കിരീട പ്രതീക്ഷകളുമായി ഇംഗ്ലണ്ടിലേക്ക് വണ്ടി കയറിയ ഇന്ത്യൻ കുതിപ്പ് സെമിഫൈനലിൽ അവസാനിച്ചു. സെമിയിൽ ന്യൂസിലൻഡിനോട് 18 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ന്യൂസിലൻഡ് തുടർച്ചയായ രണ്ടാം തവണയും ഫൈനൽ ഉറപ്പിക്കുകയും ചെയ്തു. മഴമൂലം രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ ന്യൂസിലൻഡ് ബോളർമാരുടെ മിന്നും പ്രകടനമാണ് ഇന്ത്യയെ പുറത്തേക്ക് നയിച്ചത്. ലോകകപ്പിൽ നിന്ന് പുറത്തായെങ്കിലും മികച്ച പ്രകടനമാണ് ഇന്ത്യ ടൂർണമെന്റിൽ പുറത്തെടുത്തത്. ഒരുപിടി റെക്കോർഡുകളും ഇന്ത്യൻ താരങ്ങൾ സ്വന്തമാക്കി.

രോഹിത് ശർമ്മയുടെ അഞ്ച് സെഞ്ചുറികൾ

ലോകകപ്പിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത രോഹിത് അഞ്ച് സെഞ്ചുറികളാണ് അടിച്ചുകൂട്ടിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡിനൊപ്പം രോഹിത്തെത്തി. സച്ചിനും രോഹിത്തും ആറ് ലോകകപ്പ് സെഞ്ചുറികളുണ്ട്. ആറ് ലോകകപ്പുകളില്‍ നിന്നും സച്ചിന്‍ നേടിയ സെഞ്ചുറികള്‍ക്കൊപ്പം രോഹിത് എത്തിയത് രണ്ട് ലോകകപ്പ് മാത്രം കളിച്ചാണ്.

രോഹിത്തിന്റെ ഈ ലോകകപ്പിലെ സമ്പാദ്യം 648 റണ്‍സാണ്. ഒരു ലോകകപ്പില്‍ 600 ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ താരമാണ് രോഹിത്. മുന്നിലുള്ള മാത്യു ഹെയ്ഡന് 659 റണ്‍സും സച്ചിന് 673 റണ്‍സുമാണ് ഉള്ളത്. രോഹിത്തിന്റെ സെഞ്ചുറികൾ ഇങ്ങനെ ദക്ഷിണാഫ്രിക്ക – 122*, പാക്കിസ്ഥാൻ – 140, ഇംഗ്ലണ്ട് – 102, ബംഗ്ലാദേശ് – 104, ശ്രീലങ്ക – 105. ഒരു ലോകകപ്പിൽ അഞ്ച് സെഞ്ചുറികൾ നേടുന്ന ആദ്യ താരമാണ് രോഹിത്.

തുടർച്ചയായ അഞ്ച് അർധസെഞ്ചുറികളുമായി വിരാട് കോഹ്‌ലി

ലോകകപ്പിൽ തുടർച്ചയായ അഞ്ച് മത്സരങ്ങളിൽ 50ൽ അധികം റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമായാണ് കോഹ്‌ലി മാറിയത്. കഴിഞ്ഞ ലോകകപ്പിൽ തുർച്ചയായി അഞ്ച് തവണ അർധസെഞ്ചുറി തികച്ച് മുൻ ഓസിസ് നായകൻ സ്റ്റീവ് സ്മിത്ത് മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ച ഏകതാരം.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ 18 റൺസ് മാത്രം നേടിയ കോഹ്‌ലി രണ്ടാം മത്സരം മുതൽ ഇന്ത്യയുടെ ഓരോ വിജയത്തിലും നിർണായക പങ്കാളിയായത് അർധസെഞ്ചുറി പ്രകടനത്തിലൂടെയാണ്. ഓസ്ട്രേലിയക്കെതിരെ 82 റൺസ് നേടിയ താരം പാക്കിസ്ഥാനെതിരെ 77 റൺസും സ്വന്തമാക്കി.അഫ്ഗാനിസ്ഥാനെതിരെ 67 റൺസും വെസ്റ്റ് ഇൻഡീസിനെതിരെ 72 റൺസുമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ 66 റൺസ് ടീം സ്കോറിൽ കൂട്ടിച്ചേർത്ത ശേഷമാണ് താരം ക്രീസ് വിട്ടത്.

നാല് സെഞ്ചുറി കൂട്ടുകെട്ടുമായി ഒന്നാം വിക്കറ്റ് സഖ്യം

ലോകകപ്പിലെ ഏറ്റവും മികച്ച രണ്ട് ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്ടിക്കാൻ ഇന്ത്യൻ ടീമിന് സാധിച്ചു. രോഹിത് – ധവാൻ, രോഹിത് – രാഹുൽ സഖ്യവും മിന്നും പ്രകടനമാണ് ലോകകപ്പിൽ പുറത്തെടുത്തത്. നാല് തവണ ഇന്ത്യൻ ഓപ്പണിങ് സഖ്യം സെഞ്ചുറി കൂട്ടുകെട്ട് തീർത്തു.

ഓസ്ട്രേലിയക്കെതിരെ രോഹിത്തും ധവാനും ചേർന്ന് 127 റൺസ് കൂട്ടിച്ചേർത്തു. ധവാന്റെ പരിക്കിന് പിന്നാലെ സ്ഥാനക്കയറ്റം ലഭിച്ച രാഹുൽ താളം കണ്ടെത്തിയതോടെ പാക്കിസ്ഥാനെതിരെ 136 റൺസും ബംഗ്ലാദേശിനെതിരെ 180 റൺസും ശ്രീലങ്കക്കെതിരെ 189 റൺസും സ്വന്തമാക്കി.

മുഹമ്മദ് ഷമിയുടെ ഹാട്രിക് പ്രകടനം

അഫ്ഗാനിസ്ഥാനെതിരെ തോൽവിയിലേക്ക് നീങ്ങിയ ഇന്ത്യയെ വിജയവഴിയിൽ തിരിച്ചെത്തിച്ചതിൽ ടീമൊന്നടങ്കം കടപ്പെട്ടിരിക്കുന്നു മുഹമ്മദ് ഷമിയെന്ന പേസറോട്. ഈ ടൂർണമെന്റിലെ ആദ്യ ഹാട്രിക് കൂടിയാണ് ഷമി സ്വന്തമാക്കിയത്. ലോകകപ്പിൽ നാല് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ താരമയും ഷമി മാറി. 1897ൽ ചേതൻ ശർമ്മയാണ് ഇതിന് മുമ്പ് ഇന്ത്യൻ കുപ്പായത്തിൽ ഹാട്രിക് നേടിയ ഏക വ്യക്തി. 22 വർഷങ്ങൾക്കിപ്പുറം ആ പട്ടികയിൽ തന്റെ പേരുകൂടെ എഴുതി ചേർത്തിരിക്കുകയാണ് ഷമി. ആകെ ഒമ്പത് താരങ്ങൾ മാത്രമാണ് ലോകകപ്പിൽ ഹാട്രിക് നേടിയിരിക്കുന്നത്.

ജയപ്രതീക്ഷ നൽകിയ ജഡേജ ഇന്നിങ്സ്

ലോകകപ്പിൽ രണ്ട് മത്സരങ്ങൾ മാത്രം കളിക്കാൻ അവസരം ലഭിച്ച താരമാണ് ജഡേജ. എന്നാൽ ലഭിച്ച രണ്ട് അവസരങ്ങളും മുതലാക്കാൻ താരത്തിനായി. പ്രത്യേകിച്ച് ന്യൂസിലൻഡിനെതിരായ സെമി പോരാട്ടം. പതിയെ തുടങ്ങി ആഞ്ഞ് വീശുന്ന കൊടുങ്കാറ്റായിരുന്നു ജഡേജ. 59 പന്തുകളില്‍ നിന്നും നാല് സിക്‌സും നാല് ഫോറുമടക്കം 77 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്. എട്ടാം നമ്പരിൽ ഇറങ്ങി ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസെടുക്കുന്ന താരമായും ജഡേജ മാറി. പത്ത് ഓവറിൽ 34 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത ജഡേജ മൂന്ന് ക്യാച്ചിലും ഒരു റൺഔട്ടിലും പങ്കാളിയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook