ഫിഫ ലോകകപ്പിന്റെ യോഗ്യത മത്സരങ്ങളിൽനിന്ന് പുറത്തുപോയതും ഏഷ്യാ കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ തകർച്ചയും, ലോക റാങ്കിങ്ങിൽ 11 സ്ഥാനങ്ങൾ നഷ്ടപ്പെട്ട് 108-ാം സ്ഥാനത്തേക്ക് വീണതുമാണ് ഇന്ത്യൻ ഫുട്ബോളിന്റെ 2019. എന്നാൽ ഇന്ത്യൻ ഫുട്ബോളിനും മുകളിൽ മികച്ചുനിന്ന വർഷമാണ് നായകൻ സുനിൽ ഛേത്രിക്ക് കടന്നുപോയത്.

ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ 12 സീസൺ പഴക്കമുള്ള ഐ-ലീഗിനെ ആഭ്യന്തര ലീഗിൽ രണ്ടാം നിരയിലേക്ക് തള്ളിവിട്ടപ്പോൾ ഈ വർഷം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. 2014 ൽ ആരംഭിച്ച ഇന്ത്യൻ സൂപ്പർ സൂപ്പർ ലീഗ് പ്രതാപത്തിലും സമ്പന്നതയിലും ശ്രദ്ധേയമായതാണ് ഐ ലീഗിനെ പുറംകാലുകൊണ്ട് തട്ടാൻ കാരണമായത്.

ഒരു വശത്ത് ഭൂരിപക്ഷം ക്ലബ്ബുകളും മറുവശത്ത് എഐഎഫ്എഫും തമ്മിലുള്ള നീണ്ട കലഹത്തിനൊടുവിൽ ദേശീയ ഫെഡറേഷൻ, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ എന്നിവരുടെ ഇടപെടലോടെ ഐഎസ്എല്ലിനെ രാജ്യത്തെ മുൻനിര ലീഗായി അംഗീകരിച്ചു. ഐ‌എസ്‌എൽ വിജയിക്കുന്ന ടീമിന് ഇപ്പോൾ ഭൂഖണ്ഡത്തിലെ ടോപ്പ് ടയർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള അവസരം ലഭിക്കും. അതേസമയം ഐ-ലീഗ് വിജയികൾക്ക് രണ്ടാം നിര എ‌എഫ്‌സി കപ്പിലും മത്സരിക്കാം.

Read Also: രണ്ടടി പുറകോട്ട് മെസിയെ മറികടന്ന് വീണ്ടും ഛേത്രി

ലോകത്തിലെ ഏറ്റവും ജനപ്രിയ കായിക വിനോദത്തിന്റെ സമിതിയായ ഫിഫ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യക്കാരനായി എഐ‌എഫ്‌എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ ചരിത്രം കുറിച്ചു. അതോടൊപ്പം 2020 ൽ ഫിഫയുടെ വനിത അണ്ടർ 17 ലോകകപ്പിന്റെ നടത്തിപ്പ് അവകാശവും ഇന്ത്യയ്ക്ക് ലഭിച്ചത് നമ്മുടെ കാൽപ്പന്ത് ആവേശത്തിന്റെ​ അംഗീകാരമായി മാറി.

2019 ന്റെ​ ആരംത്തോടെ റാങ്കിങിൽ ഇന്ത്യ 97-ാം സ്ഥാനത്തേക്ക് ഉയർന്നു. ഇത് ഇന്ത്യൻ ഫുട്ബോളിന്റെ എക്കാലത്തെയും മികച്ച റാങ്കിങായിരുന്നു. എന്നാൽ രണ്ട് വിജയങ്ങൾ, നാല് സമനിലകൾ, ഏഴ് തോൽവി എന്നിവയ്ക്ക് ശേഷം വർഷം അവസാനിച്ചപ്പോൾ 108-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2022 ലെ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏഷ്യൻ ചാംപ്യൻമാരായ ഖത്തറിനെ ഗോൾരഹിത സമനിലയിൽ തളച്ചതാണ് ടീമിന്റെ ഏറ്റവും വലിയ മുന്നേറ്റമായി കരുതുന്നത്.

പുതിയ പരിശീലകൻ​ ഇഗോർ സ്റ്റിമാച്ചിന്റെ നിയമനവും പ്രതീക്ഷകൾ നൽകി. എങ്കിലും ജനുവരിയിൽ നടന്ന ഏഷ്യൻ കപ്പിലെ മോശം പ്രകടനത്തിന് ശേഷം രാജിവെച്ച സ്റ്റീഫൻ കോൺസ്റ്റന്റൈന്റെ പിൻഗാമിയായി എത്തിയ ക്രൊയേഷ്യൻ പരിശീകന്റെ നിയമനവും ഇന്ത്യൻ ഫുട്ബോളിന്റെ ഭാഗ്യത്തെ പിന്തുണച്ചില്ല.

ബെച്ചൂങ് ബൂട്ടിയക്കു ശേഷം ഇന്ത്യൻ ഫുട്ബോളിന്റെ മുഖമായി മാറുകയായിരുന്നു സുനിൽ ഛേത്രി. 2019 ടീമിന് കരിനിഴലായപ്പോൾ ടീമിന്റെ തുറുപ്പുചീട്ടായ ഛേത്രി വ്യത്യസ്തനായി. കഴിഞ്ഞ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മികച്ച ഫോമിലാണ് താരമിപ്പോൾ ബൂട്ടുകെട്ടുന്നത്. ഇന്ത്യക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന താരമെന്ന ബഹുമതിയും ബൂട്ടിയയിൽ​നിന്ന് ഛേത്രി സ്വന്തമാക്കി.

കാൽപ്പന്ത് കളിയിലെ മാന്ത്രികനായ ലയണൽ മെസിയെ മറികടന്ന് അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ​ ഗോൾ നേടുന്ന താരമെന്ന നേട്ടം സ്വന്തമാക്കിയതും 2019 ഇന്ത്യൻ നായകനെ പ്രിയപ്പെട്ടതാക്കുന്നു. പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (99) ഇനി ഛേത്രിയുടെ മുന്നിലുള്ളത്. 115 മത്സരങ്ങളിൽ നിന്ന് 72 ഗോളുകളാണ് ഇതുവരെ ഛേത്രിയുടെ പേരിലുള്ളത്.

സ്റ്റിമാക്കിന്റെ മുൻഗാമിയായ കോൺസ്റ്റന്റൈൻ നാൽപ്പതിധികം പുതിയ കളിക്കാരെ ടീമിന്റെ ഭാഗമാക്കി. യുഎഇയിൽ നടന്ന ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ആദ്യമായി നോക്ക് ഔട്ട് റൗണ്ട് യോഗ്യത നേടി കൊടുക്കാനും മുൻ​ പരിശീലകനായിരുന്നു.

ആദ്യ മത്സരത്തിൽ മികച്ച ടീമായ തായ്‌ലൻഡിനെ ഇന്ത്യ മറികടന്നപ്പോൾ ആരാധകർക്ക് പ്രതീക്ഷ നൽകി. എന്നാൽ പിന്നീട് ആതിഥേയരായ യുഎഇയോടും ബഹ്‌റൈനിനോടും യഥാക്രമം 0-2, 0-1 എന്ന സ്കോറിന് തോൽവി ഏറ്റുവാങ്ങി ടൂർണമെന്റിൽ നിന്നും ഇന്ത്യ പുറത്തായി.

പുതിയ പരിശീലകൻ സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യ കൂടുതലും ലോങ് ബോൾ തന്ത്രമാണ് പയറ്റുന്നത്. കഴിഞ്ഞ ആറ് മാസത്തിനിടെ കളിച്ച പത്ത് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിനെതിരായ സമനില ടീമിന്റെ മികവായി കണ്ടെങ്കിലും കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ 60,000 കാണികൾക്ക് മുന്നിൽ ബംഗ്ലാദേശിനെതിരായ 1-1 സമനില തീർത്തും നിരാശാജനകമായിരുന്നു.

അടുത്ത വർഷം ആദ്യം മൂന്ന് മത്സരങ്ങൾ മാത്രം അവശേഷിക്കുമ്പോൾ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ രണ്ട് തോൽവികളും മൂന്ന് സമനിലകളുമുള്ള ഇന്ത്യക്ക് അടുത്ത റൗണ്ടിലേക്കുള്ള​ പ്രവേശനം വിദൂര സാധ്യത മാത്രമാണ്.

ആഭ്യന്തര മത്സരങ്ങളിൽ വിജയികളെ കണ്ടെത്താൻ അവസാന ലീഗ് മത്സരം വരെ കാത്തിരിക്കേണ്ടി വന്നപ്പോൾ കൊൽക്കത്ത ഭീമൻമാരായ ഈസ്റ്റ് ബംഗാളിനെ തകർത്ത് ചെന്നൈ സിറ്റി എഫ്‌സി ഐ-ലീഗ് ചാമ്പ്യന്മാരായി. മൂന്നാം സ്ഥാനക്കാരായ റിയൽ കശ്മീർ ലീഗ് അവസാനിക്കുന്നതുവരെ കിരീട പോരാട്ടത്തിലുണ്ടായിരുന്നതും ലീഗിന്റെ​ ആവേശത്തെ കൊടിമുടിയിലെത്തിച്ചു.

ഫെബ്രുവരി 14 ന് നടന്ന പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ശ്രീനഗറിൽ നടക്കേണ്ടിയിരുന്ന മിനർവ പഞ്ചാബും റിയൽ കശ്മീരും തമ്മിലുള്ള ഐ-ലീഗ് മത്സരം റദ്ദാക്കിയതും വാർത്തകളിൽ ഇടംപിടിച്ചു.

മാർച്ചിൽ നടന്ന സൂപ്പർ കപ്പ് ടൂർണമെന്റ് ബഹിഷ്കരിച്ചതിന് ഐസോൾ എഫ്‌സി, ചർച്ചിൽ ബ്രദേഴ്‌സ്, നെറോക്ക എഫ്‌സി, ഗോകുലം കേരളം, മിനർവ പഞ്ചാബ്, ഈസ്റ്റ് ബംഗാൾ എന്നീ ആറ് ഐ-ലീഗ് ക്ലബ്ബുകൾക്കും കനത്ത സാമ്പത്തിക പിഴ ചുമത്തി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനും വാർത്തകളിൽ നിറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook