അടുത്ത് നില്‍ക്കാന്‍ സാധിക്കുന്ന താരമാണ് അക്‌സര്‍ പട്ടേല്‍. ചഹല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ മിഡില്‍ ഓവറുകളില്‍ വിക്കറ്റ് എടുക്കാന്‍ സാധിക്കുന്ന താരങ്ങള്‍ തന്നെയാണ്. അങ്ങനെ നോക്കുമ്പോള്‍ സ്പിന്നര്‍മാരുടെ കാര്യത്തില്‍ ഇന്ത്യക്ക് ഏറെ ആശങ്കപ്പെടേണ്ട കാര്യമില്ല. രവി ബിഷ്‌ണോയിയെ പോലെയുള്ള താരങ്ങളെയും പരിഗണിക്കാം. എന്നാല്‍ പരിചയ സമ്പന്നത ഘടകമാകുമ്പോള്‍ താരം പുറത്ത് നില്‍ക്കേണ്ടി വന്നേക്കാം.
സൂര്യകുമാര്‍ യാദവ്
ടി20 ഫോര്‍മാറ്റില്‍ ലോകോത്തര ബാറ്റസ്മാനാണ് സൂര്യകുമാര്‍ യാദവ് എന്നതില്‍ സംശയമില്ല. എന്നാല്‍ ഏകദിന ക്രിക്കറ്റിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിന് വേണ്ടത്ര ശോഭിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് വേണം മനസിലാക്കാന്‍. വലിയ മത്സരങ്ങളില്‍ വിജയം കൊണ്ടുവരാന്‍ സാധിക്കുന്ന താരമെന്ന നിലയില്‍ ഒന്നോ രണ്ടോ സീരിയസിലെ പ്രകടനത്തിന്റെയും അടിസ്ഥാനത്തില്‍ ടീമില്‍ ഇടം നേടിയേക്കാം.
സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടുമോ?
സഞ്ജു സാംസണ്‍ ടാലന്റഡ് പ്ലയര്‍ ആണെന്ന് കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ വീന്‍ഡീസ് പര്യടനത്തിലൂള്‍പ്പെടെ താരത്തിന്റെ പ്രകടനം നിര്‍ണായകമാണ്. നല്ല പ്രകടനങ്ങള്‍ക്കൊപ്പം ടീമിന്റെ വിജയവും ടീമിന്റെ പ്രാധാന്യവും നോക്കി കളിക്കുന്ന താരമാണ് സഞ്ജു. അതുകൊണ്ട് തന്നെ സഞ്ജുവിനെ പോലെയുള്ള താരത്തെ എപ്പോഴും ഒരു ടീമിന് ആവശ്യമുണ്ട്. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ എന്റെ വഴിക്ക് നടക്കുമെന്ന് കരുതുന്ന താരങ്ങളെ ഐപിഎല്ലില്‍ പോലും കാണാം. സഞ്ജുവിനെ സംബന്ധിച്ച് ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഏകദിന മത്സരങ്ങളില്‍ മികച്ച പ്രകടനമാണ്. ലോകകപ്പ് കളിക്കുന്ന മറ്റൊരു മലയാളിയായി സഞ്ജു മാറാനുള്ള സാധ്യത ഇപ്പോള്‍ ഉണ്ട്. കിട്ടുന്ന അവസരങ്ങളില്‍ നന്നായി കളിച്ചാല്‍ സഞ്ജു ടീമില്‍ ഉണ്ടാകുമെന്ന കാര്യത്തില്‍ ഉറപ്പാണ്.
ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ബാറ്റിങ് നിരയെ സംബന്ധിച്ച് രോഹിത് ശര്‍മ്മയായാലും വിരാട് കോഹ്ലി ആയാലും ലോകോത്തര താരങ്ങള്‍ തന്നെയാണ്. ബാറ്റിങ്ങില്‍ മറ്റ് ടീമുകളെ അപേക്ഷിച്ച ഇന്ത്യ ഏറെ കരുത്തുള്ള ടീമാണ്.
പേസര്‍മാരുടെ കുറവാണ് ഇന്ത്യയുടെ വെല്ലുവിളി, ഇത് ബോളിങ് ഡിപ്പാര്‍ട്ട് മെന്റിനെ ഏറെ ബാധിക്കും. അതേസമയം ജസ്പ്രീത് ബൂംറ തിരിച്ചെത്തിയാല്‍ ഇന്ത്യയ്ക്ക് അത് വലിയ നേട്ടം തന്നെയാകും. താരത്തിന്റെ പരുക്ക്, ഫോമിലേക്കുള്ള തിരിച്ചുവരവ് ഇതൊക്കെയാകാം ഇന്ത്യയുടെ ബോളിങ്ങിനെ ശക്തിപ്പെടുത്തുന്നതും ദുര്‍ബലപ്പെടുത്തുന്നതും.
നോക്കൗട്ട് മത്സരങ്ങളില്‍ ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ പോലെയുള്ള കരുത്തരെ നേരിടുന്നത്?
ലോകകപ്പ് പോലുള്ള മത്സരങ്ങളില്‍ വേദികളില്‍ ശക്തരെ നേരിടുക തന്നെ വേണം. അവിടെ മൈതാനത്ത് മികവ് കാണിക്കുകയെന്നത് തന്നെയാണ് പ്രധാനം. ഏത് ടീമിനെതിരെതും നല്ല പ്രകടനം കാഴ്ചവെക്കുകയെന്നതാണ് കാര്യം. അതിനുള്ള സാഹചര്യം ഇന്ത്യയെ സംബന്ധിച്ച് ഏറെ അനുകൂലമാണ് എന്നതാണ്. ഇന്ത്യന്‍ മൈതാനങ്ങളില്‍ കളിച്ചുള്ള അനുഭവ പരിചയം ഇന്ത്യക്ക് തന്നെയാകും അധികവും. അതുകൊണ്ട് തന്നെ ഏത് ടീമിനെയും വീഴത്താനുള്ള ശക്തി ഇന്ത്യക്കുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us